ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വീണ്ടും പിന്നോട്ട്. 2023 ലെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161ലെത്തി. ആഗോള മാധ്യമ നിരീക്ഷകരായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് (ആര്‍എസ്എഫ്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം 2022 ൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 റാങ്ക് താഴേക്ക് പോയി. അഫ്‌ഗാനിസ്ഥാനും പാകിസ്താനും പിന്നിലാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.
നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ആദ്യ മൂന്ന് സ്ഥാനം നിലനിർത്തിയപ്പോൾ, വിയറ്റ്നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ അവസാന മൂന്ന് സ്ഥാനങ്ങളിൽ തുടരുകയാണ്
കഴിഞ്ഞ വർഷം 157-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തി 150-ാം സ്ഥാനത്തേക്ക് ഉയർന്നു. 152-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍, 135ാം സ്ഥാനത്ത് ശ്രീലങ്കയും, ഭൂട്ടാന്‍ 90-ാം സ്ഥാനത്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ആദ്യ മൂന്ന് സ്ഥാനം നിലനിർത്തിയപ്പോൾ, വിയറ്റ്നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് അവസാന മൂന്ന് സ്ഥാനങ്ങളിൽ.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര എൻജിഒ ആയ ആർഎസ്എഫ് ആണ് എല്ലാ വർഷവും ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്. ലോകത്തെ 180 രാജ്യങ്ങളിൽ മാധ്യമങ്ങൾക്കുള്ള സ്ഥാനവും സ്വാതന്ത്ര്യവും താരതമ്യം ചെയ്യുകയാണ് സൂചികയുടെ പ്രധാന ലക്ഷ്യം.
രാഷ്ട്രീയവും സാമ്പത്തികവും നിയമപരവും സാമൂഹികവുമായ ഇടപെടലുകളിൽ നിന്നും ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യം എന്നിവ വിലയിരുത്തിയാണ് ആർഎസ്എഫ് മാധ്യമസ്വാതന്ത്ര്യത്തെ നിർവചിക്കുന്നത്. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഇതിന്റെ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ തുറന്നുകാട്ടുന്നത് കൂടിയാണ് മാധ്യമ സൂചികയിലെ റിപ്പോർട്ട്.