INDIA

'കത്തോലിക്കസഭ സമവായത്തിലെത്തുമോ?' പിളർപ്പ് സ്വപ്‌നംകണ്ട് കേരള കത്തോലിക്ക സഭയിലെ ഒരു വിഭാഗം; നിര്‍ണായക സിനഡിന് വത്തിക്കാനില്‍ തുടക്കം

തീരുമാനം എടുക്കേണ്ട വിഷയങ്ങളാണ് ഈ സിനഡിനെ നിര്‍ണായകമാക്കുന്നത്

അനിൽ ജോർജ്

കത്തോലിക്ക സഭ നിര്‍ണായക നിര്‍ണായക മെത്രാന്‍ സിനഡിലാണ്. തീരുമാനം എടുക്കേണ്ട വിഷയങ്ങളാണ് ഈ സിനഡിനെ നിര്‍ണായകമാക്കുന്നത്. കാലങ്ങളായി കത്തോലിക്ക സഭ വെച്ചുപുലര്‍ത്തുന്ന ഹയരാര്‍ക്കി തകര്‍ന്നടിയും വിധമാണ് ഫ്രാന്‍സീസ് മാര്‍പാപ്പ 2021 മുതല്‍ അസാധാരണ മെത്രാന്‍ സമ്മേളനത്തെ രൂപപ്പെടുത്തിയത്.

പരിണാമ സിദ്ധാന്തം, വനിത പൗരോഹിത്യം, സ്വവര്‍ഗ വിവാഹം, പുരോഹിതരുടെ വിവാഹം, വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നവരുടെ കൂദാശ സ്വീകരണത്തിനുള്ള തടസം ഒഴിവാക്കല്‍, എന്നിവയാണ് അന്തിമ വോട്ടെടുപ്പില്‍ സഭയുടെ ഭാവി നിര്‍ണയിക്കുക. എന്നാല്‍ ഏറെ നിര്‍ണായകമാവുക ബൈബിളിലെ ആദ്യ അഞ്ച് പുസ്തകങ്ങളുടെ ഒഴിവാക്കല്‍ സംബന്ധിച്ച തീരുമാനമാണ്.

ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്ന മോശ എഴുതിയതെന്ന് വിശ്വസിക്കുന്ന അഞ്ച് പുസ്തകങ്ങള്‍ പ്രപഞ്ചോല്‍പത്തിയെ സംബന്ധിച്ച് ശാസ്ത്ര പഠനങ്ങളോട് പൊരുത്തപെടുന്നില്ലെന്നും കാലഹരണപ്പെട്ടു എന്നുമുള്ള വാദഗതികള്‍ ഉയര്‍ത്തിയാണ് ഇവയെ ബൈബിളില്‍നിന്ന് ഒഴിവാക്കണമെന്ന് പരിഷ്‌കരണ വാദികള്‍ നിലപാടെടുക്കുന്നത്. എന്നാല്‍ ഈ അഞ്ച് പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് കത്തോലിക്ക സഭയുടെ ധാര്‍മിക നിയമങ്ങള്‍ രൂപപ്പെട്ടതെന്നതാണ് യാഥാസ്ഥിതിക വാദികള്‍ പറയുന്നത്.

സ്വവര്‍ഗ വിവാഹം മുതല്‍ വനിത പൗരോഹിത്യം വരെ സഭയില്‍ നടപ്പാക്കാന്‍ ഈ അഞ്ച് പുസ്തകങ്ങളെ തള്ളിയേ മതിയാകുവെന്ന് പരിഷ്‌കരണ വാദികള്‍ക്ക് അറിയാം. പോപ്പ് ഫ്രാന്‍സീസ് നേരത്തെ തന്നെ പരിഷ്‌കരണവാദികള്‍ക്കൊപ്പമെന്ന തുറന്ന നിലപാടാണ് സ്വീകരിച്ചത്.

കത്തോലിക്ക സഭയുടെ ചരിത്രത്തിലെതന്നെ കടുത്ത യാഥാസ്ഥിതിക വാദിയായിരുന്ന ബനഡിറ്റ് പതിനാറാമന്‍ മാര്‍പാപ്പായുടെ ജന്മനാടായ ജര്‍മന്‍ കത്തോലിക്ക മെത്രാന്‍ സമിതിയാണ് പരിഷ്‌കരണവാദികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലേയും ഏഷ്യയിലെയും ഒരു വിഭാഗത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ട്. ഇന്ത്യന്‍ കത്തോലിക്ക മെത്രാന്‍ സമിതിയിലെ ചിലരൊക്കെ ഈ ചേരിക്കൊപ്പമാണെങ്കിലും, ഇവരാരും സിനഡില്‍ പങ്കെടുക്കുന്ന പ്രതിനിധികളല്ല. കേരളത്തിലും ഇവര്‍ക്ക് ആരാധകരുണ്ട്. ആഗോളതലത്തില്‍ കത്തോലിക്ക സഭ പിളര്‍ന്നാല്‍ ഈ ചേരിക്കൊപ്പം നില ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

കത്തോലിക്ക സഭയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായ അമേരിക്കയാണ് ഇത്തവണ യാഥാസ്ഥിതിക ചേരിക്ക് നേതൃത്വം നല്‍കുന്നത്. ഇറ്റാലിയന്‍ മെത്രാന്‍ സമതി ശക്ക്തമായ പിന്തുണ നല്‍കുന്നു. ആഫ്രിക്കന്‍ മെത്രാന്‍ സമതിയും ഇവര്‍ക്കൊപ്പമാണ്.

2021 ലെ അസാധാരണ സിനഡിലേക്ക് അജണ്ടയിലില്ലാത്ത വിഷയങ്ങളായി ഈ വിവാദ മേഖലകള്‍ പോപ്പ് ഫ്രാന്‍സിസ് കൂട്ടി ചേര്‍ത്തപ്പോള്‍ കത്തോലിക്ക സഭ ഞെട്ടിതരിച്ചു. യാഥാസ്ഥിതിക ചേരി അന്ന് വോട്ടെടുപ്പില്‍ മാര്‍പാപ്പായുടെ നിര്‍ദ്ദേശങ്ങള്‍ സിനഡ് രേഖകളില്‍ നിന്ന് പോലും ഒഴിവാക്കി. തളരാത്ത പോരാളിയായ ഫ്രാന്‍സീസ് പാപ്പ ഈ സിനഡിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഞ്ച് തുടര്‍ സിനഡ് വിളിച്ചു ചേര്‍ത്തു.

ഓരോ ഘട്ടത്തിലും യാഥാസ്ഥിതിക ചേരിയുടെ ചിറകരിഞ്ഞ്, മാര്‍പാപ്പമാരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പരിഷ്‌കരണവാദികള്‍ക്ക് ഒപ്പം നില ഉറപ്പിച്ചു. വനിത ഡീക്കന്‍ പദവി, സ്വവര്‍ഗ വിവാഹിതരുടെ കൂദാശ സ്വീകരം അടക്കം വിഷയങ്ങളില്‍ മുന്നേറാന്‍ പരിഷ്‌കരണവാദികള്‍ക്ക് കഴിഞ്ഞു. 2023 ല്‍ അവസാനിക്കേണ്ടിയിരുന്ന സിനഡിനെ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഫ്രാന്‍സീസ് 2024ലേക്ക് നീട്ടി. അല്ലായിരുന്നെങ്കില്‍ ജര്‍മന്‍ പ്രതിനിധികള്‍ സിനഡ് വിട്ടിറങ്ങിയേനെ. പിളര്‍പ്പ് അന്നേ നിലവില്‍ വന്നേനെ.

പരിഷ്‌കരണവാദികള്‍ വിജയിച്ചാല്‍ ആഗ്ലിക്കന്‍ ചര്‍ച്ചുമായി യോജിപ്പിലേക്ക് എത്താന്‍ കത്തോലിക്ക സഭയ്ക്ക് വഴി തെളിയും. ഇതോടെ യൂറോപ്പില്‍ സഭ ശക്തി പ്രാപിക്കുമെന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ ഈ സാഹചര്യം ഉണ്ടായാല്‍ ഓര്‍ത്തഡോക്‌സ് സഭകളുമായി കത്തോലിക്ക സഭ നടത്തുന്ന ഡയലോഗുകള്‍ അവസാനിക്കും. പൗരസ്ത്യസഭകള്‍ക്ക് ഈ നീക്കം തിരിച്ചടിയാകും. ഇരു ചേരികളും അന്തിമ പോരാട്ടത്തിലേക്ക് നീങ്ങുന്ന ഈ സമയത്ത് 2021 ല്‍ പോരാട്ടം തുടങ്ങിയപ്പോള്‍ യാഥാസ്ഥിതിക ചേരിയുടെ മുന്നണി പോരാളികളായിരുന്ന പലരും അപ്രസക്തരായി. ബനഡിറ്റ് പതിനാറാമന്‍ മാര്‍പാപ്പായുടെ മരണം ഈ ചേരിക്ക് കനത്ത തിരിച്ചടിയായി.

മാര്‍പാപ്പായുടെ കടുത്ത വിമര്‍ശകനായിരുന്ന കര്‍ദിനാളിനെ മാര്‍പാപ്പ പുറത്താക്കി. വത്തിക്കാന്റെ അധികാര ഇടനാഴികളില്‍ ശക്തനായിരുന്ന കര്‍ദിനാള്‍ വത്തിക്കാന്‍ ബാങ്ക് അഴിമതിയില്‍ വിചാരണയ്ക്ക് ശേഷം ജയിലിലാണ്. എന്നാല്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതി വീണ്ടും പിടിമുറുക്കിയ വത്തിക്കാന്റെ അധികാര ഇടനാഴികളില്‍ അട്ടിമറി ഉണ്ടാകുമെന്ന് കരുതുന്നവരാണ് ഏറെയും.

തിരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ കത്തോലിക്ക സഭയുടെ നവീകരണമാണ് ഫ്രാന്‍സീസ് മാര്‍പാപ്പ ലക്ഷ്യം വെക്കുന്നത്. വത്തിക്കാന്‍ ബാങ്ക് അഴിമതി അടക്കം കത്തോലിക്ക സഭയുടെ ഭരണനിര്‍വഹണ രംഗം അപ്പാടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയതോടെയാണ് ഫ്രാന്‍സീസിന്റെ മുന്‍ഗാമിയായിരുന്ന ബനഡിറ്റ് 16-ാ മന്‍ കത്തോലിക്ക സഭയില്‍ ചരിത്രംതിരുത്തിക്കുറിച്ച സ്ഥാനത്യാഗത്തിന് നിര്‍ബന്ധിതനായത്. 2024 ഒക്ടോബര്‍ 27 ന് 2021 ല്‍ ആരംഭിച്ച അസാധാരണ സിനഡ് സമ്മേളനത്തിന് തിരശീല വീഴുമ്പോള്‍ ഫ്രാന്‍സീസ് വിജയിക്കുമോ, അതോ സ്ഥാനത്യാഗം ചെയ്യുമോ? പരിഷ്‌കരണവാദികളും യാഥാസ്ഥിതികരും സമവായത്തില്‍ എത്തുമോ അതോ കത്തോലിക്ക സഭ പിളരുമോ? ലോകം ആകാംക്ഷയോടെ സിനഡിനെ ഉറ്റുനോക്കുകയാണ്.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു