INDIA

മാലദ്വീപിന്റെ വിലക്കിന് ബദല്‍ ഇന്ത്യ; വിനോദസഞ്ചാരികള്‍ക്ക് കേരളവും ലക്ഷദ്വീപും ചൂണ്ടിക്കാണിച്ച് ഇസ്രയേല്‍

വെബ് ഡെസ്ക്

ഇസ്രയേല്‍ പൗരമന്മാരെ വിലക്കിക്കൊണ്ട് മാലദ്വീപ് ഉത്തരവിറക്കിയതിന് പിന്നാലെ ഇന്ത്യയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ വാഴ്ത്തി ഇസ്രയേല്‍ എംബസി. കേരളം, ലക്ഷദ്വീപ്, ഗോവ, ആൻഡമാന്‍ നിക്കോബാർ ദ്വീപുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇസ്രയേല്‍ എംബസിയുടെ എക്സിലെ പോസ്റ്റ്.

"മാലദ്വീപ് ഇസ്രയേല്‍ പൗരമന്മാരെ സ്വാഗതം ചെയ്യാത്ത സാഹചര്യത്തില്‍, ഇസ്രയേലി വിനോദസഞ്ചാരികള്‍ക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കുന്നതും മനോഹരവുമായ കുറച്ച് ഇന്ത്യന്‍ ബീച്ചുകള്‍ ഇതാ. ഇസ്രയേലി നയതന്ത്രജ്ഞർ സന്ദർശിച്ചതിന് അടിസ്ഥാനത്തിലാണ് ഈ ശുപാർശകള്‍," എംബസിയുടെ പോസ്റ്റില്‍ പറയുന്നു.

ഗാസയ്ക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിനെതിരെ മാലദ്വീപ് സർക്കാർ കടുത്ത നടപടിയിലേക്ക് കടന്നത്. ഇസ്രയേല്‍ പൗരന്മാർ ദ്വീപിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്നതിനായി നിയമത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് സർക്കാർ സ്വീകരിച്ചത്.

"ഇതിനോടകം തന്നെ രാജ്യത്തുള്ള ഇസ്രയേലി പൗരമന്മാർ ഒഴിഞ്ഞുപോകുന്നത് പരിഗണിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിടുകയാണെങ്കില്‍ സഹായം നല്‍കുന്നത് ബുദ്ധിമുട്ടാണ്," മലദ്വീപ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ടൂറിസവുമായി ബന്ധപ്പെട്ട് ഏറ ചർച്ച ചെയ്യപ്പെടുന്ന പ്രദേശമാണ് മാലദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇതിനുപിന്നാലെ ചില മാലദ്വീപ് നേതാക്കള്‍ ഇന്ത്യ വിരുദ്ധ ട്വീറ്റുകള്‍ പങ്കുവെച്ചെന്ന് ആരോപിച്ചായിരുന്നു വിമർശനങ്ങള്‍. മാലദ്വീപിലേക്ക് എത്തുന്ന ഇന്ത്യയ്ക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം കുറവുണ്ടായതായി മാലദ്വീപ് ടൂറിസം മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. 2023 മാർച്ചിൽ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിച്ചപ്പോൾ 2024 മാർച്ചിൽ ഇത് 27,224 ആയി കുറഞ്ഞു. നയതന്ത്ര വിള്ളലുകൾക്കൊപ്പം ലക്ഷദ്വീപ് ടൂറിസം വർധിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രവർത്തനങ്ങളും മാലദ്വീപ് ടൂറിസത്തിൽ ഇടിവുണ്ടാക്കി എന്നായിരുന്നു വിലയിരുത്തല്‍. 2021 മുതല്‍ 23 വരെ വർഷങ്ങളിൽ പ്രതിവർഷം രണ്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളുള്ള മാലദ്വീപിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വിപണി ഇന്ത്യയായിരുന്നു. 2023 മാർച്ച് വരെ, മാലദ്വീപിൻ്റെ വിനോദസഞ്ചാരത്തിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സായിരുന്നു ഇന്ത്യ. വിപണിയിൽ 10 ശതമാനം വിഹിതമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. അതേ സമയം മാലദ്വീപ് സന്ദർശിക്കുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാവുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും