ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് അറ്റകുറ്റപണികൾക്കായി കൊച്ചിൻ ഷിപ്പ് യാർഡിലേക്ക് യാത്ര തിരിച്ചു. വർഷാവസാനത്തോടെ നടക്കാനിരിക്കുന്ന ഇൻഡോ പസഫിക് ഓപ്പറേഷന് മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പുകൾക്കായാണ് കപ്പൽ ഷിപ്പ് യാര്‍ഡിലേക്ക് മാറ്റുന്നത്.
ജൂൺ മൂന്ന്, നാല് തീയതികളിൽ ഐഎൻഎസ് വിക്രമാദിത്യയുടേയും ഐഎൻഎസ് വിക്രാന്തിന്റെയും നേതൃത്വത്തിൽ അറബിക്കടലിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. 35 MiG-29K സ്ട്രൈക്ക് എയർക്രാഫ്റ്റുകളും അമേരിക്കയിൽ നിന്ന് പുതുതായി വാങ്ങിയ എംഎച്ച് - 60 ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനങ്ങളുടെ ഭാഗമായിരുന്നു.
ഐഎൻഎസ് വിക്രമാദിത്യ കഴിഞ്ഞ വർഷം നടന്ന നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം ഇപ്പോൾ പൂർണ്ണ സജ്ജമായിരിക്കുകയാണ്
പുതുക്കി പണിയൽ, ഹാർഡ്‌വെയർ - ഹൈഡ്രോളിക് സംവിധാനങ്ങൾ, വിനോദ സംവിധാനങ്ങൾ തുടങ്ങി എല്ലാത്തരം അറ്റകുറ്റപ്പണികളും ഉൾക്കൊള്ളുന്നതാണ് കപ്പലുകളുടെ റീഫിറ്റിങ്. പഴയ ഉപകരണങ്ങൾ പുതുക്കുക, ആധുനിക സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേർക്കല്‍ എന്നിവയും റീഫിറ്റിങ്ങിൽ ഉൾപ്പെടുന്നു. ഐഎൻഎസ് വിക്രമാദിത്യ കഴിഞ്ഞ വർഷം നടന്ന നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം ഇപ്പോൾ പൂർണ്ണ സജ്ജമായിരിക്കുകയാണ്.
ഓഗസ്റ്റിൽ സിഡ്നി തീരത്ത് ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളുണ്ടാകും. ഓസ്‌ട്രേലിയ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാകും അഭ്യാസപ്രകടനങ്ങൾ. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഐഎൻഎസ് വിക്രാന്ത് 26 റാഫേൽ-മാരിടൈം വിമാനങ്ങൾ കൂടി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ . യുഎസിൽ നിന്ന് ഈ വർഷാവസാനത്തോടെ 10 സിക്കോർസ്‌കി മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ എത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ നാവികസേനയ്ക്ക് ദക്ഷിണ ഇന്ത്യൻ മഹാ സമുദ്രത്തിൽ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്
ഇന്ത്യ മൂന്നാമതൊരു വിമാനവാഹിനി കപ്പലിനായുള്ള ആവശ്യം ഉയർത്തിക്കാട്ടുമ്പോൾ ഒരെണ്ണം കിഴക്കൻ കടൽത്തീരത്തും മറ്റൊരെണ്ണം പടിഞ്ഞാറൻ കടൽത്തീരത്തും വിന്യസിക്കാനാണ് പദ്ധതിയിടുന്നത്.
ഇന്ത്യൻ നാവികസേനയ്ക്ക് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. ആസിയാൻ, ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ് എന്നിവടങ്ങളിലെ തുറമുഖങ്ങളിലും സൈനിക താവളങ്ങളിലും ചൈന നിക്ഷേപം നടത്തുന്നതിനാൽ ചൈനീസ് യുദ്ധക്കപ്പലുകൾ ഉപ ഭൂഖണ്ഡത്തിൽ വൻ ശക്തിയാകാനുള്ള സാഹചര്യമുണ്ട്.
അതിനാൽ തെക്കു കിഴക്കൻ ഏഷ്യയുടെ ഭാവി സുരക്ഷിതമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് . ഇതിനായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിലെ തുറമുഖങ്ങളിൽ നിക്ഷേപിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ എണ്ണ ഖനന ശക്തികളിൽ നിന്നും ഇന്ത്യ നിക്ഷേപം തുടരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.