INDIA

കാനഡ സ്വപ്‌നങ്ങള്‍ക്ക് തിളക്കം കുറയുന്നു; തൊഴിലില്ലായ്മയും ജീവിത ചെലവും പ്രതിസന്ധി

തൊഴില്‍ സാഹചര്യങ്ങളുടെ ഇടിവ്, വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍, ജീവിത ചെലവില്‍ വന്ന വര്‍ധന എന്നിവ കാനഡയെ സമീപകാലത്ത് ഒരു ദുഃസ്വപ്‌നമായി മാറ്റുകയാണ്

വെബ് ഡെസ്ക്

കുടിയേറ്റങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രമുള്ളവരാണ് ഇന്ത്യക്കാര്‍. ജോലി തേടിയുള്ള യാത്രകള്‍ പിന്നീട് ഉന്നത പഠനത്തിനും ഉയര്‍ന്ന ജീവിത നിലവാരവും പ്രതീക്ഷിച്ചായി. ഗള്‍ഫ് രാജ്യങ്ങളില്‍ തുടങ്ങി യൂറോപ് വരെ നീളുന്നതാണ് ഇന്ത്യക്കാരുടെ കുടിയേറ്റ ചരിത്രം. ഈ പട്ടികയില്‍ ഏറ്റവും ഒടുവില്‍ കൂടുതല്‍ ചര്‍ച്ചയായ രാജ്യമായിരുന്നു കാനഡ.

വിദ്യാര്‍ഥി വിസയില്‍ എത്തി വര്‍ക്ക് പെര്‍മിറ്റ് നേടുക, പിന്നീട് സ്ഥിരതാമസ പെര്‍മിറ്റ് സ്വന്തമാക്കുക, ഈ നിലയിലായിരുന്നു കാനഡ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയത്. ഏറ്റവും എളുപ്പത്തില്‍ പൗരത്വം ലഭിക്കുമെന്ന സാഹചര്യവും ഇന്ത്യക്കാര്‍ക്ക് കാനഡ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍-അമേരിക്കൻ രാജ്യങ്ങളോടുള്ള താത്പര്യം വര്‍ധിപ്പിച്ചു.

എന്നാല്‍, കാനഡയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലെ ഉയര്‍ന്ന പ്രോപ്പർട്ടി നിരക്കുകള്‍, തൊഴില്‍ സാഹചര്യങ്ങളുടെ ഇടിവ്, വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍, ജീവിത ചെലവില്‍ വന്ന വര്‍ധന എന്നിവ കാനഡയെ സമീപകാലത്ത് ഒരു ദുഃസ്വപ്‌നമായി മാറ്റുകയാണ്.

തൊഴില്‍ പ്രതിസന്ധി

താത്കാലിക താമസക്കാരുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ധന കാനഡയില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നതിലേക്കാണ് വഴിവച്ചത്. ആളുകളുടെ കടന്നുവരവ് രാജ്യത്തുണ്ടായിരുന്ന തൊഴിലാളികളുടെ കുറവ് വേഗത്തില്‍ പരിഹരിക്കപ്പെടുന്നതിലേക്കും പുതിയ ജോലി കണ്ടെത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട് പ്രകാരം വിദേശ തൊഴിലാളികള്‍, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍, അഭയാര്‍ഥികളായി എത്തിയവര്‍ എന്നിവരുള്‍പ്പെട്ട താത്കാലിക താമസക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്മ 11 ശതമാനമായി ഉയര്‍ന്നു. മുന്‍ മാസം ഇത് 6.5 ശതമാനം ആയിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് തൊഴിലില്ലായ്മയുടെ ആഴം തെളിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കാനഡയിലെത്തിയ വിദേശികളില്‍ ഭൂരിഭാഗവും ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വിഭാഗത്തിന് ഇടയിലെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമാണ് എന്നതാണ് മറ്റൊരു വസ്തുത.

താമസ പ്രതിസന്ധി

കുടിയേറ്റ ജനസംഖ്യ അതിവേഗം വര്‍ധിച്ചതോടെ രാജ്യത്ത് കെട്ടിട വാടകയും വലിയ തോതില്‍ ഉയർന്നു. പണപ്പെരുപ്പവും 22 വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്കും വാടക ചെലവുകളും ഉയര്‍ത്തി. 2030 ഓടെ രാജ്യത്തെ ആളുകള്‍ക്ക് അനുസരിച്ചുള്ള കെട്ടിടങ്ങളുടെ എണ്ണത്തില്‍ വലിയ വ്യത്യാസം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായ്പാ ഭാരം

വലിയ വായ്പകളെടുത്താണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡ പോലുള്ള രാജ്യങ്ങളില്‍ പഠനത്തിന് എത്തുന്നത്. കനേഡിയന്‍ ബ്യൂറോ ഫോര്‍ ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ കണക്കനുസരിച്ച് നിലവില്‍ ഏകദേശം മൂന്ന് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്. ഈ വിദ്യാര്‍ഥികളില്‍ പലര്‍ക്കും ശരാശരി 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ വായ്പഭാരം ഉണ്ടെന്നാണ് കണക്കുകള്‍.

നിലവിലെ സാഹചര്യങ്ങള്‍ വിദ്യാര്‍ഥികളുടെ കനേഡിയന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയും അവര്‍ ചൂഷണത്തിന് ഇരയാകുന്ന സാഹചര്യവും നിലവിലുണ്ട്. ചെലവിനുള്ള വഴി കണ്ടെത്താന്‍ പാര്‍ട്ട് ടൈം ജോലികളെ ആശ്രയിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ അതിന് പോലും കാത്തിരിക്കേണ്ട നിലയാണുള്ളത്.

വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍

കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിലും വലിയ ഉയര്‍ച്ചയാണ് സംഭവിക്കുന്നത്. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ പോലും ബാധിക്കുന്ന നിലയിലേക്ക് ഇത്തരം സംഭവങ്ങള്‍ വളര്‍ന്നു. വാഹന മോഷണം, ഭവനഭേദനം തുടങ്ങിയ സംഭവങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 400 ശതമാനം വര്‍ധിച്ചെന്നാണ് ടൊറന്റോ പോലീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാനഡയില്‍ ക്രിമിനല്‍ സംഘടനകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചെന്നാണ് കാനഡയിലെ ക്രിമിനല്‍ ഇന്റലിജന്‍സ് സര്‍വീസ് അറയിക്കുന്നത്. 205 പുതിയ അക്രമി സംഘങ്ങളെ കണ്ടെത്തുകയും 638 പേരെ പുതിയതായി അക്രമികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് ഫെഡറല്‍ ഏജന്‍സി വ്യക്തമാക്കുന്നത്.

അക്രമി സംഘങ്ങളില്‍ എട്ടെണ്ണം ദേശീയ തലത്തിലുള്ള ഭീഷണിയാണ് എന്നാണ് വിലയിരുത്തുന്നത്. അതില്‍ നാലെണ്ണം സെന്‍ട്രല്‍ കാനഡയിലും നാലെണ്ണം പടിഞ്ഞാറന്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നു. ഖാലിസ്ഥാനി ഭീകരത, അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുകള്‍ എന്നിവയുമായി ബന്ധമുള്ള പഞ്ചാബി കുടിയേറ്റക്കാരുടെ സംഘങ്ങള്‍ കാനഡയില്‍ തഴച്ചുവളരുന്നുവെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

കാനഡയെ ഉപേക്ഷിക്കുന്നവര്‍

2023-ലെ ആദ്യ ആറ് മാസങ്ങളില്‍, ഏകദേശം 42,000 വ്യക്തികള്‍ കാനഡ വിട്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2022-ല്‍ പോയ 93,818, 2021-ല്‍ 85,927 പേരും കാനഡ വിടുന്ന നിലയുണ്ടായിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പിന്റെ (ഐസിസി) റിപ്പോര്‍ട്ട് പ്രകാരം 2019-ല്‍ കാനഡ വിടുന്ന കുടിയേറ്റക്കാരുടെ നിരക്ക് രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ