''സര്‍വ്വ രാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍'', എല്ലാ മെയ് ഒന്നിനും ലോകമെങ്ങും ഉയര്‍ന്നുകേള്‍ക്കുന്ന മുദ്രാവാക്യം. മുദ്രാവാക്യങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അപ്പുറം കാലം മാറിയതിനുസരിച്ച് തൊഴിലാളികളുടെ ജീവിത സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ടോ? ഇല്ലെന്ന് ലോകമെമ്പാടും നടക്കുന്ന തൊഴിലാളി വര്‍ഗ പ്രക്ഷോഭങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ഇന്ത്യയിലും സ്ഥിതി സമാനമാണ്, രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ തന്നെ തിരുത്തിയെഴുതപ്പെടുന്നു.
നഷ്ടപ്പെടുന്ന തൊഴില്‍, വെട്ടിക്കുറയ്ക്കുന്ന വേതനം, വര്‍ധിക്കുന്ന തൊഴിലില്ലായ്മ, തൊഴില്‍ സുരക്ഷ നഷ്ടമാകല്‍, തൊഴിലിടങ്ങളില്‍ വര്‍ധിക്കുന്ന അപകടങ്ങള്‍, ദുര്‍ബലമാകുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം, പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറ്റം നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും തൊഴില്‍ ദാതാക്കളും, കാലാവസ്ഥ വ്യതിയാനം തുടങ്ങി കോവിഡാനന്തര കാലത്ത്, തൊഴിലാളികള്‍ വന്‍തോതിലുള്ള വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.
കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി കമ്പനികള്‍ സ്ഥിര നിയമനങ്ങള്‍ ഇല്ലാതാക്കുകയും ശമ്പള, ആനുകൂല്യങ്ങളില്‍ വന്‍തോതിലുള്ള വെട്ടിച്ചുരുക്കലുകള്‍ നടത്തുകയും ചെയ്തു. കോവിഡ് കാലത്ത് സര്‍ക്കാരുകള്‍ ഏറ്റവും ക്രൂരമായി ഇടപെട്ടതും തൊഴിലാളികളോട് തന്നെയായിരുന്നു. ലോക്ക്ഡൗണ്‍ എന്നപേരില്‍ ഒറ്റരാത്രികൊണ്ട് രാജ്യം അടച്ചിട്ടപ്പോള്‍ പകച്ചുപോയ തൊഴിലാളികള്‍ സ്‌പെഷ്യല്‍ ട്രെയിനുകളില്‍ തിക്കിത്തിരക്കിയും കാതങ്ങള്‍ നടന്നും തളര്‍ന്നുവീണപ്പോള്‍ അവര്‍ നേരിട്ടതും വലിയ അവഗണനയായിരുന്നു.
കേരളം പോലെ, തൊഴിലാളി സംഘടനകള്‍ സജീവമായി ഇടപെട്ട് സമൂലമാറ്റങ്ങള്‍ വരുത്തിയ സമൂഹത്തില്‍ പോലും മനോഭാവത്തില്‍ മാറ്റം വന്നു.
കൂട്ട പിരിച്ചുവിടലുകള്‍ തുടര്‍ക്കഥ
പല വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ തൊഴിലാളികളെ പിരിച്ചുവിട്ടതായിരുന്നു കഴിഞ്ഞവര്‍ഷം ലോകം കണ്ടത്. ശക്തമായ ട്രേഡ് യൂണിയനുകളുടെ അഭാവം, ഈ കമ്പനികളുടെ നയത്തെ ചോദ്യം ചെയ്യാനുള്ള തൊഴിലാളികളുടെ കരുത്ത് ചോര്‍ത്തിക്കളഞ്ഞു. ഗൂഗിള്‍, മെറ്റ, ആമസോണ്‍, എക്‌സ്, തുടങ്ങി വന്‍കിട ഐടി സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ തുടര്‍ക്കഥയാക്കി. ആമസോണ്‍ മാത്രം കഴിഞ്ഞവര്‍ഷം 27,000-ല്‍ അധികം ജോലികളാണ് വെട്ടിക്കുറച്ചത്.
2024-ലെ ആദ്യ രണ്ടുമാസത്തില്‍ മാത്രം ഈ കമ്പനികള്‍ പിരിച്ചുവിട്ടത് 50,000 ജീവനക്കാരെയാണ്. 2023-ല്‍ ഏകദേശനം രണ്ടരലക്ഷം ജീവനക്കാരെയാണ് ആഗോളതലത്തില്‍ ഐടി കമ്പനികള്‍ പിരിച്ചുവിട്ടത്. 2024 മാര്‍ച്ചില്‍ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ പിരിച്ചുവിട്ടത് 6,000 പേരെയാണ്. 2022-23 വര്‍ഷത്തില്‍ ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 20,000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ 17 ശതമാനം ജീവിക്കാരെ പിരിച്ചുവിട്ടിരുന്നു. ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്ത ശേഷം എക്‌സില്‍ മാസന്തോറും പിരിച്ചുവിടല്‍ നടന്നിരുന്നു.
കേരളം പോലെ, തൊഴിലാളി സംഘടനകള്‍ സജീവമായി ഇടപെട്ട് സമൂലമാറ്റങ്ങള്‍ വരുത്തിയ സമൂഹത്തില്‍ പോലും മനോഭാവത്തില്‍ മാറ്റം വന്നു. ഒരുവലിയ വിഭാഗം യൂണിയന്‍ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്ന നിലയിലേക്ക് എത്തി. തൊഴിലാളി സംഘടനകള്‍ കാരണമാണ് വന്‍കിട വ്യവസായങ്ങള്‍ നമ്മുടെ നാട്ടിലേക്ക് എത്താത്ത് എന്ന ആക്ഷേപങ്ങളും ശക്തമാണ്.
ലോകത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്, വികസിത രാജ്യങ്ങള്‍ അവരുടെ സാമ്പത്തിക ഭാരം വികസ്വര രാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. ഉപരോധങ്ങളിലൂടെയും മറ്റും വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ ശ്വാസംമുട്ടിക്കുമ്പോള്‍, തങ്ങളുടെ തൊഴിലാളി സമീപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ വികസ്വര രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുന്നു. സ്വകാര്യ കമ്പനികള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും സ്ഥിര നിയമനങ്ങള്‍ കുറയ്ക്കുന്ന പ്രവണതയിലേക്ക് മാറി. യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും വികസ്വര രാജ്യങ്ങളിലെ തൊഴിലാളി ജീവിതങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഭരണപക്ഷത്തിരിക്കുന്ന പാര്‍ട്ടികള്‍ക്ക് കൃത്യമായ തൊഴില്‍ നയങ്ങളില്ലാത്ത രാജ്യങ്ങളില്‍ തൊഴിലാളികള്‍ ശ്വാസംമുട്ടി. ആ ശ്വാസംമുട്ടലിന്റെ ഉത്തമ ഉദാഹരണമാണ് നരേന്ദ്ര മോദിയുടെ കാലത്തെ ഇന്ത്യ.
ഇന്ത്യന്‍ തൊഴില്‍ രംഗം മുമ്പെങ്ങും കാണാത്ത തരത്തില്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, അയല്‍രാജ്യമായ ബംഗ്ലാദേശ് ചില മാതൃകകള്‍ നമുക്ക് മുന്നില്‍വയ്ക്കുന്നുണ്ട്.
നിരന്തര സമരങ്ങളിലൂടെയും ചര്‍ച്ചകളിലൂടേയും നിയമങ്ങളിലെ പരിഷ്‌കാരങ്ങളിലൂടെയും രാജ്യത്തെ തൊഴിലാളികള്‍ നേടിയെടുത്ത ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ തകര്‍ന്നു തരിപ്പണമായി. വര്‍ഷങ്ങളായി കരാര്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പോലും ജോലി സ്ഥിരത ലഭിക്കുന്നില്ല. തൊഴില്‍ മേഖലയിലെ കരാര്‍വത്കരണം സ്ഥിരമാക്കുന്നതിന്റെ ഭാഗമായി നിശ്ചിതകാല തൊഴില്‍ നയം നപ്പാക്കാന്‍ കേന്ദ്രം തുനിഞ്ഞത് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് കൂടുതല്‍ സഹായമായി. സംഘടിക്കുന്നതും തൊഴിലാളി യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഇന്ന് ഇന്ത്യയില്‍ ഏറ്റവും ദുഷ്‌കരമായ പ്രവര്‍ത്തനമാണ്. വിലക്കയറ്റം കാരണം യഥാര്‍ഥ വേതന മൂല്യം കുറഞ്ഞു. ദേശീയ ധനസമ്പാദന പദ്ധതിയെന്ന പേരില്‍ പൊതുമേഖ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന സര്‍ക്കാര്‍, തൊഴിലാളികള്‍ ഇന്നുവരെ അനുഭവിച്ചുവന്ന തൊഴില്‍ സുരക്ഷ ഓരോന്നായി ഇല്ലാതാക്കുന്നു.
ഇന്ത്യന്‍ തൊഴില്‍ രംഗം മുമ്പെങ്ങും കാണാത്ത തരത്തില്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, അയല്‍രാജ്യമായ ബംഗ്ലാദേശ് ചില മാതൃകകള്‍ നമുക്ക് മുന്നില്‍വയ്ക്കുന്നുണ്ട്. സാമ്പത്തിക രംഗത്ത് മുന്നേറ്റം കാഴ്ചവയ്ക്കുന്ന ബംഗ്ലാദേശ്, തൊഴില്‍ മേഖലയിലയക്കം പരിവര്‍ത്തനങ്ങള്‍ നടത്തിയത് ആ രാജ്യത്തിന്റെ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ വിലയിരുത്തുന്നത്.
പ്രകടനപത്രികകളില്‍ എന്തുണ്ട്?
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കാലത്ത് കടന്നുവരുന്ന മെയ് ദിനം എന്ന നിലയില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രകനപത്രികയില്‍ തൊഴില്‍ മേഖലയെ കുറിച്ച് എന്താണ് പറയുന്നത് എന്നതുകൂടി പരിശോധിക്കാം. ദേശീയ അടിസ്ഥാന വേതനം പ്രതിദിനം 400 രൂപയാക്കി ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. സര്‍ക്കാര്‍-പൊതുമേഖല കരാര്‍ നിയമനങ്ങള്‍ നിര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അമ്പത് ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മൂന്നു മുദ്രാവാക്യങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം ദിവസം 400 രൂപയാക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നു.
മറുവശത്ത് ബിജെപിയുടെ പ്രകടനപത്രികയില്‍ തൊഴില്‍ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെയില്ല. 24 ഉറപ്പുകള്‍ നല്‍കുന്ന പ്രകടനപത്രികയില്‍ ബിജെപി, തൊഴില്‍ മേഖലയ്ക്ക് വേണ്ടി ഒരു ഗ്യാരന്റി പോലും മുന്നോട്ടുവച്ചിട്ടില്ല. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം 2014-ലെ പ്രകടനപത്രികയിലുണ്ടായിരുന്നു. എന്നാല്‍, ഇത് സൃഷ്ടിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, വലിയതോതിലുള്ള തൊഴില്‍ നഷ്ടമുണ്ടാവുകയും ചെയ്തു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധനവ് 2014-ല്‍ 5.3 ശതമാനം ആയിരുന്നെങ്കില്‍ 2023-ല്‍ ഇത് 8.1 ശതമാനമാണ്.
ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ മൊത്തം തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവാക്കളാണ് എന്നാണ്. 2000-2022 കാലഘട്ടത്തില്‍ ഇന്ത്യയുടെ തൊഴില്‍ അനുപാതം മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നേ കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗുണനിലവാരമില്ലാത്ത തൊഴിലവസരങ്ങളാണ് അംഘടിത മേഖലയില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വയം തൊഴില്‍, കാഷ്വല്‍ ലേബര്‍ എന്നിവയാണ് ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഏകദേശം 82 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവരായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയും തൊഴിലാളികളും ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍, ഓരോ കേരളീയനും ഓര്‍മ്മവെച്ച കാലം മുതല്‍ കേട്ടുപഴകിയ ആ മുദ്രാവാക്യം ഇന്ന് തെരുവകളില്‍ വീണ്ടും മുഴങ്ങും, ഇന്നൊരു ദിവസത്തേക്ക് മാത്രം, 'സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍....'