INDIA

'ഹിന്ദുക്കൾ സന്താനോത്പാദനം കൂട്ടണം, പക്ഷേ ജനസംഖ്യ നിയന്ത്രിക്കണം'; ആർഎസ്എസ് സംശയത്തിലാണ്

ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തിയാൽ പാർലമെൻ്ററി പ്രാതിനിധ്യം അസന്തുലിതമാകുമെന്നാണ് പ്രതിപക്ഷനേതാക്കളുടെ ആരോപണം

പൊളിറ്റിക്കൽ ഡെസ്ക്

ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയടുത്ത് പറഞ്ഞ പ്രസ്താവന വലിയ തോതിൽ ചർച്ചയായിരുന്നു. കൂടുതൽ കുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന കുടുംബങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകുന്നതിനായി തങ്ങൾ നിയമം നിർമിക്കാൻ ഉദ്ദേശിക്കുന്നതായാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. തെക്കേഇന്ത്യയിൽ ജനസംഖ്യാനിയന്ത്രണം കൃത്യമായി നടപ്പിലാക്കാൻ സാധിച്ചത് പാർലമെന്റിൽ തെക്കേഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്നതായുള്ള ചർച്ചകൾ പലപ്പോഴായി ഉയർന്നിരുന്നു. ആ ചർച്ചകൾ ചന്ദ്രബാബു നായിഡുവിന്റെ വാക്കുകളിലൂടെ വീണ്ടും ഉയരുകയാണ്. അതേസമയം ജനസംഖ്യയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഒരു വർഗീയ ചുവ നൽകാനുള്ള ശ്രമമാണ് മറ്റുചില ആർഎസ്എസ് നേതാക്കളുടെ പ്രസ്താവനയിൽ കാണുന്നത്.

ജനസംഖ്യയുടെ കാര്യത്തിൽ പ്രാദേശികമായ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട് എന്ന വിഷയത്തിലേക്കാണ് ഈ ചർച്ചകൾ ചെന്നെത്തുന്നത്. ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സമാനമായ നിലപാടുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. "എന്തുകൊണ്ട് ഒരു കുടുംബത്തിൽ 16 കുട്ടികൾ എന്ന് ചിന്തിച്ചുകൂടാ" എന്നായിരുന്നു സ്റ്റാലിന്റെ വാക്കുകൾ. തന്റെ സംസ്ഥാനത്തെ യുവാക്കളുടെ എണ്ണത്തിൽ വന്നുകൊണ്ടിരിക്കുന്ന കുറവ് ചൂണ്ടിക്കാണിച്ചാണ് ചന്ദ്രബാബു നായിഡു സംസാരിച്ചതെങ്കിൽ, ജനസംഖ്യ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിജയം കൈവരിച്ചത് പാർലമെന്റിൽ തങ്ങൾക്ക് പ്രാതിനിധ്യം കുറയുന്നതിലേക്കെത്തിച്ചു എന്ന പ്രശ്‌നമാണ് സ്റ്റാലിൻ ഉയർത്തിയത്. മണ്ഡല പുനർനിർണയത്തിലൂടെ പാർലമെന്റിൽ തങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞു എന്നാണ് സ്റ്റാലിൻ ഉയർത്തുന്ന വിഷയം.

സന്താനോല്പാദനം വർധിപ്പിക്കുക എന്ന ആവശ്യം നേരത്തെ തന്നെ പലപ്പോഴായി ആർഎസ്എസ് ഉയർത്തിയിട്ടുള്ളതാണ്. ഹിന്ദുക്കൾ സന്താനോത്പാദനം വർധിപ്പിച്ചില്ലെങ്കിൽ ഈ രാജ്യം മുസ്ലിങ്ങൾ പിടിച്ചെടുക്കും എന്ന വാദമാണ് പലപ്പോഴും സംഘപരിവാർ നേതാക്കൾ ഉയർത്തിയത്. എന്നാൽ ഈ വാദത്തിൽ ആർഎസ്എസിന് ഉറച്ച് നിൽക്കാൻ പലപ്പോഴും സാധിച്ചിരുന്നില്ല എന്ന കാര്യവും സംഘപരിവാർ നേതാക്കളുടെ പ്രസ്താവനകളിൽ നിന്നും മനസിലാക്കാവുന്നതാണ്.

ആർഎസ്എസ് ജനസംഖ്യാ നിയന്ത്രണത്തിന്റെ കാര്യത്തിൽ സംശയത്തിലാണോ എന്ന ചോദ്യമാണ് ഇതിൽ നിന്നെല്ലാം ഉയരുന്നത്. രണ്ടുതരം ആശങ്കകളാണ് ഇവിടെ ഉള്ളത്. ഒന്ന് ജനസംഖ്യ നിയന്ത്രണത്തിലൂടെ തങ്ങളുടെ പ്രാതിനിധ്യം കുറയുന്നതായുള്ള സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന ആശങ്ക. മറ്റൊന്ന് തങ്ങളുടെ സമുദായത്തിന്റെ ജനസംഖ്യ ഉയർത്തിയില്ലെങ്കിൽ മറ്റൊരു സമുദായം തങ്ങളെ അടക്കി ഭരിക്കും എന്ന ആശങ്ക. ഈ രണ്ടുകാര്യങ്ങളുടെയും നിജസ്ഥിതിയെന്താണെന്നു മനസിലാക്കേണ്ടതുണ്ട്.

ദക്ഷിണേന്ത്യയുടെ കാര്യം നിരവധി ആളുകൾ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചിട്ടുള്ളതാണ്. ജനസംഖ്യാനിയന്ത്രണം വിജയകരമായി ചെയ്യാൻ സാധിച്ചതിന്റെ പേരിൽ ദക്ഷിണേന്ത്യയിൽ പാർലമെന്റ് സീറ്റുകൾ കുറയുകയും ഉത്തരേന്ത്യയിൽ ആധിപത്യമുള്ള രാഷ്ട്രീയ പാർട്ടി ഭരണത്തിൽ തുടരുന്ന സാഹചര്യവുമുണ്ടാകുന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നമായി കണക്കാക്കുന്നത്. എന്നാൽ ഹിന്ദുക്കൾ ജനസംഖ്യ വർധിപ്പിക്കണമെന്ന ആർഎസ്എസിന്റെ ആവശ്യത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നും ചിന്തിക്കേണ്ടതുണ്ട്

മുസ്ലിം വിഭാഗത്തിന്റെ ആധിപത്യം ഭയന്ന് ഹിന്ദുക്കളുടെ ജനസംഖ്യ വർധിപ്പിക്കണമെന്ന വാദം ഉന്നയിക്കുമ്പോൾതന്നെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിൽ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുണ്ടെന്നും ആർഎസ്എസ് നേതാക്കൾ പറയുന്നുണ്ട്. എന്ന് മാത്രമല്ല പൊതുവിൽ ജനസംഖ്യാനിയന്ത്രണം ആർഎസ്എസിന്റെ അജണ്ടയുമാണ്. ഇവിടെയാണ് ആർഎസ്എസ് ഈ വിഷയത്തിൽ സംശയത്തിലാണോ എന്ന ചോദ്യമുയരുന്നത്.

2005ൽ നടന്ന ഒരു ആർഎസ്എസ് പരിപാടിയിൽ മുൻ ആർഎസ്എസ് മേധാവി കെഎസ് സുദർശൻ പറഞ്ഞത് "ഒരു കുട്ടി, രണ്ട് കുട്ടി എന്ന കെണിയിൽ നിങ്ങൾ വീണുപോകരുത്, ഒരു കുട്ടി എന്ന തീരുമാനത്തിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ വരുന്ന 120 വർഷത്തിനുള്ളിൽ നിങ്ങളുടെ കുടുംബത്തിന് അനന്തരാവാകാശികളില്ലാതാകും. ഏറ്റവും കുറഞ്ഞത് മൂന്നു കുട്ടികളെങ്കിലും നിങ്ങൾക്ക് വേണം അതിലുമധികമുണ്ടെങ്കിൽ അത്രയും നല്ലത്" എന്നാണ്. 2013ൽ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഹിന്ദു കുടുംബങ്ങൾ വലുതാകുന്നത് രാജ്യത്ത് ന്യൂനപക്ഷങ്ങൾ ആധിപത്യം സ്ഥാപിക്കുന്നത് തടയുമെന്നാണ് ആർഎസ്എസ് സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബലെ പറഞ്ഞത്. സവർണ ഹിന്ദുക്കൾ കുടുംബാസൂത്രണത്തെ കുറിച്ച് മാറിച്ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനസംഖ്യാ നിയന്ത്രണം ഹിന്ദുക്കളുടെ വ്യക്തിപരമായ കാര്യമല്ലെന്നും ഇനിയും ഒരു കുട്ടിയിൽ സംതൃപ്തരായി നിങ്ങൾ ജീവിച്ചാൽ മുസ്ലിങ്ങൾ ഈ രാജ്യത്തെ പിടിച്ചെടുക്കുമെന്നാണ് 2015ൽ വിഎച്ച്പി നേതാവ് ചമ്പത് റായ് പറഞ്ഞത്. എന്നാൽ ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ജനസംഖ്യാനുപാതത്തിൽ പാർലമെന്റിൽ പ്രാദേശികമായ പ്രതിനിധ്യത്തിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥയെ കുറിച്ച് ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന മണ്ഡലപുനർനിർണയത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും പാർലമെന്റിലേക്കുള്ള പ്രാതിനിധ്യം വലിയതോതിൽ കുറയുമെന്നാണ് ഓർഗനൈസറിന്റെ എഡിറ്റർ പ്രഫുൽ കെട്കാർ എഴുതിയത്.

പടിഞ്ഞാറൻ സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളുമാണ് മണ്ഡലപുനർനിർണയത്തിൽ വലിയ ആശങ്ക പ്രകടിപ്പിക്കുന്നതെന്നും ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാൻ സാധിച്ചതുകൊണ്ടുതന്നെ പാർലമെന്റ് സീറ്റുകൾ കുറയുമോ എന്ന ഭയം ഈ സംസ്ഥാനങ്ങൾക്കുണ്ടെന്നാണ് എഡിറ്റോറിയൽ ഉയർത്തിയ വാദം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും മതവിഭാഗങ്ങൾക്കോ പ്രദേശങ്ങൾക്കോ പ്രതിനിധ്യമില്ലാതാകുന്ന സാഹചര്യമുണ്ടാകരുത് എന്നും അതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നും ഓർഗനൈസർ എഡിറ്റോറിയലിൽ ആവശ്യപ്പെട്ടു.

2022ലെ വിജയദശമി പ്രസംഗത്തിൽ ഇപ്പോഴത്തെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ജനസംഖ്യാ നിയമങ്ങൾ കൊണ്ടുവരണം എന്നാവശ്യപ്പെട്ടിരുന്നു. സമുദായം പരിഗണിക്കാതെ എല്ലാ വിഭാഗങ്ങൾക്കും ബാധകമാകുന്ന ജനസംഖ്യാ നിയമങ്ങളാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം അന്ന് പറഞ്ഞു.

2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കൂടുതൽ ജനനനിരക്കുള്ളത് മുസ്ലിങ്ങൾക്കാണ്. എന്നാൽ 1991 മുതൽ 2011 വരെയുള്ള ഒരു പതിറ്റാണ്ടിലെ കണക്ക് പരിശോധിച്ചാൽ മുസ്ലിം ജനസംഖ്യയുടെ വളർച്ചാ നിരക്ക് കുറയുകയാണെന്നു മനസിലാക്കാൻ സാധിക്കും.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം