ഇന്ത്യയിൽ വീണ്ടും ഐ ഫോൺ നിർമാണ യൂണിറ്റ് ആരംഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇലക്ട്രോണിക്സ് കമ്പനി ഫോക്സ്കോണ്‍. പുതിയ നിക്ഷേപങ്ങൾക്കായി കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഫോക്സ്കോണ്‍ വ്യക്തമാക്കി. ഫോക്സ്കോണ്‍ ചെയർമാൻ യംഗ് ലിയു കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് കമ്പനി രാജ്യത്ത് പുതിയ നിക്ഷേപങ്ങൾ ആരംഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്. ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയും ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കമ്പനിയുമാണ് ഫോക്സ്കോണ്‍.
"ചർച്ചകളും ആഭ്യന്തര അവലോകനവും തുടരുകയാണ്. മാധ്യമങ്ങളിൽ വരുന്ന സാമ്പത്തിക നിക്ഷേപ തുക ഫോക്സ്കോൺ പുറത്തുവിടുന്ന വിവരങ്ങളല്ല." കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഫോക്സോൺ നിക്ഷേപത്തെക്കുറിച്ച് കർണാടക, തെലങ്കാന സർക്കാരുകൾ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് വാർത്ത നിഷേധിച്ച് കമ്പനി രംഗത്ത് എത്തിയത്. അദാനി എന്റർപ്രൈസസുമായി ചേർന്ന് ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, 700 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് പദ്ധതിയിടുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള 300 ഏക്കർ സ്ഥലത്ത് ഫോക്സ്കോണ്‍, ആപ്പിൾ ഐ ഫോൺ നിർമാണ യൂണിറ്റ് ആരംഭിക്കുമെന്നായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചത്
ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള 300 ഏക്കർ സ്ഥലത്ത് ഫോക്സ്കോണ്‍, ആപ്പിൾ ഐ ഫോൺ നിർമാണ യൂണിറ്റ് ആരംഭിക്കുമെന്നായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചത്. ഇതുവഴി രാജ്യത്ത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കർണാടകയിലെ പുതിയ ഫാക്ടറിയിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഫോക്സ്കോണ്‍ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.