ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ ഭരണത്തിലേക്ക്, ഭരണഘടന അംഗീകരിക്കപ്പെട്ട 1950 ജനുവരി 26. രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍. രാജ്യമെമ്പാടും ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ രാജ്പഥ് കര്‍ത്തവ്യ കർത്തവ്യപഥ് എന്ന പേരുമാറ്റത്തിന് ശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക്ക് ദിനം കൂടിയാണ് ഇത്തവണ.
രാവിലെ 9.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകം സന്ദർശിക്കുന്നതോടെ റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് തുടക്കമാകും. വീരമൃത്യു വരിച്ച ജവാന്മാർക്ക് പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലികൾ അര്‍പ്പിക്കും. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തുന്നതോടെ കർത്തവ്യപഥിലെ ചടങ്ങുകൾ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. പ്രധാനമന്ത്രിയും മറ്റ് അതിഥികളും കർത്തവ്യപഥിലെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും. ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍സിസിയാണ് ഇത്തവണ ചടങ്ങുകളുടെ മുഖ്യാഥിതി. നാല് ദിവസത്തെ സന്ദർശനത്തിനായി ഇദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന ആകർഷണം രാജ്യതലസ്ഥാനത്തെ ആഘോഷങ്ങളാണ്. സായുധ സേനയുടേയും അർധ സൈനിക വിഭാഗത്തിന്റേയും മാര്‍ച്ച് പാസ്റ്റ്, സംസ്ഥാനങ്ങളും കേന്ദ്രത്തിലെ വിവിധ വകുപ്പുകളും പ്രദർശിപ്പിക്കുന്ന ടാബ്‌ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, അക്രോബാറ്റിക് മോട്ടോർ സൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ എൻസിസി റാലി എന്നിവ ഉൾപ്പെടുന്നതാണ് രാജ്യ തലസ്ഥാനത്തെ ഗ്രാൻഡ് പരേഡ്. അതീവ സുരക്ഷയാണ് പരേഡ് നടക്കുന്ന കർത്തവ്യപഥിൽ ഉൾപ്പെടെ ഒരുക്കിയിരിക്കുന്നത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിന്റെ പൂർണ്ണ ഡ്രസ് റിഹേഴസല്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.
"ജൻ ഭാഗിദാരി" (സാധാരണ ജനങ്ങളുടെ പങ്കാളിത്തം) എന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തീം.
അത്യാധുനിക മിസൈലുകളും വിമാനങ്ങളും ആയുധ സംവിധാനങ്ങളുമുള്ള ഇന്ത്യയുടെ പ്രതിരോധ ശക്തിയുടെ പ്രദർശനവും നടക്കും. പതിനെട്ട് ഹെലികോപ്റ്ററുകളും ഇരുപത്തിമൂന്ന് യുദ്ധവിമാനങ്ങളും എട്ട് ട്രാൻസ്പോർട്ടർ വിമാനങ്ങളും ആയി ഇന്ത്യൻ വ്യോമ സേന എയർ ഷോ അവതരിപ്പിക്കും.
"ജൻ ഭാഗിദാരി" (സാധാരണ ജനങ്ങളുടെ പങ്കാളിത്തം) എന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തീം. ഏകദേശം 45,000 പേർ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ദില്ലിയിൽ പോലീസ് പട്രോളിങ്ങിനൊപ്പം അര്‍ധ സൈനിക വിഭാഗത്തേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.