INDIA

'നിക്ഷേപകരുടെ താത്പര്യം പരമപ്രധാനം'; എഫ് പി ഒ പിന്‍വലിച്ചത് ധാര്‍മിക നടപടിയെന്ന് അദാനി

"വിപണിയിലെ തിരിച്ചടികൾ തുടരുമ്പോൾ എഫ് പി ഒയുമായി മുന്നോട്ട് പോകുന്നത് ന്യായമല്ല, എനിക്ക് എന്റെ നിക്ഷേപകരുടെ താത്പര്യമാണ് പ്രധാനം, മറ്റെല്ലാം രണ്ടാമതാണ്"

വെബ് ഡെസ്ക്

നിക്ഷേപകരുടെ താത്പര്യങ്ങളാണ് അദാനി ഗ്രൂപ്പിന് പ്രധാനമെന്ന് പ്രമുഖ വ്യവസായി ഗൗതം അദാനി. എഫ് പി ഒ റദ്ദാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എഫ് പി ഒ റദ്ദാക്കിയത് ധാര്‍മികമായ നടപടിയാണെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തീരുമാനം കമ്പനിയുടെ പ്രവർത്തനങ്ങളെയും ഭാവി പദ്ധതികളെയും ബാധിക്കില്ലെന്നും അദാനി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് വിപണി ചാഞ്ചാട്ടം കണക്കിലെടുത്ത്‌ എഫ് പി ഒ പിൻവലിക്കുകയാണെന്നും എല്ലാവർക്കും പണം തിരികെ നൽകുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.

"വിപണിയിലെ തിരിച്ചടികൾ തുടരുമ്പോൾ എഫ് പി ഒയുമായി മുന്നോട്ട് പോകുന്നത് ന്യായമല്ല, എനിക്ക് എന്റെ നിക്ഷേപകരുടെ താത്പര്യമാണ് പ്രധാനം, മറ്റെല്ലാം രണ്ടാമതാണ്. അവരെ നഷ്ടത്തിൽ നിന്ന് രക്ഷിക്കാനാണ് നീക്കം" - അദാനി പറഞ്ഞു. വിപണി സ്ഥിരത കൈവരിക്കുമ്പോൾ മൂലധന തന്ത്രങ്ങൾ പുനരാലോചിക്കുമെന്നും കമ്പനിയുടെ ബാലൻസ് ഷീറ്റുകളും, ആസ്തിയും സുശക്തമാണെന്നും അദാനി വ്യക്തമാക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് വന്നതിന്റെ പിറ്റേന്ന് ആരംഭിച്ച എഫ് പി ഒ വില്‍പ്പന ആദ്യ നാളുകളിൽ മന്ദഗതിയിലായിരുന്നെങ്കിലും അവസാന ദിനം വില്‍പ്പന വർധിച്ചിരുന്നു.

നിക്ഷേപകരെ വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നു എന്ന തരത്തിലുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോർട്ടുകൾ വന്നതോടെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരിയിൽ തകർച്ചയാരംഭിച്ചത്. ഫോബ്‌സിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഏറ്റവുമൊടുവിൽ പട്ടികയില്‍ 15ാം സ്ഥാനത്താണ് എത്തിനില്‍ക്കുന്നത്. ഗൗതം അദാനിക്ക് മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന നേട്ടവും ഇതോടെ അദാനിക്ക് നഷ്ടമായി. കേന്ദ്ര ബജറ്റ് ദിനത്തില്‍ രാജ്യത്തെ ഓഹരി വിപണിയ്ക്ക് ഉണര്‍വുണ്ടായപ്പോഴും അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വലിയ തിരിച്ചടിയാണ് നേരിട്ടത്. 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ