ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് (ഇസ്കോണ്‍-ഹരെ കൃഷ്ണ പ്രസ്ഥാനം) രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണെന്ന് ബിജെപി എംപി മനേക ഗാന്ധി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മൃഗാവകാശ പ്രവര്‍ത്തകകൂടിയായ മനേക ഗാന്ധി ഇസ്കോണ്‍ തങ്ങളുടെ ഗോശാലകളിലെ പശുക്കളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നതായി ആരോപിക്കുന്നു.
"ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പാണ് ഇസ്കോണ്‍. അവര്‍ ഗോശാലകള്‍ സ്ഥാപിക്കുകയും സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. അവര്‍ക്ക് സ്ഥലവും സൗകര്യങ്ങളും എല്ലാം ലഭിക്കുന്നു. ഇസ്കോണിന്റെ ആനന്ത്പുത് ഗോശാല ഞാന്‍ സന്ദര്‍ശിച്ചു. അവിടെ കറവപ്പശുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനര്‍ത്ഥം മറ്റുള്ളവയെയെല്ലാം വിറ്റുവെന്നാണ്. പശുക്കളെ കശാപ്പുകാര്‍ക്ക് ഇസ്കോണ്‍ വില്‍ക്കുകയാണ്," മനേക ഗാന്ധി പറയുന്നു.
"അവരുടെ ജീവിതം ആശ്രയിച്ചിരിക്കുന്നത് പശുവിന്റെ പാലിലാണെന്നാണ് അവകാശവാദം. എന്നാല്‍ അവരേപ്പോലെ പശുക്കളെ വില്‍പ്പന നടത്തിയ മറ്റാരുമുണ്ടാകില്ല. ഇവര്‍ക്കിതിന് സാധിക്കുമെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും," മനേക കൂട്ടിച്ചേര്‍ത്തു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ മനേകയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും തെളിവില്ലെന്നും ചൂണ്ടിക്കാണിച്ച് ഇസ്കോണ്‍ പ്രസ്താവന പുറത്തിറക്കി. പശുവിന്റേയും കാളയുടേയും സംരക്ഷണത്തില്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ തങ്ങള്‍ മുന്‍പന്തിയിലാണെന്ന് ഇസ്കോണ്‍ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ ദാസ് പ്രസ്താവയ്ക്കൊപ്പം സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
"ഗോമാംസം പ്രധാനഭക്ഷണമായിട്ടുള്ള ലോകത്തിന്റെ പല കോണുകളിലും ഇസ്കോണ്‍ ഗോസംരക്ഷണത്തിന് ആരംഭം കുറിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഇസ്കോണിന്റെ കീഴില്‍ അറുപതിലധികം ഗോശാലകളാണുള്ളത്. ഒരു പശുവിന്റെ ജീവിതാവസാനം വരെയുള്ള സംരക്ഷണമാണ് ഇവിടെ നല്‍കുന്നത്. ഇസ്കോണിന്റെ ഗോശാലകളിലുള്ള പശുക്കളില്‍ പലതും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയവയും പരുക്കേറ്റവയുമൊക്കെയാണ്, അറവുശാലകളില്‍ നിന്ന് രക്ഷിച്ച് കൊണ്ടുവന്നവയുമുണ്ട്," പ്രസ്താവനയില്‍ പറയുന്നു.
"മുൻ തലമുറകളിലെന്നപോലെ പശുക്കളെ ആരാധിക്കുന്ന സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിന് കർഷകർക്കും ഗ്രാമീണ കുടുംബങ്ങൾക്കുമായി പരിശീലന പരിപാടികൾ ഇസ്കോണ്‍ ആരംഭിച്ചിട്ടുണ്ട്. ഇസ്കോണിന്റെ കീഴിലുള്ള ഗോശാലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്‍പ്പടെ പ്രശംസ ലഭിച്ചിട്ടുണ്ട്," പ്രസ്താവനയില്‍ ഇസ്കോണ്‍ കൂട്ടിച്ചേര്‍ത്തു.