ഇന്ത്യയുടെ ചാന്ദ്രദൗത്യ പേടകം ചന്ദ്രയാൻ -3 നാളെ വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കെ ക്ഷേത്ര ദർശനവും പൂജയും വഴിപാടുകളുമായി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തിലെത്തി. ഐഎസ്ആർഒ മേധാവി എസ് സോമനാഥന്റെ നേതൃത്വത്തിലാണ് സംഘം ക്ഷേത്രത്തിലെത്തിയത്. ഐഎസ്ആർഒ സയന്റിഫിക് സെക്രട്ടറി ശാന്തനു ഭത്വഡേക്കറാണ് ക്ഷേത്ര ദർശനം സംബന്ധിച്ച കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്.
നാളെ വിക്ഷേപിക്കുന്ന ചന്ദ്രയാൻ ദൗത്യ പേടകത്തിന്റെ ലോഹത്തിൽ നിർമിച്ച മിനിയേച്ചർ മാതൃക ക്ഷേത്രത്തിൽ കാണിക്കയായി സംഘം അർപ്പിച്ചു. ഏത് ലോഹത്തിലാണ് മിനിയേച്ചർ നിർമിച്ചതെന്നും അതിന്റെ ഭാരം എത്രയാണെന്നത് സംബന്ധിച്ചുമുള്ള വിവരങ്ങൾ ക്ഷേത്ര ഭാരവാഹികളോ ശാസ്ത്രജ്ഞരോ പുറത്തുവിട്ടിട്ടില്ല. സാധാരണയായി പഞ്ച ലോഹത്തിലും സ്വർണ്ണത്തിലും വെള്ളിയിലും നിർമിച്ച മിനിയേച്ചറുകളാണ് (ചെറിയ മാതൃക) തിരുപ്പതി ക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി നൽകാറുള്ളത്. ഇവയിൽ ഏതെങ്കിലും ഒന്നിലാകാം ചന്ദ്രയാൻ -3 ന്റെ മാതൃക നിർമിച്ചതെന്നാണ് അനുമാനം.
''ചന്ദ്രയാൻ വിക്ഷേപണം വിജയകരമായി നടക്കാൻ ഞാൻ പ്രാർത്ഥിച്ചു . ഓഗസ്റ്റ് 23ന് പേടകം ചന്ദ്രനെ തൊടുമെന്നാണ് പ്രതീക്ഷ,'' ക്ഷേത്ര ദർശനത്തിന് ശേഷം പുറത്തിറങ്ങിയ ഇസ്രോ മേധാവി എസ് സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെയും നിർണായക ദൗത്യങ്ങളുടെ വിക്ഷേപങ്ങൾക്ക് മുന്നോടിയായി ഐഎസ്ആർഒ മേധാവികളും ശാസ്ത്രജ്ഞരും തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിട്ടുണ്ട് .
ചന്ദ്രയാൻ -1, ചന്ദ്രയാൻ -2, മംഗൾയാൻ (ചൊവ്വ ദൗത്യം) ദൗത്യങ്ങൾക്ക് മുൻപ് ശാസ്ത്രജ്ഞർ സമാന രീതിയിൽ ക്ഷേത്രത്തിൽ ദൗത്യ പേടകത്തിന്റെ മിനിയേച്ചർ കാണിക്ക അർപ്പിച്ച് പ്രാർത്ഥന നടത്തിയിരുന്നു. 615 കോടി രൂപ ചെലവിട്ടാണ് ചന്ദ്രയാൻ -3 ദൗത്യം.