INDIA

ലക്ഷ്യം ലാഭം മാത്രം, റെയിൽവേയ്ക്ക് സ്ലീപ്പറിനേക്കാള്‍ പ്രിയം എസി കോച്ചുകളോട്; സീറ്റുകൾ വർധിപ്പിച്ചത് അഞ്ചിരട്ടിയിലധികം

വെബ് ഡെസ്ക്

സ്ലീപ്പര്‍ സീറ്റുകള്‍ വെട്ടിക്കുറച്ചും എസി സീറ്റുകള്‍ കുത്തനെ കൂട്ടിയും റെയില്‍വെ സാധാരണക്കാരെ പിഴിയുന്നു. 2012നും 2022നുമിടയിൽ റെയിൽവേ എസി തേഡ് ടയർ കമ്പാർട്ട്മെന്റുകളിൽ 163 ശതമാനത്തിന്റെ വർധനയാണ് നടപ്പാക്കിയത്. എന്നാൽ സ്ലീപ്പർ കോച്ചുകൾ വർധിപ്പിച്ചത് കേവലം 32 ശതമാനം മാത്രം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ആകെമൊത്തം സീറ്റുകളുടെ എണ്ണം 42.6 ശതമാനം വർധിപ്പിച്ചെങ്കിലും മുൻ‌തൂക്കം നൽകിയത് എസി കമ്പാർട്ട്മെന്റുകൾക്കായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്യാനാകുമെന്നതാണ് ട്രെയിന്‍ യാത്രകളുടെ പ്രത്യേകത. സൗകര്യം വര്‍ധിപ്പിക്കുക എന്ന പേരില്‍ ലാഭം മാത്രം വച്ച് റെയില്‍വെ ക്രമീകരണങ്ങള്‍ നടപ്പാക്കുമ്പോള്‍ സാധാരണക്കാരന്റെ ആശ്രയമായ സ്ലീപ്പര്‍ ടിക്കറ്റുകള്‍ കിട്ടാക്കനിയാകുന്നു.

സ്ലീപ്പർ കോച്ചുകൾ വർധിപ്പിക്കാതെ റെയിൽവേ എസി കമ്പാർട്മെന്റുകളുടെ എണ്ണം കൂട്ടുന്നതായി അടുത്ത കാലത്ത് ആക്ഷേപം ഉയർന്നിരുന്നു

സ്ലീപ്പർ കോച്ചുകൾ വർധിപ്പിക്കാതെ റെയിൽവേ എസി കമ്പാർട്മെന്റുകളുടെ എണ്ണം കൂട്ടുന്നതായി അടുത്ത കാലത്ത് ആക്ഷേപം ഉയർന്നിരുന്നു. അതിന് അടിവരയിടുന്നതാണ് ദ പ്രിന്റ് പുറത്തുവിട്ട കണക്കുകൾ. എ സി തേഡ് ടയർ സീറ്റുകൾ 2012 മാർച്ചിൽ 2.7 ലക്ഷമായിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും ഏകദേശം 7.2 ലക്ഷമായി വർധിച്ചു. സമാനമായി സെക്കന്റ് ടയർ എസിയിലെ സീറ്റുകളുടെ എണ്ണം 89,000 ത്തില്‍നിന്നും 1.6 ലക്ഷമായി കൂട്ടി. ഇതേ കാലയളവിൽ എസി ഫസ്റ്റ് ക്ലാസ് കോച്ചുകളിലും 8630 സീറ്റുകളുടെ വർധനയുണ്ടായി.

1.5 ശതമാനത്തിൽ നിന്നിരുന്ന എ സി തേഡ് ടയർ യാത്രികർ പത്ത് വർഷത്തിനിടെ 7.6 ശതമാനമായി ഉയർന്നിട്ടുണ്ട്

അതേസമയം, നോൺ എസി കമ്പാർട്മെന്റുകളിലെ സീറ്റുകളുടെ എണ്ണത്തിൽ ഇത്തരമൊരു വർധനവ് പ്രകടമല്ല. 2022ലെ കണക്കുകൾ പ്രകാരം, ആകെ 14 ലക്ഷം സീറ്റുകളാണ് നോൺ എസി കമ്പാർട്മെന്റുകളിൽ ഉള്ളത്. പത്ത് വർഷങ്ങൾക്ക് മുൻപ് ഏകദേശം 10.59 സീറ്റുകൾ ഉണ്ടായിട്ടും കേവലം 32 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കാൻ മാത്രമാണ് റെയിൽവേ തയാറായത്. ഇതിന് സമാനമാണ് സെക്കന്റ് ക്‌ളാസ് സീറ്റുകളുടെ എണ്ണത്തിലുള്ള വർധനയും.

2012-ൽ, സബർബൻ ഇതര ട്രെയിനുകളിലെ മൊത്തം യാത്രക്കാരുടെ 88 ശതമാനവും സെക്കൻഡ് ക്ലാസ് യാത്രക്കാർ ആയിരുന്നു, ഇത് 2022-ഓടെ ആയപ്പോഴേക്കും 66 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, 1.5 ശതമാനത്തിൽ നിന്നിരുന്ന എ സി തേഡ് ടയർ യാത്രികർ പത്ത് വർഷത്തിനിടെ 7.6 ശതമാനമായി ഉയർന്നിട്ടുണ്ട്.

ഇന്ത്യൻ റെയിൽവെയെ സംബന്ധിച്ചിടത്തോളം നോൺ എസി കോച്ചുകളെക്കാൾ ലാഭകരം എ സി കമ്പാർട്മെന്റുകളാണ്. റെയിൽവെയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും എസി തേഡ് ക്ലാസിലൂടെയാണ് ലഭിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022-ൽ, പാസഞ്ചർ ട്രെയിൻ സർവീസിലൂടെ 37,855.42 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. അതിൽ 12,225 കോടിയും എ സി തേഡ് ക്ലാസിൽനിന്നാണ്. ഇതുതന്നെയാണ് കൂടുതൽ സീറ്റുകൾ എസിയിൽ അനുവദിക്കാൻ റെയിൽവെയെ പ്രേരിപ്പിക്കുന്ന ഘടകം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും