INDIA

'സൈനിക ഡ്രോൺ നിർമാണത്തിൽ ചൈനീസ് ഉപകരണങ്ങൾ പാടില്ല'; വിലക്കേർപ്പെടുത്തി ഇന്ത്യ

വെബ് ഡെസ്ക്

തദ്ദേശീയമായി നിർമിക്കുന്ന സൈനിക ഡ്രോണുകളിൽ ചൈനയിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. സൈനിക രഹസ്യങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, രേഖകൾ എന്നിവ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്.

ഡ്രോണുകൾ, ലോങ് എൻഡ്യൂറൻസ് സിസ്റ്റങ്ങൾ എന്നിവയെ കൂടുതലായി ആശ്രയിച്ചുകൊണ്ടുള്ള സൈനിക നവീകരണ പ്രവർത്തനങ്ങൾ ഇന്ത്യ നടത്തിവരികയാണ്. അതിന്റെ ഭാഗമായുള്ള കരാറുകളുടെ ഭൂരിഭാഗവും പ്രതിരോധ മേഖലയിലെ തദ്ദേശീയ സ്ഥാപനങ്ങൾക്കാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് ഡ്രോണുകളുടെ ആശയവിനിമയ പ്രവർത്തനങ്ങൾ, ക്യാമറകൾ, റേഡിയോ ട്രാൻസ്മിഷൻ, ഓപ്പറേറ്റിങ് സോഫ്‌റ്റ്‌വെയർ എന്നിവയിലെ ചൈനീസ് നിർമ്മിത ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഉണ്ടാകുന്നത്.

ഫെബ്രുവരിയിലും മാർച്ചിലും നടത്തിയ ഡ്രോണുകളുടെ ടെണ്ടർ നടപടികളിൽ, "ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉപകരണങ്ങളോ ഉപഘടകങ്ങളോ സുരക്ഷാ കാരണങ്ങളാൽ സ്വീകാര്യമല്ല" - എന്ന് സൈനിക മേധാവികൾ കരാറുകാർക്ക് നിർദേശം കൊടുത്തിരുന്നു. അത്തരം ഉപസംവിധാനങ്ങൾക്ക് നിർണായകമായ സൈനിക വിവരങ്ങൾ അപഹരിക്കാൻ മറ്റ് രാജ്യങ്ങളെ പ്രാപ്തമാക്കുമെന്നും വ്യക്തമാക്കി. 'കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ' എന്ന പ്രയോഗം ചൈനയെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദപ്രയോഗമാണെന്ന് റോയിട്ടേഴ്സ് എടുത്തുപറയുന്നു.

സമീപവർഷങ്ങളിൽ വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ ഇന്ത്യയുടെ ഡ്രോൺ ശേഷി വർധിപ്പിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു.സൈനിക നവീകരണത്തിനായി 2023-24 സാമ്പത്തിക വർഷത്തേക്ക് 160 കോടി രൂപയും സർക്കാർ വകമാറ്റി. അതിന്റെ 75 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കായി വീതിച്ച് നൽകുകയും ചെയ്തിരുന്നു. സൈനിക ഉപകരണങ്ങൾ നിർമിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളാകട്ടെ പ്രധാനമായും ആശ്രയിക്കുന്നത് ചൈനയെയാണ്.

ചൈനീസ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പല ആപ്പുകളും സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഇന്ത്യ നിരോധിച്ചിരുന്നു. പല തരത്തിലുള്ള ഉപരോധങ്ങൾ ചൈനയ്ക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പല നടപടികൾക്കും ഇരുരാജ്യങ്ങളും നീങ്ങിയത്. ചൈനയിൽ നിർമിച്ച ഡ്രോണുകളും ഘടകങ്ങളും വാങ്ങുന്നതിന് അമേരിക്കയും 2019-ൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

വിതരണ ശൃംഖലയിലെ 70 ശതമാനം ഇറക്കുമതിയും ചൈനയിൽ നിന്നാണെന്ന് ചെറിയ ഡ്രോണുകൾ നിർമിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ സ്പേസ് റിസർച്ച് ആൻഡ് ടെക്‌നോളജീസ് സ്ഥാപകൻ സമീർ ജോഷി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം നിലനിൽക്കെ കൊണ്ടുവന്ന പുതിയ നിർദേശം ഡ്രോണുകളുടെ നിർമാണത്തിന് കരാറേറ്റെടുത്ത സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ നിർമാണ ചെലവ് വർധിപ്പിക്കാനും കാരണമാകും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും