മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ധനമന്ത്രി നിര്‍മ്മല സിതാരാമന്റെ ഇടക്കാല ബജറ്റ്. 58 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയെ ശേഷമുള്ള നേട്ടങ്ങൾ ഊന്നിപ്പറയുക മാത്രമായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ. കൂടാതെ വരും വർഷങ്ങളിൽ ഇന്ത്യ വലിയ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന അവകാശവാദങ്ങളും ധനമന്ത്രി ഉയർത്തി. കുതിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഓഹരിവിപണിയിൽ ആശയക്കുഴപ്പമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
2047-ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും അടുത്ത അഞ്ച് വർഷം അഭൂതപൂർവമായ വളർച്ചയുടെ വർഷങ്ങളായിരിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഒപ്പം സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് കൂടുതലും ബജറ്റിൽ ഉണ്ടായിരുന്നത്. ആത്മീയ വിനോദ സഞ്ചാരം ഉൾപ്പെടെ വിവിധ മേഖലകളിൽ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. പൊതുതിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയുള്ള ബജറ്റ് ആയിരുന്നതിനാൽ നികുതി നിരക്കുകളിൽ മാറ്റം പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ നികുതി സ്ലാബുകളിൽ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രഖ്യാപനം.
നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിർമാർജനം, കായിക മേഖലയിലെ നേട്ടം തുടങ്ങിയവ യാഥാർഥ്യമായെന്ന് ധനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധനം, സ്ത്രീ സംവരണ ബിൽ തുടങ്ങിയവ സ്ത്രീ ശാക്തീകരണത്തിന് ഘടകമായി. ചെസ്സ് താരം പ്രഗ്‌നാനന്ദയെ അഭിനന്ദിച്ച ധനമന്ത്രി താരങ്ങളുടെ നേട്ടവും എണ്ണിപ്പറഞ്ഞു. അടുത്ത അഞ്ചുവർഷവും തങ്ങൾ തന്നെ ഭരിക്കുമെന്ന പ്രതീക്ഷയും കേന്ദ്രമന്ത്രി മുന്നോട്ടുവച്ചു. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രഖ്യാപനങ്ങൾ ജൂലൈയിൽ നടത്തുമെന്നും നിർമല സീതാരാമൻ പറഞ്ഞു.