ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇറാനിയൻ പാസഞ്ചർ വിമാനത്തിന് ബോംബ് ഭീഷണി. ടെഹ്റാനിൽ നിന്ന്, ചൈനയിലെ ഗ്വാങ്ഷൗവിലേക്ക് പോകുകയായിരുന്ന മഹാൻ എയർ ജെറ്റിലാണ് ഡൽഹിയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ ബോംബ് ഭീഷണി ഉണ്ടായത്.
വിമാനത്തിൽ ബോംബുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡൽഹിയിലെ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ മഹാൻ എയർ ജെറ്റ് ഡൽഹി എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ബന്ധപ്പെട്ടെങ്കിലും, ജയ്‌പൂരിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, ഇത് പൈലറ്റ് വിസമ്മതിക്കുകയും വിമാനം ഇന്ത്യൻ വ്യോമാതിർത്തി വിടുകയും ചെയ്തു.
ബോംബ് ഭീഷണി ഉണ്ടായതിന് പിന്നാലെ, പഞ്ചാബ്, ജോധ്പൂർ വ്യോമത്താവളങ്ങളിൽ നിന്നുള്ള സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ വ്യോമസേന വിന്യസിച്ചു. ഭീഷണിയുടെ കാരണം വ്യക്തമല്ല. സുരക്ഷാ ക്ലിയറൻസിനു ശേഷം, വിമാനം ചൈനയിലേക്കുള്ള യാത്ര തുടരാൻ അനുവദിച്ചു. വിമാനത്തിന്റെ ചലനങ്ങൾ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണ്.