ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. മൂന്നംഗ കമ്മറ്റിയുടെ തലവനായി ഒളിമ്പിക് അസോസിയേഷന്‍ അംഗവും വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഭൂപീന്ദര്‍ സിങ് ബജ്‌വയെ നിയമിച്ചു. ഇന്ത്യന്‍ ഹോക്കി മുന്‍ താരം എംഎം. സൊമായ, ബാഡ്മിന്റണ്‍ മുന്‍ താരം മഞ്ജുഷ കന്‍വാര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി സസ്‌പെന്‍ഡ് ചെയ്ത ശേഷം കേന്ദ്ര സര്‍ക്കാരാണ് ഭരണനിര്‍വഹണത്തിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ പിടി ഉഷ അധ്യക്ഷയായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ടത്. പുതിയ ഭരണസമിതിക്കും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്ങിനുമെതിരേ ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നതിനേത്തുടര്‍ന്നായിരുന്നു കേന്ദ്ര നടപടി.
പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. അതിന്റെ ഒരുക്കങ്ങളുടെ ചുമതലയെല്ലാം പുതിയ കമ്മിറ്റിക്കായിരിക്കും. ഡബ്ല്യുഎഫ്‌ഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര മത്സരങ്ങളില്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഇനി അഡ്‌ഹോക് കമ്മിറ്റിയാകും നോക്കുക.
ഡിസംബര്‍ 21 നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) പുതിയ തലവനായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായിയായാണ് സഞ്ജയ് സിങ് അറിയപ്പെട്ടിരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 47-ല്‍ 40 വോട്ടും നേടിയായിരുന്നു സഞ്ജയ് സിങ്ങിന്റെ വിജയം.