ജമ്മു കാശ്മീരില്‍ നിന്നുള്ള പുലിറ്റ്സര്‍ ജേതാവായ ഫോട്ടോ ജേണലിസ്റ്റ് സന്ന ഇര്‍ഷാദ് മട്ടുവിന് രാജ്യാന്തര യാത്രാ വിലക്ക്. പാരീസ് യാത്രയ്ക്കായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ മട്ടുവിനെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ഇമിഗ്രേഷന്‍ ഡെസ്‌കില്‍വച്ച്, ബോര്‍ഡിംഗ് പാസിലും പാസ്പോര്‍ട്ടിലും 'മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നു' എന്ന് ചുവന്ന മഷിയിലുള്ള മുദ്ര പതിപ്പിച്ച അധികൃതര്‍, രാജ്യാന്തര യാത്രാ വിലക്കുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് മട്ടു ട്വിറ്ററില്‍ പറഞ്ഞു. അതേസമയം, എന്ത് കാരണത്താലാണ് ഫ്രഞ്ച് യാത്ര അനുവദിക്കാത്തതെന്ന് പറഞ്ഞിട്ടില്ലെന്നും മട്ടു വ്യക്തമാക്കി. റദ്ദാക്കിയ ബോര്‍ഡിംഗ് പാസിന്റെയും പാസ്പോര്‍ട്ടിന്റെയും ഫോട്ടോ ഉള്‍പ്പെടെയാണ് ട്വീറ്റ്.
'സെറന്‍ഡിപിറ്റി ആര്‍ലെസ് ഗ്രാന്റ് 2020ന്റെ 10 അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി, ഒരു പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനുമായി ഞാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് യാത്ര ഷെഡ്യൂള്‍ ചെയ്തിരുന്നു. ഫ്രഞ്ച് വിസ ഉണ്ടായിരുന്നിട്ടും ഡല്‍ഹി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഡെസ്‌ക്കില്‍ എന്നെ തടഞ്ഞു. എന്നോട് ഒരു കാരണവും പറഞ്ഞില്ല, പക്ഷേ എനിക്ക് അന്താരാഷ്ട്ര യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു,'' -മട്ടു ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ജമ്മു കാശ്മീര്‍ പൊലീസിന്റെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ മട്ടുവിനെതിരെ നിലനില്‍ക്കുന്നുണ്ടെന്നും അതിനാലാണ് വിദേശത്തേക്ക് പോകുന്നത് തടഞ്ഞതെന്നും, വിഷയത്തില്‍ നേരിട്ട് അറിവുള്ളവരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വ്യക്തി രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവള, തുറമുഖ അധികൃതര്‍ക്ക് നിയമ നിര്‍വഹണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍.
മട്ടുവിന്റെ പാരീസ് യാത്ര തടഞ്ഞ കേന്ദ്ര നീക്കത്തെ ജമ്മു കാശ്മീരിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ അപലപിച്ചു. 'യാത്രാ നിയന്ത്രണ പട്ടിക'യുടെ പേരില്‍ നിരവധി പേര്‍ വേട്ടയാടപ്പെട്ടു. അത്തരമൊരു പട്ടിക ഉള്ളതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ജീവിതത്തിനും സ്വാതന്ത്ര്യത്തിനും നേരെ ഭീഷണി ഉയരുമ്പോഴും, മാധ്യമസ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അപകടകരമായ സാഹചര്യങ്ങളിലാണ് കാശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ എല്ലായ്‌പ്പോഴും ജോലി ചെയ്യുന്നതെന്നും ജേണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് കാശ്മീര്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെയും പ്രതിരോധത്തെയും കുറിച്ചുള്ള ചിത്രത്തിനാണ്, ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മട്ടുവിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. അന്തരിച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ധീഖി, അമിത് ദവെ, അദ്‌നാന്‍ ആബിദി എന്നിവര്‍ക്കൊപ്പമായിരുന്നു മട്ടുവിന്റെ പുരസ്‌കാര നേട്ടം.