കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 10,158 പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 44,998 ആയി. കഴിഞ്ഞദിവസത്തേക്കാൾ 2328 കേസുകളാണ് വർധിച്ചത്. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കായ 7,830 കേസുകളായിരുന്നു കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് ശരാശരി 5,555 കേസുകളാണ് കഴിഞ്ഞ ആഴ്‌ചയിൽ റിപ്പോർട്ട് ചെയ്തത്. അടുത്ത 10-12 ദിവസത്തേക്ക് കേസുകൾ വർദ്ധിക്കുമെന്നും ശേഷം കുറയുമെമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കേസിൽ വർധനവുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ എണ്ണം കുറവാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഗുരുതരമായ അസുഖങ്ങളുള്ള ആളുകൾക്കിടയിലാണ് രോഗം മൂലം മരണങ്ങൾ ഉണ്ടാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡിന് തുടര്‍ച്ചയായി വകഭേദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ മുന്‍കരുതലുകളെടുക്കേണ്ടതും അനിവാര്യമാണ്. രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും പരിശോധന നടത്തണം. മാസ്‌കും സാനിറ്റൈസറും സ്ഥിരമായി ഉപയോഗിക്കണം.
കോവിഷീൽഡ് വാക്‌സിൻ നിർമാണം പുനഃരാരംഭിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനെവാല അറിയിച്ചിരുന്നു. കോവോവാക്‌സ് വാക്‌സിന്റെ ആറ് ദശലക്ഷം ബൂസ്റ്റർ ഡോസുകൾ ലഭ്യമാണെന്നും പ്രായമുള്ളവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.