കോവിഡ് കാലത്ത് രാജ്യവ്യാപകമായി നടത്തിയ വാക്‌സിനേഷൻ ക്യാമ്പയിനുകളിലൂടെ മൂന്നര ദശലക്ഷത്തിലധികം ജീവൻ രക്ഷിക്കാൻ ഇന്ത്യയ്ക്കായെന്ന് സ്റ്റാൻഡ്‌ഫോർഡ് സർവകലാശാലയുടെ റിപ്പോർട്ട്. വാക്‌സിനേഷൻ ക്യാമ്പയ്നുകളിലൂടെ 18.3 ബില്യൺ യു എസ് ഡോളറിന്റെ നഷ്ടം ഇല്ലാതാക്കാൻ ഇന്ത്യയ്ക്കായെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റാൻഫോർഡ് സർവകലാശാലയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസും ചേർന്ന് തയ്യാറാക്കിയ 'ഹീലിങ് ദി ഇക്കണോമി: എസ്റ്റിമാറ്റിംഗ് ദി ഇക്കോണമി ഇമ്പാക്ട് ഓൺ ഇന്ത്യാസ് വാക്‌സിനേഷൻ ആൻഡ് റിലേറ്റഡ് ഇഷ്യൂസ് 'എന്ന പ്രബന്ധം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുറത്തിറക്കിയത്.
കോവിഡ് കാലത്ത് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, ദുരിതാശ്വാസ പാക്കേജ്, വാക്സിൻ ക്യാമ്പയിനുകൾ എന്നിവയെക്കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. കൃത്യ സമയത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ 2020 ഏപ്രിൽ 11നകം മരണസംഖ്യ രണ്ട് ലക്ഷത്തിൽ എത്തുമായിരുന്നു എന്ന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനത്തെയും പ്രബന്ധം പരാമർശിച്ചു. ലോക്ഡൗൺ ഏർപ്പെടുത്തിയത് മൂലം രണ്ട് ദശലക്ഷം മരണങ്ങൾ ഒഴിവാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. സാമ്പത്തിക സർവേ (2020-21) അനുസരിച്ച് മാർച്ച്-ഏപ്രിൽ മാസത്തെ ലോക്ഡൗൺ മാത്രം കാരണം 100,000 ജീവനുകൾ രക്ഷിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഒപ്പം ആദ്യത്തെ 100 കേസുകളിൽ നിന്ന് കോവിഡ് 19 ന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്താൻ ഇന്ത്യ എടുത്തത് 175 ദിവസങ്ങളാണ്. മിക്ക രാജ്യങ്ങളും (റഷ്യ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി മുതലായവ) 50 ദിവസങ്ങളിൽ തന്നെ അതിന്റെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കിൽ എത്തിയിട്ടുണ്ട്.
ആദ്യത്തെ 100 കേസുകളിൽ നിന്ന് കോവിഡ് 19 ന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്താൻ ഇന്ത്യ എടുത്തത് 175 ദിവസങ്ങളാണ്
കൂടാതെ, കോൺടാക്റ്റ് ട്രെയ്സിംഗ്, മാസ് ടെസ്റ്റിംഗ്, ഹോം ക്വാറന്റൈൻ, അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കൽ, കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ ഉള്ള നിരന്തരമായ ഏകോപനം തുടങ്ങിയ അടിത്തട്ടിലെ ശക്തമായ നടപടികൾ വൈറസ് വ്യാപനം തടയാൻ മാത്രമല്ല, ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കാനും സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രബന്ധത്തോടനുബന്ധിച്ച് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ്സും യുഎസ്-ഏഷ്യ ടെക്നോളജി മാനേജ്മെന്റ് സെന്ററും ചേർന്ന് സംഘടിപ്പിച്ച 'ദി ഇന്ത്യ ഡയലോഗ്' എന്ന സെഷനിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഓൺലൈൻ ആയി പങ്കെടുക്കുകയും ചെയ്തു.