Subhashish Panigrahi
INDIA

'സംശയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു'; സെബിയുടെ അന്വേഷണം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

വെബ് ഡെസ്ക്

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ വിപണിയിൽ സംശയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ അദാനിക്കെതിരെ സെബി നടത്തിവരുന്ന അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. 2023ൽ പുറത്തുവന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രഖ്യാപിച്ച സെബിയുടെ അന്വേഷണം പൂർത്തിയാക്കി അതിന്റെ കണ്ടെത്തലുകൾ പുറത്തുവിടേണ്ടത് ഇപ്പോൾ അനിവാര്യമാണെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകൻ വിഷാൽ തിവാരിയുടെ ആവശ്യം.

2024 ജനുവരിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സെബിക്ക് നൽകിയ സമയം മൂന്ന് മാസമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഹിൻഡൻബെർഗ് ഉന്നയിച്ച ആരോപണങ്ങൾ 24 ചോദ്യങ്ങളായി പരിഗണിച്ച സെബി അതിൽ 22 എണ്ണത്തിനും മൂന്നുമാസത്തിനുള്ളിൽ ഉത്തരം കണ്ടെത്തിയെന്നും ബാക്കിയുള്ള രണ്ട് ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തണമെങ്കിൽ പുറത്തുള്ള മറ്റ് ഏജൻസികളിൽ നിന്നും വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നുമാണ് സെബി നൽകിയ വിശദീകരണം.

സെബി ചെയർപേഴ്സൺ ആയ മാധബി പുരി ബുച്ചിന് മൗറീഷ്യസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദാനിയുടേതെന്നു ആരോപിക്കപ്പെടുന്ന കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ഏറ്റവും പുതിയ ഹിൻഡൻബെർഗ് റിപ്പോർട്ടിലുള്ളത്. ഈ സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സമയം നിശ്ചയിക്കണമെന്നാണ് വിഷാൽ തിവാരി ഹർജിയിൽ ആവശ്യപ്പെടുന്നത്.

2023ലെ റിപ്പോർട്ടിനെ തുടർന്ന് പണം നഷ്ടപ്പെട്ട നിക്ഷേപകരെ സംബന്ധിച്ച് അദാനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്നാണ് തിവാരി പറയുന്നത്. ആദ്യ റിപ്പോർട്ട് വന്നതിൽപ്പിന്നെ അദാനി ഗ്രൂപ്പിന് 20,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്ന് 18 മാസം കഴിഞ്ഞ് അദാനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സെബിക്ക് താല്പര്യം കുറഞ്ഞെന്ന് ഹിൻഡൻബെർഗ് നേരത്തെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

മൗറീഷ്യസ്, ബെർമുഡ പോലുള്ള വിദേശനിക്ഷേപങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് ലഭിക്കുന്ന രാജ്യങ്ങളിൽ വിനോദ് അദാനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കടലാസ് കമ്പനികളിലൂടെ നിക്ഷേപം പെരുപ്പിച്ച് കാണിച്ച് ഓഹരി വിപണിയിൽ തങ്ങളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് ശ്രമിച്ചു എന്നായിരുന്നു ആദ്യത്തെ ഹിൻഡൻബെർഗ് റിപ്പോർട്ടിലെ ആരോപണം. അതിന്റെ തുടർച്ച എന്ന രീതിയിലാണ് ഇപ്പോൾ രണ്ടാമത്തെ റിപ്പോർട്ടും പുറത്തു വരുന്നത്.

മാധബി പുരി ബുച്ചും അവരുടെ ഭർത്താവ് ധവാൽ ബുച്ചും ശമ്പളമായി ലഭിച്ച തുകയാണ് കമ്പനികളിൽ നിക്ഷേപിച്ചതെന്നാണ് ഐഐഎഫ്എൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 2017ൽ മാധബി ബുച്ച് സെബിയിലെ സ്ഥിര അംഗമാകുന്നതിനു ദിവസങ്ങൾക്കുമുമ്പ് നിക്ഷേപങ്ങളുടെ പൂർണ അധികാരം തനിക്കു മാത്രമാണെന്ന് കാണിച്ച് ധവാൽ ബുച്ച് മൗറീഷ്യസിലെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്ന ട്രൈഡന്റ് ട്രസ്റ്റിനെ ഇ-മെയിൽ വഴി ബന്ധപ്പെട്ടതിനുള്ള തെളിവും റിപ്പോർട്ടിൽ ഹിൻഡൻബെർഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം