ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനൊരുങ്ങുന്ന പ്രതിപക്ഷ ഐക്യനിരയ്ക്ക് 'ഇന്ത്യ' എന്ന പുതിയ പേര്. ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ രാഹുൽ ഗാന്ധിയാണ് പേര് നിർദേശിച്ചത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസിവ് അലയൻസ് എന്നതാണ് I-N-D-I-A' അർത്ഥമാക്കുന്നത്.
സഖ്യത്തിന് പുതിയ പേര് നിർദേശിക്കാൻ 26 പാർട്ടികളോടും കഴിഞ്ഞദിവസം അത്താഴവിരുന്നിനിടെ ആവശ്യപ്പെട്ടിരുന്നു. I-N-D-I-A എന്ന പേരിനോട് വിവിധ പാർട്ടികൾ ഭിന്നത അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇടതുപാർട്ടികൾ സഖ്യമെന്നതിന് പകരം മുന്നണി എന്നാക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതായാണ് വാർത്തകൾ. പുതിയ ചുരുക്കപ്പേരിൽ എൻഡിഎ കടന്നുവരുന്നതിലും ചില പാർട്ടികൾക്ക് അതൃപ്തിയുണ്ടായിരുന്നു.
പുതിയ സഖ്യത്തിന്റെ മുഖം ആരായിരിക്കണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മുംബൈയിൽ ചേരുന്ന അടുത്തയോഗത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. യോഗതീയതി തീരുമാനിച്ചിട്ടില്ല. എന്നാൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ സഖ്യത്തിന്റെ കൺവീനറായും സോണിയാ ഗാന്ധിയെ അധ്യക്ഷയായി നിയമിച്ചേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നത്. 2004 മുതൽ 2014 വരെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) ചെയർപേഴ്സണായിരുന്നു സോണിയ ഗാന്ധി.
സഖ്യത്തിൽ രണ്ട് ഉപസമിതികൾ രൂപീകരിക്കും. ഒന്ന് പൊതു പരിപാടികളും മറ്റ് ആശയവിനിമയവും ആസൂത്രണം ചെയ്യുന്നതിനും, മറ്റേത് സംയുക്ത പ്രതിപക്ഷ പരിപാടികൾ, റാലികൾ, കൺവെൻഷനുകൾ എന്നിവയ്ക്ക് അന്തിമ രൂപം നൽകാനുമാകും.
ഫെഡറൽ ഘടനയെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് വിശാല പ്രതിപക്ഷ യോഗം വിലയിരുത്തി. ഭരണഘടനയെ മറികടന്നാണ് ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും ഇടപെടൽ. രാഷ്ട്രീയ എതിരാളികൾക്കെതിരെ ബിജെപി, സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തെ തകർക്കുന്നതാണെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.
യുപിഎ എന്ന പേര് മാറ്റണോ വേണ്ടയോ എന്നത് ബെംഗളൂരു യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. യുപിഎയിൽ ഇല്ലാത്ത നിരവധി കക്ഷികളും വിശാല പ്രതിപക്ഷ സഖ്യത്തിൽ അണിചേരുന്ന സാഹചര്യത്തിൽ അത്തരമൊരു ചർച്ച നടന്നാൽ സ്വാഗതം ചെയ്യുമെന്നായിരുന്നു കോൺഗ്രസ് നിലപാട്.