ഇന്ത്യയും അമേരിക്കയും തമ്മില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നയങ്ങളും കരാറുകളും മാത്രമല്ല ജീവിതങ്ങളും സ്വപ്‌നങ്ങളും കൂടിയാണ് രൂപപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളിൽ പുതിയതും മഹത്തായതുമായ ഒരു യാത്ര ആരംഭിച്ചുവെന്നും ഈ പുതിയ യാത്ര, മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് എന്നിവയ്‌ക്കായുള്ള സഹകരണത്തെക്കുറിച്ചാണെന്നും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂർത്തിയാക്കി നരേന്ദ്ര മോദി ഈജിപ്തിലേക്ക് തിരിച്ചു.
''ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം 21-ാം നൂറ്റാണ്ടിൽ ലോകത്തെ മികച്ചതാക്കും. ഈ പങ്കാളിത്തത്തിൽ നിങ്ങൾ എല്ലാവരും നിർണായക പങ്ക് വഹിക്കുന്നു,” - വാഷിങ്ടണിലെ റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ എന്ന രാജ്യം വികസിക്കുന്നുണ്ടെങ്കില്‍ അത് അവിടത്തെ ജനങ്ങളുടെ അഭിലാഷം കൊണ്ടാണെന്നും അതേ രീതിയിലാണ് അമേരിക്കയിലും എന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയില്‍ അതിദാരിദ്ര്യം കുറയുകയാണെന്നും എല്ലാവരും വികസനത്തിന്റെ ഭാഗമാവുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
വ്യോമയാന മേഖലയില്‍ ഇന്ത്യ വന്‍ തോതിലുള്ള നിക്ഷേപങ്ങളാണ് നടത്തുന്നത്. ഇതിനായി ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് നൂറുക്കണക്കിന് വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ശക്തമാകുമ്പോള്‍ ലോകത്തിന് തന്നെ നേട്ടമുണ്ടാകുന്നു. കോവിഡ് കാലത്ത് പല രാജ്യങ്ങള്‍ക്കും മരുന്ന കയറ്റി അയച്ചത് ഇന്ത്യയില്‍ നിന്നാണ്. കൂടാതെ ഇന്ത്യ ഇപ്പോള്‍ ഒരു ഡിജിറ്റല്‍ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. മൈക്രോൺ, ഗൂഗിൾ, അപ്ലൈഡ് മെറ്റീരിയൽ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും നരേന്ദ്ര മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
അതിനിടെ ദ്വിദിന സന്ദർശനത്തിനായി ഈജിപ്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി ചർച്ചകൾ നടത്തും. ഈജിപ്തിലെ ആയിരം വർഷം പഴക്കമുള്ള അൽ-ഹക്കീം മസ്ജിദ് സന്ദർശിക്കും.