ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ അറബിക്കടലിൽ നിന്ന് വിജകരമായി വിക്ഷേപിച്ച് ഇന്ത്യൻ നേവി. ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സീക്കറും ബൂസ്റ്ററും ഉപയോഗിച്ചുള്ള ബ്രഹ്മോസ് മിസൈലാണിത്. 'ഡിആർഡിഒ രൂപകൽപന ചെയ്‌ത സീക്കറും ബൂസ്റ്ററും ഉപയോഗിച്ചുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈൽ കപ്പലിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പ്രതിരോധത്തിൽ സ്വയംപര്യാപ്തതയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് ഇത്', നേവി വ്യക്തമാക്കി.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗമുള്ള ഇതിൻ്റെ ഏകദേശ വേഗത 2.8 മാച്ച് ആണ്. അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ, കരകൾ എന്നിവിടങ്ങളിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിക്കാൻ കഴിയും. ബ്രഹ്മോസ് എയ്‌റോസ്‌പേസ് മിസൈലിൻ്റെ കോംപാക്റ്റ് പതിപ്പായ ബ്രഹ്മോസ് എൻജിയും വികസിപ്പിക്കുന്നുണ്ട്.
മിസൈൽ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ 375 മില്യൺ ഡോളറിൻ്റെ കരാറിൽ ഇന്ത്യ ഫിലിപ്പീൻസുമായി ഒപ്പുവച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ നാവികസേനയും ആൻഡമാൻ നിക്കോബാർ കമാൻഡും സംയുക്തമായി ചേർന്ന് ബ്രഹ്മോസ് ക്രൂയിസ് മിസൈലിൻ്റെ കപ്പൽ വേധ പതിപ്പ് വിക്ഷേപിച്ചിരുന്നു. നിലവിൽ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ മിസൈൽ വിൽപ്പനയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കും നോട്ടമിടുന്നുണ്ട്. മിസൈലുകൾക്കായുള്ള കൂടുതൽ തദ്ദേശീയ നിർമിത ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഗവേഷകർ.