INDIA

നാവികസേനയ്ക്ക് കരുത്തുപകരാൻ പുതിയ 26 റഫാൽ-എം യുദ്ധവിമാനങ്ങളും മൂന്ന് അന്തർവാഹിനികളും

വെബ് ഡെസ്ക്

ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ കരുത്തുപകരാൻ പുതിയ 26 റാഫേൽ യുദ്ധവിമാനങ്ങൾ കൂടിയെത്തിയേക്കും. 13, 14 തീയതികളിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിലാകും കരാറില്‍ ഒപ്പുവയ്ക്കുക. മസഗോൺ ഡോക്ക്‌യാർഡ്‌സ് ലിമിറ്റഡിൽ (എംഡിഎൽ) മൂന്ന് സ്‌കോർപീൻ (കാൽവേരി) ക്ലാസ് അന്തർവാഹിനികൾ നിർമിക്കാനുമുള്ള കരാറിലും 'മെയ്ക് ഇൻ ഇന്ത്യ' വഴി നടപ്പാക്കാനും സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിലാകും കരാറില്‍ ഒപ്പുവയ്ക്കുക

പുതിയ കരാറിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തെക്കുറിച്ചും കേന്ദ്ര പ്രതിരോധ മന്ത്രാലയമോ വിദേശകാര്യ ഓഫീസോ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 26 റഫാൽ-എം യുദ്ധവിമാനങ്ങൾ ഏറ്റെടുക്കുന്നതിനും എംഡിഎല്ലിന്റെ കീഴിൽ മൂന്ന് അന്തർവാഹിനികൾ നിർമിക്കാനുമുള്ള അനുമതിക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ജൂലൈ 13ന് യോഗം വിളിച്ചിട്ടുണ്ട്.

ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ ഈ യോഗത്തിലാകും കരാറിനുള്ള പച്ചക്കൊടി നൽകുക. മുൻപ് നിർമാണം ആരംഭിച്ച ആറ് കാൽവേരി വിഭാഗത്തിൽ പെട്ട അന്തർവാഹിനികളിൽ അവസാനത്തേതായ ഐഎൻഎസ് വാഗ്‌ഷെർ അടുത്ത വർഷം കമ്മിഷൻ ചെയ്‌തേക്കും.

തദ്ദേശീയമായി വികസിപ്പിച്ച എഞ്ചിനുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഹാർഡ്‌വെയർ പ്ലാറ്റ്‌ഫോമുകളുടെ നിർമാണം വർദ്ധിപ്പിക്കാൻ ഇന്ത്യയും ഫ്രാൻസും പ്രതിരോധ-വ്യാവസായിക കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് വിവരം. ഇതിന് കേന്ദ്ര മന്ത്രാലയങ്ങളുടെ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. കൂടാതെ ഇൻഡോ- പസിഫിക്കിലൂടെയുള്ള ജലഗതാഗതവും സുരക്ഷയും വർധിപ്പിക്കാനുള്ള പുതിയ ഉഭയകക്ഷി കരാറിനും സാധ്യതയുണ്ട്. ഈ മേഖലയിലെ ചൈനയുടെ വളർന്നുവരുന്ന സ്വാധീനത്തെ മുൻ നിർത്തിയാകും ഈ കരാറുകൾ.

ഐഎൻഎസ് വിക്രാന്തിന് വേണ്ടി പുതിയ റാഫേൽ യുദ്ധവിമാനങ്ങൾ ഏറ്റെടുക്കാനുള്ള കരാറിന് ഡിഫെൻസ്‌ അക്യുസിഷൻ കൗൺസിൽ അനുമതി നൽകുമെങ്കിലും വിലയും മാറ്റ് ഉപാധികളും സംബന്ധിച്ചുള്ള ചർച്ച പിന്നീടാകും ഉണ്ടാകുക. റാഫേൽ വിമാന നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷനുമായി വില സംബന്ധിച്ച ചർച്ചകൾ സർക്കാർ ഇടനാഴി വഴിയാകും നടക്കുക. ഒരു സീറ്റ് മാത്രമുള്ള പുതിയ 26 റാഫേൽ വിമാനങ്ങളും ഒറ്റ സീറ്റ് മാത്രമുള്ള പതിപ്പുകളായിരിക്കും.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഓ രൂപകൽപന ചെയ്ത എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനമാകും പുതിയ മൂന്ന് കാൽവേരി അന്തർവാഹിനികളിലും ഉപയോഗിക്കുക. ഇത് സാധാരണ ഡീസൽ അന്തർവാഹിനികളെക്കാൾ പ്രവർത്തനക്ഷമത ലഭിക്കാൻ സഹായകമാകും. കടലിന്റെ ഉപരിതലത്തിലെത്തി ബാറ്ററികൾ ചാർജ് ചെയ്യാതെ തന്നെ ഒരാഴ്ചയ്ക്ക് മുകളിൽ വെള്ളത്തിനിടയിൽ കഴിയാനും ഈ സംവിധാനം സഹായിക്കും.

പുതിയതായി ഏറ്റെടുക്കുന്നവയിൽ 18 എണ്ണം ഐഎൻഎസ് വിക്രാന്തിലും ശേഷിക്കുക എട്ടെണ്ണം ഗോവയിൽ റിസർവ് ആയിട്ടുമാകും ഉണ്ടാകുക. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സൈന്യത്തിന്റെ സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ ആവർത്തിച്ചുള്ള അന്തർവാഹിനികളുടെ ഓർഡർ ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ കരുത്തും പ്രവർത്തനക്ഷമതയും പകരും.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്