മിസൈൽ പരീക്ഷണത്തിൽ വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യ. ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് മോർമുഗാവോയിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഉച്ചയോടെയായിരുന്നു നാവിക സേനയുടെ പരീക്ഷണം. ആദ്യ പരീക്ഷണം തന്നെ വിജയകരമാണെന്ന് നാവിക സേനാ അധികൃതർ അറിയിച്ചു.
അതേസമയം, മിസൈൽ പരീക്ഷണം നടത്തിയ സ്ഥലം നാവിക സേന വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷണത്തിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നാവിക സേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറാണ് മോർമുഗാവ്. പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യൻ നിർമിതമാണ്.
അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ, ലാൻഡ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ നിർമിക്കുന്നതിനായുള്ള ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്. മിസൈലിന്റെ ബാറ്ററികൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഫിലിപ്പീൻസുമായി കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യ 375 മില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടത് ശ്രദ്ധേയമായിരുന്നു. 2.8 മാക് വേഗത്തിലോ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലോ പറക്കുന്ന ബ്രഹ്മോസ് മിസൈലുകളും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
ഗോവയിലെ ഒരു പ്രധാന തുറമുഖത്തിന്റെ പേരിൽ അറിയപ്പെടുന്ന ഐഎൻഎസ് മോർമുഗാവോ പ്രൊജക്റ്റ് 15 ബി സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളിൽ രണ്ടാമത്തേതാണ്. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽ നിന്ന് വായുവിലേക്കും മിസൈലുകൾ പോലെയുള്ള അത്യാധുനിക ആയുധ സംവിധാനത്തോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക നിരീക്ഷണ റഡാറും ഇതിലുണ്ട്. ലോകത്തിലെ ഏറ്റവും സാങ്കേതികവും നൂതനവുമായ മിസൈൽ വാഹകരിൽ ഒന്നാണ് മോർമുഗാവോ. അതേസമയം, സോളിഡ് പ്രൊപ്പല്ലന്റ് ബൂസ്റ്റർ എഞ്ചിനോടുകൂടിയ രണ്ട് ഘട്ടങ്ങളുള്ള മിസൈലാണ് ബ്രഹ്മോസ്.