INDIA

യുപി ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളിലെല്ലാം അടിപതറുന്നു; ബിജെപിക്ക് ഇന്ധനമാകുമോ ഹരിയാന?

വെബ് ഡെസ്ക്

ഹരിയാനയിൽ ബിജെപിക്ക് അടിത്തറ നഷ്ടപ്പെട്ടുവെന്ന് എല്ലാവരും ഒരുപോലെ ഉറപ്പിച്ചിരുന്നപ്പോഴാണ് സംസ്ഥാനത്തിന്റെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി പാർട്ടി ഭരണത്തിലെത്തുന്നത്. 2014ൽ കണ്ട വൻ കുതിപ്പിന് പിന്നാലെ ശക്തി കേന്ദ്രങ്ങളിലും ഹിന്ദി ഹൃദയഭൂമിയിലും ഉൾപ്പടെ ബിജെപിക്ക് സംഭവിച്ച തളർച്ചയെ മറികടക്കുന്ന ഫലമാണ് ഹരിയാന തിരഞ്ഞെടുപ്പിലുണ്ടായത്.

രാജ്യത്ത് ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ കണക്കുകൾ പോലും ഈ തളർച്ച കാണിക്കുന്നുണ്ട്

2014 മുതൽ ഹിന്ദിഹൃദയഭൂമി ഉൾപ്പടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ വേഗത്തിലാണ് ബിജെപി തങ്ങളുടെ സ്വാധീനം വർധിപ്പിച്ചത്. എന്നാൽ, പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ നേടിയെടുത്ത ജനപ്രീതി പതിയെ നഷ്ടപ്പെടുന്നതും ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സീറ്റുകൾ കുറയുന്നതും കണ്ടു. എന്നാൽ, തിരിച്ചടികളെയെല്ലാം മറികടന്നുകൊണ്ടും പ്രതപക്ഷ പാർട്ടികളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുമായിരുന്നു ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയത്. ഇതോടെ, പ്രതാപം വീണ്ടെടുക്കാൻ ബിജെപിക്ക് ഹരിയാന ഒരു ഇന്ധനമാകുമോയെന്നാണ് ചോദ്യം.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലഭൂരിഭക്ഷം നേടിയാണ് ബിജെപി ഹരിയാനയിൽ ഭരണം നേടുന്നത്. 2019 ൽ 10 ലോക്‌സഭാ സീറ്റുകൾ സംസ്ഥാനത്ത് ബിജെപി സ്വന്തമാക്കി. എന്നാൽ, ഈ വളർച്ചക്ക് അൽപ്പം വേഗം കുറഞ്ഞത് 2019 നിയമസഭാ തിരഞ്ഞെടുപ്പോടെയാണ്. തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് താഴെ പോവുകയും 2024-ൽ ലോക്‌സഭയില്‍ അഞ്ച് സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തിരിന്നു.

ഹിന്ദി ഹൃദയഭൂമി പരിശോധിക്കുകയാണെങ്കിൽ ഏഴ് സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ബീഹാർ [ജെഡിയുവിന് ഒപ്പം], മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന. എന്നാൽ, വിശദമായി പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ ഒരു ദശകത്തിനിടെ ഇതിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപിക്ക് ലോക്സഭാ സീറ്റുകളിലും നിയമസഭാ സീറ്റുകളിലും കുറവ് വന്നിട്ടുണ്ട്.

രാജ്യത്ത് ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ കണക്കുകൾ പോലും ഈ തളർച്ച കാണിക്കുന്നുണ്ട്. യുപിയിൽ, 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി 2017ൽ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയത്. 2022ലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ മുന്നേറ്റത്തില്‍ ബിജെപിയുടെ സീറ്റുനില 255 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷം ലഭിച്ചെങ്കിലും സീറ്റുകളുടെ എന്നതിൽ ഗണ്യമായ കുറവാണുണ്ടായത്.

യുപിയിലെ ലോക്സഭാ സീറ്റുകളിലും 2014 മുതൽ ഇടിവുണ്ടായതായി കാണാം. നരേന്ദ്ര മോദി ആദ്യമായി വാരണാസിയിൽ നിന്ന് മത്സരിച്ച 2014-ൽ മോദി തരംഗത്തിൽ 71 സീറ്റുകൾ സംസ്ഥാനത്ത് ബിജെപി നേടി. 2019 ൽ ലോക്‌സഭയിലെ മൊത്തം സീറ്റുകൾ 282ൽ നിന്ന് 303 ആയി ഉയർത്തിയെങ്കിലും, യുപിയിൽ അത് 71 ൽ നിന്ന് 62 ആയി കുറഞ്ഞു. 2024 എത്തുമ്പോഴക്കും യുപിയിൽ ഇന്നുള്ള ബിജെപിയുടെ അംഗസംഖ്യ വീണ്ടും കുറഞ്ഞ് 33 ആയി. ബിജെപിയുടെ ലോക്സഭയിലെ അംഗസംഖ്യ 240ലേക്കും കുറഞ്ഞു.

ബിഹാറിലും ഉത്തരാഖണ്ഡിലും ഇതേ ട്രെൻഡ് കാണാം. മൂന്നാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാനായെങ്കിലും കേവലഭൂരിപക്ഷം മറികടക്കാനായിരുന്നില്ല. മൊത്തത്തിലുള്ള ഈ ട്രെൻഡിൽ നിന്നുള്ള മാറ്റമാണ് ഹരിയാനയിൽ കണ്ടത്. അതും കർഷക പ്രക്ഷോഭവും ഗുസ്തി താരങ്ങളുടെ സമരവും യുവാക്കൾക്കിടയിലെ അതൃപ്തിയും എല്ലാം നിലനിൽക്കെയാണ് ഹരിയാനയിലെ ബിജെപിയുടെ ശക്തമായ തിരിച്ചുവരവ്. നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന സ്വാധീനം ശക്തമാക്കാനുള്ള ബിജെപി നീക്കങ്ങൾ ഫലം കാണുന്നുവോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്