കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ വ്യാഴാഴ്ച ഗുജറാത്തിലെ സൂറത്ത് കോടതി, മനനഷ്ടക്കേസിൽ രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത് കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യം പാര്‍ലമെന്റ് അവകാശ സമിതിക്ക് മുന്‍പാകെ ഭരണപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് ഈ വിധി വരുന്നത്. സിജെഎം കോടതി 30 ദിവസത്തെ ജാമ്യം അനുവദിച്ചെങ്കിലും ശിക്ഷാ നടപടി റദ്ദാക്കിയിട്ടില്ലാത്തത് കൊണ്ടുതന്നെ രാഹുലിന്റെ എംപി പദവി നഷ്ടമാകാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുകയാണ്.
രാഹുലിന് മുന്നിലുള്ള നിയമവഴികൾ എന്തൊക്കെ?
സിആർപിസിയുടെ 374-ാം വകുപ്പ്, ശിക്ഷയ്‌ക്കെതിരായ അപ്പീലുകൾക്ക് വ്യവസ്ഥ ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഈ വകുപ്പുപയോഗിച്ച് രാഹുൽ ഗാന്ധിക്ക് ശിക്ഷാ വിധിയെയും നടപടികളെയും മേൽക്കോടതിയിൽ ചോദ്യം ചെയ്യാനാകും. സെഷൻസ് കോടതിയിൽ നിന്ന് ഇളവ് ലഭിച്ചില്ലെങ്കിൽ, ലഭ്യമായ അടുത്ത പ്രതിവിധി ഹൈക്കോടതിയിൽ ചോദ്യം ചെയ്യാമെന്നതാണ്.
ഈ കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, ശിക്ഷയ്ക്ക് ഇടക്കാല സ്റ്റേ തേടാനും അദ്ദേഹത്തിന് കഴിയും. ശിക്ഷയും വിധിയും സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപ്പീലിനൊപ്പം സിആർപിസി സെക്ഷൻ 389 പ്രകാരം രാഹുൽ ഗാന്ധിയും അപേക്ഷ നൽകിയാൽ മതിയാകും. ശിക്ഷ താത്ക്കാലികമായി നിർത്തിവയ്ക്കാനും അപ്പീലുകാരനെ ജാമ്യത്തിൽ വിടാനും വ്യവസ്ഥ ചെയ്യുന്നതാണ് 389-ാം വകുപ്പ്.
നേരത്തെ, ഒരു സിറ്റിങ് എംപിയെയോ എംഎൽഎയോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ശിക്ഷയ്‌ക്കെതിരെ മൂന്ന് മാസത്തിനുള്ളിൽ അപ്പീലോ റിവിഷൻ അപേക്ഷയോ നൽകുക വഴി പദവിയിൽ തുടരാൻ സാധിക്കുമായിരുന്നു
അതുമല്ലെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം സുപ്രീംകോടതിയെ സമീപിക്കാനും രാഹുൽ ഗാന്ധിക്ക് കഴിയും. എന്നാൽ കേസ് ഒരു അപ്പീൽ കോടതിക്ക് മുൻപാകെയുണ്ടാകുകയും ശിക്ഷാ കാലാവധി താത്ക്കാലികമായി നിർത്തിവയ്ക്കാനുള്ള വ്യവസ്ഥ നിലനിൽക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ, സുപ്രീംകോടതിയിൽ നിന്നുള്ള ഇത്തരം ഇടപെടൽ അത്ര സാധാരണയല്ല.
രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെടുമോ?
ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 8 (3) അനുസരിച്ച്, ഒരു ജനപ്രതിനിധി ഏതെങ്കിലും കുറ്റത്തിന് രണ്ട് വർഷത്തിൽ കുറയാത്ത തടവിന് ശിക്ഷിക്കപ്പെട്ടാൽ ആ വ്യക്തിയെ ശിക്ഷാ തീയതി മുതൽ അയോഗ്യനാക്കാം. കൂടാതെ, ശിക്ഷ അനുഭവിച്ചതിന് ശേഷവും ആറ് വർഷത്തേക്ക് ആ വ്യക്തി അയോഗ്യനായി തുടരുമെന്നും ഈ വകുപ്പ് പറയുന്നു.
ഇതനുസരിച്ച്, രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് ഉടനടി അയോഗ്യനാക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റിന് കഴിയും. ഒപ്പം ആ ലോക്സഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്യാം. തുടർന്ന് ശിക്ഷ അനുഭവിക്കുന്ന രണ്ട് വർഷം ഉൾപ്പെടെ എട്ട് വർഷം അയോഗ്യനായി തുടരുകയും ചെയ്യേണ്ടി വരും.
നേരത്തെ, ജനപ്രാതിനിധ്യ നിയമത്തിലെ 8(4) ലെ വ്യവസ്ഥകൾ അനുസരിച്ച്, ഒരു സിറ്റിങ് എംപിയോ എംഎൽഎയോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ശിക്ഷയ്‌ക്കെതിരെ മൂന്ന് മാസത്തിനുള്ളിൽ അപ്പീലോ റിവിഷൻ അപേക്ഷയോ നൽകുക വഴി പദവിയിൽ തുടരാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ വ്യവസ്ഥ 2013ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ രണ്ടാം യുപിഎ സർക്കാർ ഭേദഗതി ബിൽ പാസാക്കാൻ ശ്രമം നടത്തിയപ്പോൾ അതിനെതിരെ ശക്തമായി അന്ന് രംഗത്ത് വന്നയാളായിരുന്നു രാഹുൽ ഗാന്ധി. രാജ്യസഭയിൽ ഈ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ സെപ്റ്റംബർ 24, 2013ന് വാർത്താസമ്മേളനം വിളിച്ച് ബിൽ ശുദ്ധ അസംബന്ധമാണെന്ന് പറയുകയും വലിച്ചുകീറി കളയുകയും ചെയ്തിരുന്നു.
സുപ്രീംകോടതിയുടെ വിധി മൂന്ന് മാസത്തെ സാവകാശം റദ്ദാക്കിയതിനാൽ ശിക്ഷിക്കപ്പെട്ട നിമിഷം മുതൽ രാഹുൽ ഗാന്ധി അയോഗ്യനാണെന്ന് മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി പറഞ്ഞു. അതേസമയം, രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കുന്ന ആരെയും അയോഗ്യരാക്കാമെന്ന് പറയുന്ന വ്യവസ്ഥയ്ക്ക് അതിന് നിരവധി മാനങ്ങളുണ്ടെന്നാണ് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറയുന്നത്. അയോഗ്യനാക്കാനോ വേണ്ടയോ എന്നത് സ്‌പീക്കറുടെ പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കേവലം ശിക്ഷയ്ക്കുള്ള സ്റ്റേ മാത്രം മതിയാകില്ല രാഹുലിന്. മറിച്ച് സൂറത്ത് കോടതിയുടെ വിധിയ്ക്ക് സ്റ്റേ നേടിയാൽ മാത്രമേ നിലവിലെ അയോഗ്യത എന്ന ചക്രവ്യൂഹം ഭേദിക്കാൻ രാഹുലിന് സാധിക്കുകയുള്ളൂ.
അതിനിടെ നാളെ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് വിവരം. കൂടാതെ വിധിക്കെതിരെ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ ചേർന്ന നിർണായക യോഗത്തിലായിരുന്നു തീരുമാനം.