എവറസ്റ്റ് കൊടുമുടി കയറാനുള്ള പരിശീലനത്തിനിടെ ഇന്ത്യൻ പർവതാരോഹക ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബേസ് ക്യാമ്പിൽ മരിച്ചു. അൻപതി ഒൻപതുകാരിയായ സൂസൻ ലിയോപോൾഡിന ജീസസാണ് മരിച്ചത്. എവറസ്റ്റ് കീഴടക്കുന്ന പേസ് മേക്കർ ഘടിപ്പിച്ച ഏഷ്യയിലെ ആദ്യ വനിത എന്ന ലോക റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു സൂസനിന്റെ ലക്ഷ്യം.
മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ സൂസാനിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നേപ്പാളിലെ സോലുഖുംബു ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചതായി നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ യുവരാജ് ഖതിവാഡയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ബേസ് ക്യാമ്പിലെ അക്ലിമറ്റൈസേഷൻ (പുതിയ കാലാവസ്ഥയിലേക്ക് പരിചിതമാകുന്ന പ്രക്രിയ) അഭ്യാസത്തിനിടെ സാധാരണ വേഗത നിലനിർത്തുന്നതിൽ സൂസൻ പരാജയപ്പെട്ടിരുന്നു. തുടർന്ന് എവറസ്റ്റ് കീഴടക്കാനുള്ള ശ്രമം ഉപേക്ഷിക്കാൻ സൂസാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുമുടി കയറാൻ അനുവാദം ലഭിക്കുന്നതിനായുള്ള തുക താൻ അടിച്ചിട്ടുണ്ടെന്നും നിർബന്ധമായും കയറുമെന്നും സൂസൻ വാശിപിടിച്ചതായി ഖതിവാഡ പറയുന്നു.
8,848.86 മീറ്ററാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം. ബേസ് ക്യാമ്പിന് അൽപ്പം മുകളിലായി 5,800 മീറ്റർ വരെ കയറിയപ്പോഴാണ് സൂസാന് ശാരീരിക ആസ്വാസ്ഥ്യമുണ്ടാകുന്നത്. തുടർന്ന് ലുക്‌ല ടൗണിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ നിർബന്ധിതമായെന്ന് പര്യവേഷണ സംഘാടകനായ ഡെൻഡി ഷെർപ്പ പറഞ്ഞു.
ബേസ് ക്യാമ്പിൽനിന്ന് 250 മീറ്റർ മാത്രം മുകളിലുള്ള ക്രോംപ്ടൺ പോയിന്റിലെത്താൻ ആദ്യ ശ്രമത്തിൽ അഞ്ച് മണിക്കൂറിലധികമാണ് സൂസനെടുത്തത്. രണ്ടാമത്തെ ശ്രമത്തിൽ ആറ് മണിക്കൂറും മൂന്നാമത്തെ ശ്രമത്തിൽ 12 മണിക്കൂറുമെടുത്തെന്ന് ഷെർപ്പ പറയുന്നു. സാധാരണയായി ഈ ദൂരം താണ്ടാൻ 15 മുതൽ 20 മിനിറ്റ് വരെയാണ് സമയമെടുക്കുക. എവറസ്റ്റ് കൊടുമുടി കയറാൻ സൂസന് സാധിക്കില്ലെന്ന് ഷെർപ്പ ടൂറിസം വകുപ്പിനെ അറിയിച്ചിരുന്നു.
സൂസന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോർട്ടത്തിനായി കാഠ്‌മണ്ഡുവിലേക്ക് കൊണ്ടുപോയി. എവറസ്റ്റ് കീഴടക്കുന്നതിനിടെ ഒരു ചൈനീസ് പർവതാരോഹകനും ഇന്നലെ രാവിലെ മരിച്ചു. ഇതോടെ ഈ സീസണിൽ എവറസ്റ്റിലെ മരണസംഖ്യ എട്ടായി. നേരത്തെ നാല് ഷെർപ്പ പർവതാരോഹകരും ഒരു അമേരിക്കൻ ഡോക്ടറും ഒരു മോൾഡോവൻ പർവതാരോഹകനും മരിച്ചിരുന്നു.