രാജ്യത്ത് ഇന്‍ഫ്‌ളുവന്‍സ വൈറസ് ഉപവിഭാഗമായ എച്ച്3 എൻ2 ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലും കർണാടകയിലുമായി രണ്ട് മരണമാണ് വൈറസ് ബാധയെ തുടര്‍ന്നുണ്ടായത്. കര്‍ണാടകയിലെ ഹസൻ ജില്ലയിൽ മരിച്ച 82 കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 24നാണ് ഇയാളെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്നിനാണ് മരണം സംഭവിച്ചത്. തുടന്ന് നടത്തിയ ശരീര സ്രവ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. പ്രമേഹവും രക്ത സമ്മർദവും ഉയര്‍ന്നതിനെ തുടർന്നായിരുന്നു രോഗി ചികിത്സ തേടിയത്. മറ്റൊരു മരണം ഹരിയാനയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
രാജ്യത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്‍ഫ്‌ളുവന്‍സ എ ഉപവിഭാഗം എച്ച്3 എൻ2 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡിന് സമാനമായ രീതിയിലാണ് ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെയും വ്യാപനമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ചുമ, പനി, മൂക്കടപ്പ് , തലവേദന, ശരീര വേദന, ക്ഷീണം, തൊണ്ട വരളുക എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. ചിലരില്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒരാഴ്ചയോ അതിലധികം ദിവസമോ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലപ്പോള്‍ രോഗി സുഖം പ്രാപിച്ച ശേഷവും രോഗലക്ഷണങ്ങള്‍ വളരെക്കാലം നീണ്ടുനില്‍ക്കുമെന്നും ഡോക്ടർമാര്‍ അഭിപ്രായപ്പെടുന്നു. അതിനാൽ മുൻകരുതലായി മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ് ആരോഗ്യ വിദഗ്‌ധർ നൽകുന്ന നിർദേശം. പനി, ചുമ, തൊണ്ട വേദന, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക.
പനിയെ പ്രതിരോധിക്കുന്നതിനായി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കരുതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ഇത് ശരീരത്തെ വിപരീതമായി ബാധിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും, കുട്ടികളിൽ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരെ സ്കൂളിലേക്ക് അയയ്ക്കരുത്. മറ്റ് കുട്ടികളിലേക്ക് അണുബാധ പടരാതിരിക്കാനാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കുന്നത്.