രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3095 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ കോവിഡ് കേസുകളിലും കാര്യമായ വർധനയുണ്ട്.
രാജ്യത്ത് ആകെ ആക്ടീവ് കേസുകളുടെ എണ്ണം 15,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,390 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.78 ശതമാനമാണ്. കേരളം, ഡൽഹി, ഹിമാചൽ, ഹരിയാന എന്നിവിടങ്ങളിൽ കേസുകൾ കുത്തനെ കൂടുന്നുണ്ട്. ഒപ്പം മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ഉയർന്ന നിരക്കില്‍ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആശുപത്രികളിലുള്ള കേസുകൾ കുറവാണെങ്കിലും കടുത്ത ജാഗ്രത ഈ സാഹചര്യത്തിൽ പാലിക്കണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ഈ ആഴ്ച ഇതുവരെ 17 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാര്‍ച്ച് ഒന്ന് മുതല്‍ കോവിഡ് കേസുകള്‍ രാജ്യത്ത് പ്രതിദിനം ഉയര്‍ന്നുവരികയാണ്. നാല് മാസത്തിന് ശേഷമാണ് വലിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എച്ച്3എന്‍2 ഇന്‍ഫ്‌ളൂവന്‍സയ്ക്ക് പിന്നാലെ കോവിഡും വ്യാപിക്കുന്നത് രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ആശങ്കയാകുകയാണ്. രാജ്യത്തെ പ്രതിദിന കോവിഡിന്റെ ഏഴ് ദിവസത്തെ ശരാശരി കഴിഞ്ഞ ദിവസങ്ങളിൽ ഇരട്ടിയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയിൽ 3016 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ കോവിഡ് കേസുകൾ 765 ആയിരുന്നു. ഒമിക്രോൺ വകഭേദമാണ് വ്യാപിക്കുന്നതെന്നും ഒരു മാസത്തിനിടെ 20 കോവിഡ് മരണം സംഭവിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നൽകിയിരുന്നു. പ്രായമായവരും ഗർഭിണികളും കടുത്ത ജാഗ്രത പാലിക്കണമെന്നും കേന്ദ്ര -സംസ്ഥാന സർക്കാരുകള്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രാജ്യത്ത് ഉയർന്ന കോവിഡ് നിരക്ക് ആയി 2000 രേഖപ്പെടുത്തിയത്. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഏപ്രില്‍ 10,11 തീയതികളിൽ മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.