ഗാംബിയയില്‍ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് 70 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലോകാരോഗ്യസംഘടന കൈമാറിയ വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ഇന്ത്യ നിയോഗിച്ച അന്വേഷണ കമ്മീഷന്‍. മരുന്നുകളെ കുറിച്ച് ഇതുവരെ കൈമാറിയ വിവരങ്ങള്‍ ഉപയോഗിച്ച് കുട്ടികളുടെ ആരോഗ്യനില വഷളാക്കിയ സാഹചര്യം വിലയിരുത്താനാകില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ നിലപാട്. ഇക്കാര്യം ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പുകളെ കുറിച്ചുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ ഒക്ടോബര്‍ 13ന് ലോകാരോഗ്യസംഘടന ഡിസിജിഐ വി.ജി സോമനിയോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്ത്യ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ഡോ. വൈ കെ ഗുപ്ത അധ്യക്ഷനായ നാലംഗ അന്വേഷണ സംഘം ലോകാരോഗ്യ സംഘടന ഇതുവരെ കൈമാറിയ റിപ്പോര്‍ട്ടുകളുടേയും കുട്ടികളുടെ ചികിത്സാ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളിലെത്തിയിട്ടുണ്ട്. എന്നാല്‍ ലഭിച്ച വിവരങ്ങള്‍ പര്യാപ്തമല്ലെന്നും മറുപടിയില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയാക്കണമെങ്കില്‍ മരിച്ച കുട്ടികളുടെ രോഗ ലക്ഷണങ്ങള്‍, ലാബ് പരിശോധനാ ഫലങ്ങള്‍, സാമ്പിളുകളുടെ വിശദാംശങ്ങള്‍, നല്‍കിയ ചികിത്സയുടെ വിവരങ്ങള്‍, ഉപയോഗിച്ച എല്ലാ മരുന്നുകളുടെയും പേരുകളും അവയുടെ നിര്‍മാതാക്കളുടെ വിവരങ്ങള്‍ എന്നിവ അനിവാര്യമാണെന്നും ഇന്ത്യ അറിയിച്ചു. കൈമാറിയ രേഖകളില്‍ ഇവയില്‍ പലതുമില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഗാംബിയയിലെ കുട്ടികളുടെ മരണത്തില്‍ ഇന്ത്യന്‍ കമ്പനിക്ക് പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ അന്വേഷണം ആരംഭിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഗാംബിയയില്‍ 70 കുട്ടികള്‍ മരിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഹരിയാന അസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്‌റെ നാല് കഫ് സിറപ്പുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തി. പ്രോമെത്താസിന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫേക്സാമലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ്, എന്നിവയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന ജാഗ്രത പുറപ്പെടുവിച്ചിരുന്നു.
മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിർമാണം നിർത്തിവെക്കാന്‍ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഗുണമേന്മ പരിശോധനകളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. കമ്പനിയുടെ നിർമ്മാണ പ്ലാന്റിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.
മരുന്നുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ 2011ൽ കമ്പനിയെ വിയറ്റ്നാം നിരോധിച്ചിരുന്നു. കേരളം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ പല മരുന്നുകൾക്കും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ പൊതുവിതരണ ഏജന്‍സി, കമ്പനിയെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തുകയും ചെയ്തു.
അതിനിടെ ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പുകളിലെ ചേരുവകൾ ഇന്തോനേഷ്യ കഴിഞ്ഞദിവസം നിരോധിച്ചു. കഫ് സിറപ്പുകൾ മൂലമുണ്ടായ ഗുരുതര വൃക്കരോഗങ്ങൾ ഈ വർഷം ജക്കാർത്തയിൽ 20 കുട്ടികളുടെ മരണത്തിനിടയാക്കിയിരുന്നു. ഡൈഎഥിലീൻ ഗ്ലൈകോൾ, എഥിലീൻ ഗ്ലൈകോൾ എന്നിവയാണ് മരണത്തിന് കാരണമായതെന്ന നിഗമനത്തിലാണ് നടപടി.