സീതാറാം യെച്ചൂരി എന്ന നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മരണശേഷം അദ്ദേഹത്തെ ഓർമിച്ചുകൊണ്ട് സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽനിന്നുള്ളവരുടെ കുറിപ്പുകൾ. സിപിഎം എന്ന രാഷ്ട്രീയ പാർട്ടിക്കപ്പുറം പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത നേടാനും സോഷ്യലിസം എന്ന ആശയം ആളുകളിലേക്കെത്തിക്കാനും യെച്ചൂരിക്ക് സാധിച്ചു വെന്നതാണ് ഏഴു പതിറ്റാണ്ട് നീണ്ട ജീവിതത്തിലൂടെ അദ്ദേഹം കൈവരിച്ച ഏറ്റവും വലിയ നേട്ടം.
സാമ്പത്തികശാസ്ത്രം പഠിച്ച യെച്ചൂരിക്ക് നിരവധി വിഷയങ്ങൾ ഒതുക്കത്തോടെ കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നുവെന്നതും വ്യത്യസ്ത ഭാഷകൾ മാതൃഭാഷപോലെ സംസാരിക്കാൻ സാധിച്ചിരുന്നുവെന്നതും ഈ നേട്ടം കൈവരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. അടിയന്തരാവസ്ഥയെ അതിജീവിച്ച വിദ്യാർഥി നേതാവ് എന്ന സവിശേഷത പിന്നീടങ്ങോട്ട് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കാനും ശക്തമായ സ്വാധീനം ആളുകളിൽ ഉണ്ടാക്കാനും യെച്ചൂരിക്ക് മുതൽക്കൂട്ടായി.
തലമുറകൾക്കിപ്പുറം കണ്ടുമുട്ടി ജസ്റ്റിസ് ചെലമേശ്വറും യെച്ചൂരിയും
സ്വന്തം പാർട്ടി നേതാക്കൾക്കപ്പുറം മുൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വറിന്റെയും ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവിന്റേതുൾപ്പെടെയുള്ളവരുടെ കുറിപ്പുകൾ ഇത് സൂചിപ്പിക്കുന്നു. തലമുറകൾക്കു മുൻപ് തന്നെ തന്റെ കുടുംബവും യെച്ചൂരിയുടെ കുടുംബവും പരസ്പരം ബന്ധമുള്ളവരായിരുന്നുവെന്ന് പറഞ്ഞാണ് ചെലമേശ്വറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. തന്റെ മുത്തച്ഛനും യെച്ചൂരിയുടെ മുത്തച്ഛനായ ഭിംശങ്കരനും തമ്മിൽ ശക്തമായ ബന്ധമായിരുന്നുവെന്നും 1920കളിൽ അത്തരമൊരു ബന്ധം തങ്ങളുടെ കുടുംബങ്ങൾ തമ്മിലുണ്ടായിരുന്നെങ്കിലും താനും യെച്ചൂരിയും പരസ്പരം കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും ഏറെ വൈകിയാണെന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ അഭിഭാഷകകാലം ആരംഭിക്കുന്ന സമയത്ത് തന്റെ സീനിയർ വക്കീലിന്റെ മകനും യെച്ചൂരിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് തങ്ങൾ പരസ്പരം കണ്ടുമുട്ടുന്നതെന്നാണ് റിട്ട. ജസ്റ്റിസ് ചെലമേശ്വർ പറയുന്നത്. പിന്നീട് തങ്ങൾ ഇടയ്ക്കിടെ ഡൽഹിയിൽ വച്ച് കാണുന്ന സുഹൃത്തുക്കളായി. അദ്ദേഹത്തിന്റെ ഭാര്യ സീമ ചിഷ്തിയുമായും തനിക്ക് പരിചയമുണ്ടെന്നും ചെലമേശ്വർ പറയുന്നു. രാഷ്ട്രീയത്തിൽ കാര്യമായി ഇടപെട്ടില്ലായിരുന്നെങ്കിലും യെച്ചൂരി തന്നെ അടുത്ത സുഹൃത്തായി കാണുകയും ഒരുപാട് സംസാരിക്കുകയും ചെയ്യാറുണ്ടെന്നാണ് ചെലമേശ്വർ പറയുന്നത്.
ഡൽഹിയിൽ വച്ച് പലരെയും കാണുന്ന കൂട്ടത്തിൽ യെച്ചൂരിയെ കാണാറുണ്ടായിരുന്നെങ്കിലും ഏറ്റവുമധികം തവണ തങ്ങൾ കണ്ടത് ജഡ്ജി സ്ഥാനത്തുനിന്നും വിരമിച്ചശേഷമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് പലതവണ തങ്ങൾ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചെല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനിടയിൽ ശ്രമം നടത്തിയപ്പോൾ അദ്ദേഹം പ്രചാരണത്തിരക്കിലായിരുന്നെന്നും അദ്ദേഹം പറയുന്നു.
നടക്കാതെപോയ ആ കൂടിക്കാഴ്ച
തിരഞ്ഞെടുപ്പ് കാലത്ത് നടക്കാതെപോയ കൂടിക്കാഴ്ചയല്ലാതെ രാഷ്ട്രീയ കാരണങ്ങളാൽ മുടങ്ങിപ്പോയ മറ്റൊരു കൂടിക്കാഴ്ചകൂടിയുണ്ട് ജസ്റ്റിസ് ചെലമേശ്വറിനും സീതാറാം യെച്ചൂരിക്കുമിടയിൽ. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് ജസ്റ്റിസ് ജെ ചെലമേശ്വറുൾപ്പെടെയുള്ളവർ നടത്തിയ വാർത്താ സമ്മേളനം വിവാദമായിരുന്നു. 2018 ജനുവരി 12നായിരുന്നു ആ വാർത്താ സമ്മേളനം. അന്ന് വൈകുന്നേരം ചെലമേശ്വറിന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരാമെന്നു ഉറപ്പുനൽകിയതായിരുന്നു യെച്ചൂരി. എന്നാൽ ഈ സംഭവത്തിനുശേഷം പ്രതീക്ഷിക്കാതെ സിപിഐ നേതാവ് ഡി രാജ ചേലമേശ്വറിനെ കാണാൻ വരികയും അത് രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു. സർക്കാരിനെതിരെ നടന്ന നീക്കമായിരുന്നു ആ വാർത്താ സമ്മേളനം എന്ന വിമർശനം ഡി രാജയുടെ കൂടിക്കാഴ്ചയോടെ ഉയർന്നു. താൻ കൂടി വീട്ടിലേക്ക് വന്നാൽ മറ്റൊരു രാഷ്ട്രീയ ആരോപണത്തിന് കാരണമാകുമെന്ന് മനസിലാക്കി താൻ വരുന്നില്ലെന്ന് യെച്ചൂരി ചെലമേശ്വറിനെ അറിയിക്കുകയായിരുന്നു.
വിശ്വാസ്യതയാണ് യെച്ചൂരിയുടെ കൈമുതൽ: വെങ്കയ്യ നായിഡു
തന്റെ സമകാലികനും സുഹൃത്തുമായ യെച്ചൂരിയെ ഓർമിച്ചെടുക്കുകയാണ് മുൻ ഉപരാഷ്ട്രപതിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. രണ്ടുപേരും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരായതിനാൽ തങ്ങൾക്കിടയിൽ സംസാരിക്കാൻ ഏറെ കാര്യങ്ങളുണ്ടായിരുന്നു എന്നും ഏകദേശം ഒരേ സമയത്ത് രാഷ്ട്രീയജീവിതം തുടങ്ങിയെന്നതും തങ്ങളെ പരസ്പരം അടുപ്പിക്കുന്നുവെന്നും വെങ്കയ്യ നായിഡു പറയുന്നു.
തന്റെ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന കമ്യൂണിസ്റ്റാണ് യെച്ചൂരിയെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യസഭയിൽ താൻ അംഗമായിരുന്ന സമയത്തും ചെയർമാനായിരുന്ന സമയത്തും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെ കൗതുകത്തോടെ കേട്ടിരുന്നുവെന്നും കൃത്യമായ വിവരങ്ങൾ മാത്രം അവതരിപ്പിക്കുകയെന്നത് സീതാറാം യെച്ചൂരിയെന്ന പാർലമെന്റേറിയന് ഏറെ നിർബന്ധമുള്ള കാര്യമാണെന്നും പഠിച്ച് മാത്രം ചർച്ചയിൽ പങ്കെടുക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും വെങ്കയ്യ നായിഡു പറയുന്നു.
12 വർഷമാണ് യെച്ചൂരി രാജ്യസഭയിലുണ്ടായിരുന്നത്. ആ സമയത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങളെല്ലാം മറ്റംഗങ്ങൾക്ക് ഏറെ ആവേശം നൽകിയിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലെ കൂർമതയും കൃത്യതയും മേമ്പൊടിക്ക് ചേർക്കുന്ന ഹാസ്യവും ആളുകളെ ആവേശം കൊള്ളിക്കുമെന്നും അദ്ദേഹം പറയുന്നു. ആ പ്രസംഗങ്ങൾക്കെല്ലാം പുറകിലുള്ളത് ശക്തമായ ഗവേഷണമാണെന്നും അദ്ദേഹം കൂട്ടിച്ചുച്ചേർക്കുന്നു. അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ്, സീതാറാം യെച്ചൂരി ഇവരെല്ലാം ഒരേസമയം ആവേശം കൊള്ളിക്കുകയും അതേസമയം കൃത്യമായ ഗവേഷണം നടത്തിയും പ്രസംഗിക്കുന്നവരാണെന്നാണ് നായിഡുവിന്റെ അഭിപ്രായം.
"ഒരിക്കലും തകർക്കാനാകാത്ത വിശ്വാസ്യതയാണ് യെച്ചൂരിയുടെ കൈമുതൽ. അവസരവാദത്തിന്റെയും മാറിക്കൊണ്ടേയിരിക്കുന്ന വിധേയത്വത്തിന്റെയും കാലത്ത് ഉറച്ച രാഷ്ട്രീയ നിലപാടിന്റെ പേരായിരുന്നു യെച്ചൂരി," വെങ്കയ്യ നായിഡു പറയുന്നു.
മറ്റു കമ്യൂണിസ്റ്റുകാർക്കില്ലാത്ത നയതന്ത്രജ്ഞത
ഒരു പാർട്ടിയിലേക്ക് രാജ്യം ചുരുക്കാനുള്ള ശ്രമം നടക്കുന്ന കാലത്താണ് സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കളുടെ പ്രാധാന്യമെന്നാണ് ജവാഹർലാൽ നെഹ്‌റു സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ പ്രൊഫസറായ സിപി ചന്ദ്രശേഖർ പറയുന്നത്. ഏകാധിപത്യത്തിലേക്ക് ഭരണസംവിധാനങ്ങൾ മാറുന്ന കാലത്ത് സമാനചിന്താഗതിയുള്ള ആളുകളെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം ഒരുമിച്ച് നിർത്താനും ഒരു മിനിമം പൊതുപരിപാടി അംഗീകരിപ്പിക്കാനുമുള്ള സമർഥ്യമുള്ള നേതാവാണ് സീതാറാം യെച്ചൂരിയെന്ന് സിപി ചന്ദ്രശേഖർ പറയുന്നു.
ഇത്തരം സാഹചര്യങ്ങളിൽ സാധാരണ കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തിരുന്ന വ്യക്തികൾ കാണിക്കാതിരുന്ന ഒരു നയതന്ത്രജ്ഞതയും വഴക്കവും സീതാറാം യെച്ചുരി കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജെഎൻയുവിലെ പഠനകാലയളവിൽ തന്റെ ധൈഷണികതയ്‌ക്കൊപ്പം നർമവും കൊണ്ടുനടന്ന അപൂർവ വ്യകതിത്വമായിരുന്നു സീതാറാം യെച്ചൂരിയെന്നും സിപി ചന്ദ്രശേഖരൻ പറയുന്നു.
ഇങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽനിന്നുള്ള മനുഷ്യർക്ക് അവരവരുടേതായ രീതിയിൽ സീതാറാം യെച്ചൂരിയെക്കുറിച്ച് സംസാരിക്കാനുണ്ടായിരുന്നു. ഇടതുപക്ഷ സംഘടനകൾക്കപ്പുറം സോഷ്യലിസമാണ് ഇന്ത്യയുടെ ഭാവിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ യെച്ചൂരിയിലെ കമ്യൂണിസ്റ്റുകാരാന് സാധിച്ചുവെന്നാണ് ഇതിൽനിന്നു മനസിലാക്കേണ്ടത്.