നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തിന്റെ നിമിഷങ്ങൾക്ക് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. മരിച്ച ഇന്ത്യക്കാരിൽ ഒരാളായ സോനു ജയ്‌സ്വാളിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തകർന്ന യെതി എയർലൈൻസ് വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത സെൽഫോണിലാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. വിമാനത്തിനുള്ളിൽ ഇരിക്കുന്ന യാത്രക്കാരുടെയും താഴെയുള്ള നഗരത്തിന്റെയും ജനാലയിൽ നിന്ന് വിമാനം ലാൻഡിങിന് മുൻപ് വട്ടമിടുന്നതിന്റെയും ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. പെട്ടെന്ന് ഒരു സ്‌ഫോടനം ഉണ്ടാകുകയും സ്‌ക്രീൻ മുകളിലേക്ക് പോകുകയും ചെയ്യുന്നു. പിന്നീട് തീ ആളിക്കത്തുന്നതും അസ്വസ്ഥരായ യാത്രക്കാരുടെ കരച്ചിലും കേൾക്കാം.
അതേസമയം അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞു. അഭിഷേഖ് കുശ്‌വാഹ (25), ബിഷാൽ ശർമ (22), അനിൽ കുമാർ രാജ്ഭർ (27), സോനു ജയ്‌സ്വാൾ (35), സഞ്ജയ ജയ്‌സ്വാൾ എന്നിവരാണ് മരിച്ചത്. ഇതില്‍ നാല് പേർ ഉത്തർപ്രദേശ് ഗാസിപൂർ ജില്ലയിൽ നിന്നുള്ളവരാണ്.
ഇവരിൽ നാല് പേർ വെള്ളിയാഴ്ചയാണ് ഇന്ത്യയിൽ നിന്ന് കാഠ്മണ്ഡുവിൽ എത്തിയത്. പൊഖാറയിൽ പാരാഗ്ലൈഡിംഗ് ആസ്വദിക്കാനാണ് ഇവർ എത്തിയത്. അവിടെ നിന്ന് ഗോരഖ്പൂർ വഴി ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇവരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോയ യതി എയര്‍ലൈന്‍സിന്റെ എടിആർ72 വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് അപകടത്തിൽ പെട്ടത്. 10.30 ഓടെയാണ് കാഠ്മണ്ഡുവിൽ നിന്ന് വിമാനം പറന്നുയർന്നത്. 20 മിനിറ്റിനകം അപകടം സംഭവിച്ചു. അപകടസമയത്ത് യാത്രക്കാരും ജീവനക്കാരുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 68 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനവും തിരച്ചിലും ഇന്നത്തേക്ക് താത്ക്കാലികമായി നിർത്തിവെച്ചു. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം നാളെയും തുടരും.