ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. ബിബിസിയുടെ വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി യോജിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പ് ആരോപിക്കുന്നത്. ജീവനക്കാരുടെ മൊഴികൾ, ഡിജിറ്റൽ ഫയലുകൾ, രേഖകൾ തുടങ്ങി കണ്ടെടുത്ത തെളിവുകൾ പരിശോധിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
' വിദേശത്തുള്ള പല ഇടപാടുകള്‍ക്കും സ്ഥാപനം നികുതി അടച്ചിട്ടില്ല. സ്ഥാപനത്തിന്റെ ട്രാൻസ്ഫർ പ്രൈസിങ് രേഖകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബിബിസി ജീവനക്കാർ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. എങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനം സുഗമമാക്കുന്ന തരത്തിലാണ് സർവേ നടത്തിയത്' ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആരോപണങ്ങളോട് ബിബിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു സ്ഥാപനത്തിൻ്റെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ഭയരഹിതമായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി തുടര്‍ന്നും സഹകരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെ ബിബിസിയുടെ പ്രതികരണം.
ജനുവരി 18നാണ് ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടൻ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി. കലാപത്തിലെ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്റിയുടെ പ്രദർശനം കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു. അതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധം ശക്തമാകുകയും വിവിധ സര്‍വകലാശാലകളില്‍ ഡോക്യുമെൻ്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതേസമയം ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ ബിബിസിയെ നിരോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളിയിരുന്നു.