അറബിക്കടലിൽ മാൾട്ടയുടെ ചരക്കുകപ്പൽ തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ് ഇന്ത്യൻ നാവികസേന. അറബിക്കടലിലൂടെ സോമാലിയയിലേക്ക് സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്.
മാൾട്ടയിൽ നിന്നുള്ള എം വി റൂയൻ കപ്പലാണ് തട്ടിയെടുക്കാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിൽ നിന്ന് അപായ മുന്നറിയിപ്പ് ലഭിച്ചതോടെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന ഹെലികോപ്റ്ററും കപ്പലിന് അടുത്ത് എത്തുകയായിരുന്നു.
നിലവിൽ കപ്പൽ സുരക്ഷിതമാണെന്നും സോമാലിയയിലേക്ക് യാത്ര തിരിച്ച കപ്പൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. 18 ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.
ഡിസംബർ 14 നാണ് കപ്പലിൽ അജ്ഞാതരായ 6 വ്യക്തികൾ കടന്നുകയറിയതായിട്ടുള്ള സൂചന ലഭിച്ചത്. തുടർന്നാണ് ഇന്ത്യൻ നാവികസേന സ്ഥലത്ത് എത്തിയത്.
അതേസമയം ആരായിരുന്നു കപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് സേന വെളിപ്പെടുത്തിയിട്ടില്ല. പ്രദേശത്തെ മറ്റ് ഏജൻസികളുമായി ചേർന്ന് കപ്പൽ സുരക്ഷിതമാക്കാനുള്ള നിരീക്ഷണങ്ങൾ തുടരുമെന്നും സേന വ്യക്തമാക്കി.