INDIA

പലസ്തീന് ഇന്ത്യയുടെ കൈത്താങ്ങ്; ജീവന്‍രക്ഷാ മരുന്നുകളടക്കമുള്ള സഹായവുമായി വിമാനം പുറപ്പെട്ടു

വെബ് ഡെസ്ക്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തകര്‍ന്ന പലസ്തീന് സഹായവുമായി ഇന്ത്യ. മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളടങ്ങിയ വ്യോമസേനാ വിമാനം ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഗാസയിലേക്ക് അയച്ചു. സഹായം ഈജിപ്ത് അതിര്‍ത്തി വഴി ഗാസയില്‍ എത്തിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. 6.5 ടണ്‍ വൈദ്യ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാധന സാമഗ്രികളുമാണ് വിമാനത്തിലുള്ളത്.

വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ആവശ്യമുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയക്കാവശ്യമുള്ള വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ശുചീകരണത്തിന് ആവശ്യമായ വസ്തുക്കള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയ വസ്തുക്കളാണ് ഇന്ത്യ ഗാസയിലേക്ക് അയച്ചിരിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഐഎഎഫ് സി-17 വിമാനത്തില്‍ ഈജിപ്തിലെ അല്‍ എരിഷ് വിമാനത്താവളം വഴിയാണ് ഇന്ത്യ സഹായം എത്തിക്കുന്നത്.

കഴിഞ്ഞ ദിവസം റാഫ അതിര്‍ത്തി തുറന്നതോടെ റെഡ് ക്രോസിന്റെ സഹായം അടങ്ങിയ 20 ട്രക്ക് ഗാസയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. സഹായം കടത്തിവിട്ടെങ്കിലും ആശുപത്രികളുടെയും ശുദ്ധജല പ്ലാന്റുകളുടെയും പ്രവര്‍ത്തനത്തിന് അത്യാവശ്യമായ ഇന്ധനം വിതരണം ചെയ്യാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല. കുടിവെള്ളമില്ലാതെ വലയുന്ന ഗാസയിലേക്ക് 40,000 ലിറ്റര്‍ വെള്ളം മാത്രമാണ് കഴിഞ്ഞ ദിവസം എത്തിച്ചത്. ഇത് 'സമുദ്രത്തിലെ ഒരു തുള്ളി' പോലെയാണെന്നായിരുന്നു യുനിസെഫ് വിശേഷിപ്പിച്ചത്.

അടിയന്തര ആവശ്യത്തിനായി ഗാസയിലേക്ക് പ്രതിദിനം 100 ട്രക്ക് സാധനങ്ങളെങ്കിലും ആവശ്യമുണ്ടെന്ന് ഐക്യ രാഷ്ട്രസഭ ഉദ്യോഗസ്ഥരും അറിയിച്ചു. അതേസമയം റഫാ അതിര്‍ത്തിവഴി ഗാസയിലേക്ക് സഹായമെത്തിച്ചതിന് പിന്നാലെ ഇസ്രയേല്‍ വീണ്ടും ആക്രമണം കടുപ്പിച്ചു. ഇന്ന് പുലര്‍ച്ചെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനുസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും അതിന് വിപരീതമായിട്ടാണ് ഇസ്രയേല്‍ തെക്കന്‍ ഗാസയില്‍ അക്രമം നടത്തിയിരിക്കുന്നത്. സുരക്ഷിതമായിരിക്കാന്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് ഇസ്രയേലി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ പിന്നിടവെയായിരുന്നു ആക്രമണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും