പ്രതീകാത്മക ചിത്രം 
INDIA

കാര്യക്ഷമത ഇടിയുന്ന ഇന്ത്യന്‍ യുവത്വം; പോഷകാഹാരക്കുറവ് മുതല്‍ പോണ്‍ അഡിക്ഷന്‍ വരെ വെല്ലുവിളികള്‍

ഇന്ത്യയിലെ യുവാക്കളുടെ ശാരീരിക മാനസികാരോ​ഗ്യവും ശുചിത്വവും വിദ്യാഭ്യാസവും അത്ര തന്നെ ശുഭകരമല്ല.

വെബ് ഡെസ്ക്

ഇന്ത്യയിലെ യുവാക്കളുടെ ശാരീരിക മാനസികാരോഗ്യം നേരിടുന്നത് വലിയ വെല്ലുവിളികളെന്ന് പഠനം. രാജ്യത്തെ യുവജനങ്ങള്‍ വലിയ ശാരീരിക, മാനസിക, ശുചിത്വ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസവും ധാര്‍മിക പ്രശ്‌നങ്ങളും യുവാക്കള്‍ക്കിടയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പോഷകാഹാരക്കുറവ്, സ്മാര്‍ട്ട് ഫോണിനോടുള്ള ആസക്തി, ലിംഗ വിവേചനം, പോണ്‍ സൈറ്റുകളോടുള്ള ആസക്തി എന്നിവ യുവജനങ്ങളുടെ ധാര്‍മ്മികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് കണ്ടെത്തൽ. ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ ലോകത്തെ ഏറ്റവും യുവത്വം തുളുമ്പുന്ന ജനവിഭാഗമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 35.5 കോടി വരുന്നവര്‍ 10 വയസിനും 24 നും ഇടയിലുള്ളവരാണെന്നിരിക്കെയാണ് കണക്കുകള്‍ ശ്രദ്ധേയമാവുന്നത്.

ദേശീയ കുടുംബാരോഗ്യ സര്‍വേ-5 പ്രകാരം അഞ്ചു വയസിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനവും വളര്‍ച്ചാ മുരടിപ്പ് നേരിടുന്നു

ദേശീയ കുടുംബാരോഗ്യ സര്‍വേ-5 (എന്‍എഫ്എച്ച്എസ് 5) പ്രകാരം അഞ്ചു വയസിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനവും വളര്‍ച്ചാ മുരടിപ്പ് നേരിടുന്നുണ്ട്. 32.1 ശതമാനം കുട്ടികള്‍ക്ക് ഭാരക്കുറവുമുണ്ട്. പോഷകാഹാരക്കുറവ് മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ കുട്ടികള്‍ പഠന ശേഷിക്കുറവും, ഉല്‍പ്പാദനക്ഷമതക്കുറവും നേരിടുന്നു. കുട്ടികളുടെ ഭക്ഷണമാണ് ഇതിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. മായം കലര്‍ന്ന ഭക്ഷണ വസ്തുക്കളും പ്രശ്‌നം ഗുരുതരമാക്കുന്നു. രാജ്യത്ത് മായം കലര്‍ന്ന ഭക്ഷണങ്ങള്‍ വില്‍ക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി നേരിടുന്ന കുറ്റകൃത്യമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ഭക്ഷണ വസ്തുക്കള്‍ രാജ്യത്ത് വ്യാപകമാണെന്നതും പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഭക്ഷ്യ വസ്തുക്കളിൽ മായം ചേരുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുകയും നിയമങ്ങൾ കർശനമായി നടപ്പാക്കുകയും വേണം.

നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം, പോഷകാഹാരക്കുറവ്, സ്മാർട്ട് ഫോണിനോടുള്ള ആസക്തി, ലിംഗ വിവേചനം, പോൺ സൈറ്റുകളുടെ സന്ദർശനം തുടങ്ങിയവയെല്ലാം കൗമാരക്കാരുടെയും യുവാക്കളുടെയും ധാർമ്മികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

ഇന്ത്യയിലാകെ 400 ദശലക്ഷം കുട്ടികളുണ്ടെന്നാണ് കണക്കുകള്‍. ആഗോള തലത്തിലെ തന്നെ ഉയര്‍ന്ന കണക്കാണിത്. എന്നാല്‍ രാജ്യത്തെ കുട്ടികളില്‍ ആറിനും 14നും ഇടയിലുള്ളവരില്‍ 35 ദശലക്ഷം പേര്‍ക്ക് സ്‌കൂള്‍ അപ്രാപ്യമാണെന്നാണ് വിലയിരുത്തല്‍. അഞ്ചു വയസു മുതല്‍ ഒമ്പത് വയസു വരെയുള്ള 53 % പെണ്‍കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസം അവകാശമാക്കി 2009ല്‍ നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും, കൊഴിഞ്ഞ്‌പോക്ക് അവസാനിപ്പിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനുമായിരുന്നു നിയമം ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് പ്രകാരം എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ശരിയായി വിലയിരുത്താതെ സ്ഥാനം കയറ്റം നല്‍കുന്ന നിലയുണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ സാരമായി ബാധിക്കുന്നതാണ് ഈ നടപടി എന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ വാര്‍ഷിക സര്‍വേയിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം

രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിദ്യാഭ്യാസ വാര്‍ഷിക സര്‍വേയിലുള്ളത്. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് അടിസ്ഥാനമായ അറിവുപോലും ആര്‍ജ്ജിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങളില്‍ ഒന്ന്. ദേശീയ തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ പകുതിയില്‍ താഴെയുള്ളവര്‍ക്കേ ഒന്നാം ക്ലാസ്സിലെ പാഠപുസ്തകം വായിക്കാന്‍ സാധിക്കുന്നുള്ളൂ. കണക്കിലെ അടിസ്ഥാന ക്രിയകള്‍ പോലും പലര്‍ക്കും പൂര്‍ത്തിയാക്കാനാവുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മൂന്നാം ക്ലാസ്സിലെ നാലിലൊന്ന് കുട്ടികള്‍ക്ക് മാത്രമേ രണ്ടക്ക സംഖ്യ കുറയ്ക്കാനറിയൂ. അഞ്ചാം ക്ലാസിലെ സ്ഥിതി പരിശോധിച്ചാല്‍ നാലിലൊന്ന് കുട്ടികള്‍ക്ക് മാത്രമേ ചെറിയ സംഖ്യകള്‍ പോലും ഹരിക്കാന്‍ അറിയുകയുള്ളു. 2011 മുതല്‍ ഇത്തരം അവസ്ഥ തുടര്‍ന്ന് പോരുകയാണ് എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ദേശീയ തലത്തിൽ മൂന്നാം ക്‌ളാസ്സിലെ പകുതിയിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമേ ഒന്നാം ക്‌ളാസ്സിലെ പാഠപുസ്തകം വായിക്കാൻ സാധിക്കുന്നുള്ളൂ.

ബാലവേലയാണ് കൂട്ടികളെ ബാധിക്കുന്ന മറ്റൊരു വിഷയം. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 10.1 ദശലക്ഷമാണ്. അതില്‍ 5.6 ദശലക്ഷം ആണ്‍കുട്ടികളും 4.5 ദശലക്ഷം പെണ്‍കുട്ടികളുമാണ്. ബാലവേലയ്ക്കെതിരായ നിയമങ്ങള്‍ കര്‍ശനമായതോടെ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. എന്നാല്‍ പിന്നോക്ക മേഖലകളില്‍ നിരവധി കുട്ടികള്‍ ഇപ്പോഴും സ്‌കൂളുകളില്‍ പോകാനാവാതെ ബാലവേല ചെയ്യുന്ന നിലയുണ്ട്. ഈ ചൂഷണം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും വിദഗ്ദര്‍ പറയുന്നു.

ലിംഗ വിവേചനം ഇപ്പോഴും രാജ്യത്ത് രൂക്ഷമായി തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2022 ലെ ഗ്ലോബല്‍ ജന്‍ഡര്‍ ഗ്യാപ്പ് ഇന്‍ഡക്‌സില്‍ ഇന്ത്യ 146 ല്‍ നിന്നും 135 ലേക്ക് എത്തിയിരിക്കുന്നു. പെണ്‍ കുട്ടികളോടുള്ള വിവേചനം ഇപ്പോഴും ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുകയാണെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഗവേഷണത്തില്‍ മികവു പുലര്‍ത്താന്‍ ശ്രദ്ധിക്കാത്ത സര്‍വകലാശാലകള്‍

രാജ്യത്ത് നിലവിലുള്ള പഠന രീതി വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിക്കുന്നതായാണ് വിലയിരുത്തല്‍. വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവര്‍ വരെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്‌കൂളുകള്‍ ഫാക്ടറികള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ ജി മാധവന്‍ നായര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. 'അസ്സംബ്ലിയില്‍ വരി നില്‍ക്കുന്നത് പോലെ മതിയായ ഗുണനിലവാരമോ അറിവോ ഇല്ലാത്ത ബിരുദധാരികള്‍ രാജ്യത്ത് രൂപം കൊള്ളുന്നു. ഇന്ത്യയിലെ വലിയൊരു വിഭാഗം സര്‍വകലാശാലകള്‍ ഗവേഷണത്തില്‍ മികവു പുലര്‍ത്താന്‍ ശ്രദ്ധിക്കുന്നില്ല'. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 10.1 ദശലക്ഷമാണ്.

മൊബൈല്‍ ഉപയോഗം ആസക്തിയായി മാറുമ്പോള്‍

ആഗോളതലത്തിലുണ്ടായ സാങ്കേതിക വിപ്ലവം ഇന്ത്യയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരമാണ് ഇതില്‍ പ്രധാനം. ഇന്ത്യയിലെ കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഉപയോഗം ആസക്തിയായി യുവാക്കള്‍ക്കിടയില്‍ മാറിയിരിക്കുകയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു എന്ന് വിദഗ്ദരുടെ അഭിപ്രായം.

വൈദ്യുത കാന്തിക മണ്ഡലം ഉല്‍പ്പാദിപ്പിക്കുന്ന ഹാന്‍ഡ്ഹെല്‍ഡ് റേഡിയോ ഫ്രീക്വന്‍സി ട്രാന്‍സ്മിറ്ററുകളുടെ ദീര്‍ഘകാല ഉപയോഗം മനുഷ്യമസ്തിഷ്‌കത്തെ തകരാറിലാക്കും. സ്മാര്‍ട്ട് ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിതമായ ഉപയോഗം യുവാക്കള്‍ക്കിടയില്‍ ഉത്കണ്ഠാ രോഗം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്തു. പ്രമുഖ ന്യൂറോളജിസ്റ്റ് ആയ ഡോക്ടര്‍ മണിക് മഹാജന്‍ പറയുന്നു

കുട്ടികളിലെയും യുവാക്കളിലെയും സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഒഴിവാക്കാനുള്ള നടപടികള്‍ വേണമെന്നും ഡോക്ടര്‍ മണിക് മഹാജന്‍ പറയുന്നു. കായികമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് ശ്രദ്ധമാറണം. കല, നൃത്തം, സംഗീതം എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചു വിടുകയും ക്ലാസ് റൂമുകള്‍ സര്‍ഗാത്മകമാക്കി മാറ്റുകയുമാണ് ഇതിനുള്ള മാര്‍ഗം. കൂടുതല്‍ കളിസ്ഥലങ്ങള്‍ തയ്യാറാക്കുന്നതും ഗുണം ചെയ്യും. കുട്ടികളെ സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷനില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിക്കാന്‍ രക്ഷിതാക്കള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും ഡോക്ടര്‍ മണിക് മഹാജന്‍ വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം

ധാര്‍മിക നഷ്ടപ്പെടുത്തുന്ന പോണ്‍ അഡിക്ഷന്‍

"പോൺ സൈറ്റുകളുടെ സന്ദർശനം കുട്ടികളിലെയും യുവാക്കളിലെയും ധാർമ്മികതയെ കീറിമുറിക്കുന്നതോടൊപ്പം അവരുടെ മനസികാരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു. പോൺസൈറ്റുകളിലൂടെ വികലമായ ലൈംഗികത കാണുന്ന കുട്ടികളുടെ മനസ്സിൽ അത് കടുത്ത ആഘാതം സൃഷ്ടിക്കുകയും അവരുടെ സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും സ്വാധീനം ചെലുത്തുകയും ചെയ്തേക്കാം.

പോണ്‍സൈറ്റുകളുടെ മുന്നിലെത്തുന്ന വികലമായ ലൈംഗികത കുട്ടികളുടെ സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു
ഡോക്ടർ കുമാവത്

സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനത്തോടെ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. പോണ്‍ സൈറ്റുകളുടെ സന്ദര്‍ശനം കുട്ടികളിലെയും യുവാക്കളിലെയും ധാര്‍മ്മികതയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. പോണ്‍സൈറ്റുകളുടെ മുന്നിലെത്തുന്ന വികലമായ ലൈംഗികത കുട്ടികളുടെ സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് ഉള്‍പ്പെടെ ഈ അവസ്ഥ അവരെ നയിക്കുന്നു. ഉറക്കക്കുറവ്, ദുരഭിമാനബോധം, ആത്മഹത്യാ ചിന്ത എന്നിവയാണ് പോണ്‍ അഡിക്ഷന്റെ പരിണിത ഫലമെന്ന് മുംബെയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റും സെക്‌സോളജിസ്റ്റുമായ ഡോക്ടര്‍ കുമാവത് പറയുന്നു. സ്മാര്‍ട്ട് ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിതമായ ഉപയോഗം ഉത്കണ്ഠാ രോഗം വര്‍ധിക്കാനിടയാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

(ഡെക്കാന്‍ ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും ക്രോഡീകരിച്ചത്)

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ