INDIA

പൗരത്വ നിയമം കേരളത്തിന് നടപ്പാക്കാതിരിക്കാന്‍ സാധിക്കുമോ? ഭരണഘടന പ്രതിസന്ധിയെന്ന വാദം ബിജെപി ഉയര്‍ത്തും

നിയമം നടപ്പാക്കില്ലെന്ന് കേരളം വാശിപിടിച്ചാല്‍ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കേന്ദ്രസര്‍ക്കാരിന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യാം

പി ആർ സുനിൽ

രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ തന്നെയാണ് ഈ തീരുമാനം. പശ്ചിമബംഗാളിലും അസമിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം ബിജെപിയെ സഹായിച്ചേക്കും. 56 ലോക്‌സഭാ സീറ്റാണ് ഈ രണ്ട് സംസ്ഥാനങ്ങളിലായുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതില്‍ 27 സീറ്റില്‍ ബിജെപി വിജയിച്ചു. ബംഗാളില്‍ 18 സീറ്റിലും അസമില്‍ 9 സീറ്റിലും. ഇത്തവണ ബംഗാളിലെയും അസമിലെയും സീറ്റുകള്‍ ബിജെപിക്ക് കൂട്ടിയേ മതിയാകൂ. പൗരത്വ ഭേദഗതി നിയമത്തിലൂടെ അതിന് സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

രാജ്യത്താകെ ഹിന്ദു വോട്ടുകളില്‍ ധ്രുവീകരണമുണ്ടാക്കാന്‍ കഴിയുന്ന ശക്തമായ രാഷ്ട്രീയ ആയുധമാക്കി പൗരത്വ ഭേദഗതി നിയമത്തെ മാറ്റുകയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകളില്‍ ഭൂരിഭാഗവും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു. അയോധ്യയും 370-ാം അനുഛേദവുമൊക്കെ ഇനി കഴിഞ്ഞ കഥകളാണ്. അതുകൊണ്ടുതന്നെയാകം പൗരത്വ ഭേദഗതി നിയമത്തിലൂടെയുളള അടുത്ത നീക്കം.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് എങ്ങനെ?

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനം പരിശോധിച്ചാല്‍ പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുക. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് മതപീഡനം അനുഭവിച്ച് 2014ന് മുമ്പ് ഇന്ത്യയിലേക്ക് വന്ന അവിടുത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളായ ഹിന്ദു, സിഖ്, പാര്‍സി, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ സമുദായക്കാര്‍ക്ക് പൗരത്വത്തിനായി ഇനി അപേക്ഷ നല്‍കാം. അതിനായി പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.

അപേക്ഷകള്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് ജില്ലാതല സമിതികളായിരിക്കും. ആ ജില്ലാതല സമിതികള്‍ക്ക് വേണ്ട നിര്‍ദ്ദേങ്ങള്‍ നല്‍കുക കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരിക്കും. അങ്ങനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടായിരിക്കും ഈ നിയമം സംസ്ഥാനങ്ങളില്‍ നടപ്പാക്കുകയെന്ന് ചുരുക്കം.

കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി അധികാരമില്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എം ആര്‍ അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുകയെന്നത് മാത്രമാകും കേരളം ഉള്‍പ്പടെ, നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന നടപടി

നടപ്പിലാക്കിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണം?

രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും ഇക്കാര്യത്തില്‍ ഒരു നിലപാടിലാണ്. പക്ഷേ, പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് സിഎഎ. അതിനാല്‍ അത് നടപ്പാക്കാന്‍ ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്.

പൗരത്വ നിയമം നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ ഭരണഘടനയുടെ 256-ാം അനുച്ഛേദപ്രകാരം കേന്ദ്ര സര്‍ക്കാരിന് സാധിക്കും. നിയമം നടപ്പാക്കില്ലെന്ന് കേരളം വാശിപിടിച്ചാല്‍ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യാം.

കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി അധികാരമില്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എം ആര്‍ അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുക എന്നത് മാത്രമാകും കേരളം ഉള്‍പ്പടെ, നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ഒരു സംസ്ഥാന സർക്കാരിന്റെയും സക്രിയമായ സഹകരണം ആവശ്യമില്ല. ഇന്ത്യയിൽ സ്വാഭാവികവത്കരണത്തിലൂടെ പൗരത്വം കിട്ടാൻ യോഗ്യതയുള്ളവരുടെ ഇന്ത്യൻ മണ്ണിൽ നിയമപ്രകാരം നിരന്തരമായി അധിവസിക്കേണ്ട സമയത്തിൽ കുറവ് വരുത്തുക മാത്രമാണു ചെയ്യുന്നത്. നിയമവിരുദ്ധമായി തങ്ങുന്നവരെ നീക്കാൻ ഫോറിനേഴ്സ് നിയമപ്രകാരമാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയിലെ കേസ്

സിഎഎ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഈ കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. നിയമം ഉടനടപടി നടപ്പാക്കുന്നില്ലെന്നാണ് അന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. അങ്ങനെ തണുത്തുപോയ കേസ് വീണ്ടും സുപ്രീംകോടതിയില്‍ ഇനി ചൂടുപിടിക്കാന്‍ പോവുകയാണ്.

പൗരത്വ നിയമം നടപ്പാക്കിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിക്കഴിഞ്ഞു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യത്തില്‍ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ പ്രതീക്ഷിക്കാം.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍, കോടതി തീരുമാനത്തിനായി കാത്തിരിക്കാതെ കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നൊക്കെ നിയമത്തെ എതിര്‍ക്കുന്ന ഹര്‍ജിക്കാര്‍ക്ക് വാദിക്കാം. ഏതായാലും തിരഞ്ഞെടുപ്പ് കാലത്ത് വലിയ നിയമപോരാട്ടമായി സിഎഎ തുടരുമെന്നതില്‍ തര്‍ക്കമില്ല.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം