INDIA

'രാഷ്ട്രീയ നേട്ടങ്ങൾക്കായി അപകീർത്തിപ്പെടുത്തുന്നു'; നിജ്ജർ വധത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വീണ്ടും തള്ളി ഇന്ത്യ

കനേഡിയൻ രാഷ്ട്രീയത്തിലെ വിദേശ ഇടപെടലുകൾക്ക് നേരെ കണ്ണടച്ചതിന് കാനഡ വിമർശനങ്ങൾ നേരിടുന്നുണ്ടെന്ന് ഉറപ്പിച്ച് ട്രൂഡോ ഭരണകൂടം ഇന്ത്യയെ അതുമൂലം ഉണ്ടായ നാശനഷ്ടങ്ങൾ ലഘൂകരിക്കാനുള്ള മാധ്യമമായി ഉപയോഗിച്ചുവെന്നും ഇന്ത്യ

വെബ് ഡെസ്ക്

ഹർദീപ് സിങ് നിജ്ജർ കൊലപാതക ഗൂഢാലോചനയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കാളിത്തം ഉണ്ടെന്ന കാനഡയുടെ ആരോപണം ശക്തമായി തള്ളി ഇന്ത്യ. ആരോപണങ്ങൾ അപകടകരമാണ്. രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിൻ ട്രൂഡോ ഗവണ്മെന്റ് നടത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

നിജ്ജർ വധത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കാനഡ അയച്ച കത്തിന് മറുപടിയായാണ് ഇന്ത്യ ഇന്ന് പ്രസ്താവന ഇറക്കിയത്. നിജ്ജർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. “2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചശേഷം, ഞങ്ങളുടെ ഭാഗത്തുനിന്ന് നിരവധി അഭ്യർഥനകൾ ഉണ്ടായിട്ടും കനേഡിയൻ സർക്കാർ വിഷയത്തിൽ ഒരു തെളിവും ഇന്ത്യൻ സർക്കാരുമായി പങ്കിട്ടിട്ടില്ല,” പ്രസ്താവനയിൽ പറയുന്നു. കാനഡയുടെ ആരോപണങ്ങൾ ഒരു വസ്തുതയുമില്ലാത്ത അവകാശവാദങ്ങളാണെന്നും പ്രസ്താവനയിൽ പറയുന്നു.

“പ്രധാനമന്ത്രി ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി വ്യക്തമായി കാണാവുന്നതാണ്. 2018-ൽ, ഒരു വോട്ട് ബാങ്കിൻ്റെ ആനുകൂല്യം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിൻ്റെ ഇന്ത്യാ സന്ദർശനം അദ്ദേഹത്തിന് തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട തീവ്രവാദ, വിഘടനവാദ അജൻഡയുമായി പരസ്യമായി ബന്ധപ്പെട്ട വ്യക്തികളെ അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” പ്രസ്താവനയിൽ തുടർന്നു. ട്രൂഡോയുടെ സർക്കാർ എല്ലായ്‌പ്പോഴും ഇന്ത്യാ വിരുദ്ധ വിഘടനവാദ അജൻഡയാണ് സേവിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയുണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്. നിജ്ജറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ.

2020 ഡിസംബറിൽ ഇന്ത്യൻ ആഭ്യന്തര രാഷ്ട്രീയത്തിൽ അദ്ദേഹം നടത്തിയ നഗ്നമായ ഇടപെടൽ ഈ വിഷയത്തിൽ എത്ര ദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് കാണിച്ച് തന്നു. അദ്ദേഹത്തിൻ്റെ സർക്കാർ ഒരു രാഷ്ട്രീയ പാർട്ടിയെ ആശ്രയിച്ചിരിക്കുന്നു. അതിൻ്റെ നേതാവ് ഇന്ത്യയ്‌ക്കെതിരായ വിഘടനവാദ പ്രത്യയശാസ്ത്രം പരസ്യമായി അംഗീകരിക്കുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടേയുള്ളു, കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്ങിനെ പരാമർശിച്ച് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

കനേഡിയൻ രാഷ്ട്രീയത്തിലെ വിദേശ ഇടപെടലുകൾക്കു നേരെ കണ്ണടച്ചതിന് കാനഡ വിമർശനങ്ങൾ നേരിടുന്നുണ്ടെന്ന് മനസിലാക്കിയ ട്രൂഡോ ഭരണകൂടം ഇന്ത്യയെ അതുമൂലം ഉണ്ടായ നാശനഷ്ടങ്ങൾ ലഘൂകരിക്കാനുള്ള മാധ്യമമായി ഉപയോഗിച്ചുവെന്നും ഇന്ത്യ ആഞ്ഞടിച്ചിട്ടുണ്ട്. "സഞ്ജയ് കുമാർ വർമയ്ക്കെതിരായി കാനഡ ഗവൺമെൻ്റ് അദ്ദേഹത്തിനെതിരായി കാട്ടിക്കൂട്ടുന്നത് പരിഹാസ്യവും അവഹേളനവുമാണ്. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാനുള്ള കനേഡിയൻ ഗവൺമെൻ്റിൻ്റെ ഈ ഏറ്റവും പുതിയ ശ്രമങ്ങൾക്ക് മറുപടിയായി തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്," പ്രസ്താവനയിൽ പറയുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി