ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളാഹിയാന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ അടുത്തമാസം നടത്താനിരുന്ന ദി റയ്‌സിന ഡയലോഗില്‍ പങ്കെടുക്കാനാണ് അമീര്‍ അബ്ദുള്ളാഹിയാൻ ഇന്ത്യയിലെത്താനിരുന്നത്. എന്നാൽ പരിപാടിയുമായി ബന്ധപ്പെട്ട പ്രമോഷണൽ വീഡിയോയിൽ ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതാണ് പിന്മാറ്റത്തിന് കാരണം.
ഇറാനിയന്‍ എംബസി ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനെയും, വിദേശകാര്യ മന്ത്രാലയത്തെയും സമീപിക്കുകയും, ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു
അടുത്തമാസമാണ് റയ്സീന ഡയലോഗ് നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഇറാൻ മന്ത്രി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുടെ പ്രമോഷന്റെ ഭാഗമായി ഒരുമാസം മുൻപാണ് ചെറു വീഡിയോ പുറത്തിറക്കിയത്. ഹിജാബ് വിഷയത്തിൽ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്ന ഇറാനിയൻ വനിതകൾ തലമുടി മുറിച്ചുകളയുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഫോട്ടോയും ദൃശ്യങ്ങളിൽ കാണാം.
ഇതിന് പിന്നാലെ ഇറാനിയന്‍ എംബസി ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനെയും, വിദേശകാര്യ മന്ത്രാലയത്തെയും സമീപിക്കുകയും ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങൾ വീഡിയോയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. ഇതാണ് അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
ഹിജാബ് ധരിക്കാത്തില്‍ ഇറാന്‍ സദാചാര പൊലീസ് അറസ്റ്റു ചെയ്ത ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ മരിച്ചതാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. അമിനിയുടെ മരണത്തിന് പിന്നാലെ കുടുംബം ഭരണകൂടത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതാണ് മഹ്‌സ അമിനി മരണത്തിന് കാരണമെന്നാണ് ആരോപണം. എന്നാല്‍, പോലീസ് അത് നിഷേധിച്ചു. ഹൃദായാഘാതം മൂലമാണ് മഹ്‌സ അമിനി മരിച്ചതെന്നായിരുന്നു ഇറാന്‍ പോലീസിന്‍റെ വാദം.
ഇറാനില്‍ തുടരുന്ന പ്രതിഷേധത്തില്‍ ഇന്ത്യ ഇതുവരെ യാതൊരു പ്രതികരണത്തിനും മുതിര്‍ന്നിട്ടില്ല.
പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട ജാവേദ് ഹേയ്ദാരിയുടെ സംസ്‌കാര ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹേയ്ദാരിയുടെ സഹോദരി മുടിമുറിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. പൊട്ടിക്കരയുന്ന യുവതിയെ സമാശ്വാസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും ചുറ്റും നില്‍ക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രമോഷന്‍ വീഡിയോയിലുള്ളത്.
ഇറാനില്‍ തുടരുന്ന പ്രതിഷേധത്തില്‍ ഇന്ത്യ ഇതുവരെ യാതൊരു പ്രതികരണത്തിനും മുതിര്‍ന്നിട്ടില്ല. ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ നിന്നടക്കം ഇന്ത്യ വിട്ടു നിന്നിരുന്നു.