ഒരു ദിവസം മുഴുവൻ ഒന്നും കഴിക്കാനില്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ആറ് മുതൽ 23 മാസം വരെ പ്രായമുള്ള 67 ലക്ഷം കുട്ടികൾ ഇന്ത്യയിലുണ്ടെന്ന് പഠനം. ഇക്കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ജമാ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഹാർവാർഡ് പഠനത്തിലാണ് ഇന്ത്യയിൽ സീറോ ഫുഡ് കുട്ടികളുടെ എണ്ണം 19.3 ശതമാനമാണെന്ന് കണ്ടെത്തിയത്.
ഗിനിയ, മാലി രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഉത്തർപ്രദേശിലാണ് കടുത്ത ഭക്ഷണദൗർലഭ്യ പ്രശ്നം ഏറ്റവും രൂക്ഷമായിട്ടുള്ളത്. പ്രസിദ്ധമായ ദ ലാൻസെറ്റിൽ 2023ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ യുപിയിലെ 28.4 ശതമാനം കുട്ടികൾ സീറോ ഫുഡ് പ്രശ്നം നേരിടുന്നതായി പറയുന്നുണ്ട്. "ഉത്തർപ്രദേശ് (28.4%), ബിഹാർ (14.2%), മഹാരാഷ്ട്ര (7.1%), രാജസ്ഥാൻ (6.5%), മധ്യപ്രദേശ് (6%) എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം സീറോ ഫുഡ് കുട്ടികളുടെ മൂന്നിൽ രണ്ട് ഭാഗവുമുള്ളത്.
ആറുമാസം പ്രായമായ ശേഷം കുഞ്ഞിന് ആവശ്യമായ പോഷകാഹാരം നൽകാൻ മുലയൂട്ടൽ കൊണ്ട് മാത്രം സാധിക്കില്ല. മുലപ്പാലിനൊപ്പം ഖര അല്ലെങ്കിൽ അർദ്ധ ഖര ഭക്ഷണങ്ങൾ നൽകുന്നത് കുട്ടികളുടെ വളർച്ചയിലും വികാസത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ) അനുസരിച്ച്, ഒമ്പത് മുതൽ 11 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് മുലപ്പാൽ ഒഴികെയുള്ള ഭക്ഷണങ്ങൾ വഴി ആവശ്യമായ മുഴുവൻ കലോറിയുടെ പകുതിയെങ്കിലും മറ്റ് ഭക്ഷണങ്ങൾ വഴി വേണം നൽകാൻ.
"സീറോ ഫുഡ് കുട്ടികളുടെ" വ്യാപനം രാജ്യത്ത് 19.3 ശതമാനത്തോളം ഉയർന്നതാണെന്ന് അവകാശപ്പെടുന്ന, പിയർ-റിവ്യൂഡ് ജേണലായ ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഹാർവാർഡ് പഠനത്തിൻ്റെ കണ്ടെത്തലുകൾ നിഷേധിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു.
'വ്യാജ വാർത്തകളെ സെൻസേഷണലൈസ് ചെയ്യാനുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ ശ്രമമാണ് ലേഖനത്തിലൂടെ നടത്തുന്നത് എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. പഠനത്തിൽ പരാമർശിക്കുന്ന 19.3 ശതമാനം കുട്ടികളിൽ 17.8 ശതമാനം പേർക്കും മുലപ്പാൽ ലഭിച്ചിരുന്നുവെങ്കിലും ലേഖനത്തിൽ അതിന്റെ സാന്നിധ്യം ഒഴിവാക്കിയതായി വനിതാ ശിശു വികസന മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.