ലോകമെമ്പാടും കാട്ടുതീ രൂക്ഷമാകുകയാണ്. 20 വർഷം മുമ്പുള്ളതിന്റെ ഇരട്ടിയോളം മരങ്ങളാണ് കാട്ടുതീയിൽ കത്തിനശിക്കുന്നതെന്ന് പുതിയ സാറ്റലൈറ്റ് പഠനങ്ങൾ പറയുന്നത്. പൈൻ വൃക്ഷങ്ങൾ ധാരാളമുള്ള റഷ്യ, കാനഡ, യുഎസ്, ഫിൻലാൻഡ്, നോർവേ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബോറിയൽ വനങ്ങളും ആമസോൺ പോലുള്ള ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളും ഉൾക്കൊള്ളുന്ന ഉഷ്ണമേഖലാവനങ്ങളും തെക്കുകിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും മഴക്കാടുകളെയുമാണ് കാട്ടുതീ ഏറ്റവുമധികം ബാധിച്ചത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ തീപിടിത്തം മൂലം മരങ്ങൾ നശിക്കുന്നത് ബോറിയൽ വനങ്ങളുടേതിന് സമാനമായി കാർബൺ പുറംതള്ളൽ കൂടുന്നതിന് കാരണമായി. ബ്രസീലിയൻ രാജ്യങ്ങളിൽ സംഭവിച്ച കാർബൺ പുറന്തള്ളലിന്റെ പ്രധാനകാരണം വനങ്ങളിലെ കാട്ടുതീ എന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീ രൂക്ഷമാകാനുള്ള പ്രധാന കാരണം. അന്തരീക്ഷ താപനില വർധിക്കുന്നത് ഭൂമി വരളുന്നതിനും അതുവഴി കാട്ടുതീയുടെ സാധ്യത കൂട്ടുകയും ചെയ്യുന്നു.
ഏകദേശം ഫെബ്രുവരിയോട് കൂടിയാണ് ഇന്ത്യയിൽ കാട്ടുതീ ആരംഭിച്ചത്. 14 ആഴ്ചകളോളമാണ് കാട്ടുതീ ശല്യം രാജ്യത്ത് നീണ്ടു നിന്നത്. കഴിഞ്ഞ 2022 ഓഗസ്റ്റ് 29 നും 2023 ഓഗസ്റ്റ് 28 നും ഇടയിലായി 14,689 വിഐഐആർഎസ് (വിസിബിൾ ഇൻഫ്രാറെഡ് ഇമേജിംഗ് റേഡിയോമീറ്റർ സ്യൂട്ട്) തീപിടുത്ത മുന്നറിയിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2012 വരെയുള്ള മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് അസാധാരണമായി ഉയർന്ന കണക്കാണെന്ന് വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് വിശകലനം ചെയ്ത പഠനത്തിൽ പറയുന്നു.
2001 മുതൽ 2022 വരെ നടന്ന തീപിടുത്തങ്ങളിലായി ആകെ 2.15 ദശലക്ഷം ഹെക്‌ടർ നാശ നഷ്ടങ്ങളാണ് രാജ്യത്ത് സംഭവിച്ചത്. അതിൽ 3.59 ലക്ഷം ഹെക്‌ടർ മരങ്ങൾ കാട്ടുതീയിൽ പെട്ട് നശിച്ചതായാണ് കണക്ക്. ഏറ്റവും കൂടുതൽ വൃക്ഷങ്ങൾ നശിച്ച വർഷം 2008 ആണ്, 3000 ഹെക്ടറാണ് തീപിടുത്തത്തിൽ നശിച്ചത്.
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2021 നവംബറിനും 2022 ജൂണിനുമിടയിൽ 2,23,333 കാട്ടുതീയും 2022 നവംബറിനും 2023 ജൂണിനുമിടയിൽ 2,12,249 കാട്ടുതീയുമാണ് ഇന്ത്യയിൽ ഉണ്ടായത്. 2002 മുതൽ 2022 വരെ ഇന്ത്യയ്ക്ക് 3.93 ലക്ഷം ഹെക്ടർ മഴക്കാടുകളാണ് കാട്ടുതീയിൽ നഷ്ടമായത്. ആകെയുള്ള മരങ്ങളുടെ 18 ശതമാനത്തോളം വരുമിത്. ഈ കാലയളവിൽ തന്നെ മഴക്കാടുകളുടെ ആകെ വിസ്തൃതി 3.9 ശതമാനമായി കുറഞ്ഞു.
ആഗോളതലത്തിലും സ്ഥിതി വളരെ ആശങ്കാജനകമാണ്. ഏറ്റവും കൂടുതൽ കാട്ടുതീ പടർന്ന വർഷമാണ് 2021. ഈ വർഷം മാത്രം 9.3 ദശലക്ഷം ഹെക്ടർ മരങ്ങളാണ് കാട്ടുതീയിൽ പെട്ട് ആഗോളതലത്തിൽ ഇല്ലാതായത്. മുൻ വർഷത്തേക്കാൾ കുറവാണെങ്കിലും 2022ലും കാട്ടുതീയിൽ പെട്ട് 6.6 ദശലക്ഷം ഹെക്ടറിലധികം മരങ്ങൾ കാട്ടുതീയിൽ ഇല്ലാതായിരുന്നു.