INDIA

ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ; ഇനി ചന്ദ്രോപരിതലം തൊടാനുള്ള കാത്തിരിപ്പിന്റെ നാളുകൾ

വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ

ദ ഫോർത്ത് - ബെംഗളൂരു

ഇന്ത്യയുടെ ചന്ദ്രയാൻ - 3 ദൗത്യ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചക്ക് 2 .35 ന് എൽവിഎം 3 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ച പേടകം മുൻ നിശ്ചയിച്ച പ്രകാരം 16 മിനുട്ട് കൊണ്ടാണ് വിക്ഷേപണം പൂർത്തിയായത്.

കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ് ഐ എസ്‌ ആർ ഒ മുൻ മേധാവിമാരായ കെ ശിവൻ, കിരൺ റെഡ്ഡി, സി രാധാകൃഷ്ണൻ തുടങ്ങിയർ വിക്ഷേപണം നേരിട്ടു കാണാൻ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു. നൂറുകണക്കിന് ശാസ്ത്രപ്രേമികളും എത്തി

നിലവിലെ താത്കാലിക പാർക്കിങ് ഓർബിറ്ററിൽ ( താത്കാലിക പരിക്രമണ പാത ) തുടരുന്ന പേടകത്തെ ഇനി മുന്നോട്ടു നയിക്കുക പേടകത്തിന്റെ പ്രധാന ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യുൾ ആണ്. ഘട്ടം ഘട്ടമായി സഞ്ചാര പാത ഉയർത്തി ദിവസങ്ങൾ എടുത്ത് പേടകത്തെ ഭൂമിയുടെ ഭ്രമണപഥം കടത്തലാണ് ഇനിയുള്ള കടമ്പ. അഞ്ചു തവണകളായി ഇതിനായി സഞ്ചാര പാത മാറ്റും. അപ്പോഴേക്കും പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങും.

വിക്ഷേപണത്തിന് ശേഷം ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കുന്ന ഘട്ടവും അതി നിർണായകമാണ്. എട്ടു തവണകളായി ഭ്രമണപഥം താഴ്ത്തി വേണം പേടകം ചന്ദ്രനിൽ ഇറക്കാനുള്ള അവസാന ലാപ്പിലെത്താൻ. അപ്പോഴേക്കും പേടകം ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തും. ഇതോടെ ലാൻഡറിനെ ചുമക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുക എന്ന പ്രൊപ്പൽഷൻ മൊഡ്യുളിന്റെ പ്രാഥമിക ഉത്തരവാദിത്വം തീരും.

ഏവരും കാത്തിരിക്കുന്ന അതി നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങാണ് തുടർന്ന് നടക്കേണ്ടത്. പ്രവേഗം നിയന്ത്രിച്ചു പതുക്കെ ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്. പ്രൊപ്പൽഷൻ മൊഡ്യുളിൽ നിന്ന് വേർപെട്ടാലും ലാൻഡർ പൂർത്തിയാകും വരെ അതിന്റെ നിയന്ത്രണത്തിലായിരിക്കും. ഓഗസ്റ്റ് 23 ,24 തീയതികളിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്നാണ് ഇപ്പോഴത്തെ അവസ്ഥയിൽ ശാസ്ത്രജ്ഞന്മാർ കണക്കു കൂട്ടുന്നത്. ലാൻഡർ വിജയകരമായി ചന്ദ്രോപരിതലത്തിൽ ' പതുക്കെ ഇറങ്ങിയാൽ ' 20 മിനിറ്റു കൊണ്ട് പേടകത്തിൽ നിന്ന് റോവർ റാമ്പ് വഴി ചന്ദ്രനിലിറങ്ങും.

ചന്ദ്രയാൻ3മായി കുതിച്ചുയരുന്ന എൽവിഎം3 റോക്കറ്റ്

റോവറിൽ ഘടിപ്പിച്ച ഉപകരണങ്ങളാണ് ചന്ദ്രന്റെ ഏറ്റവും പുതിയ രഹസ്യങ്ങൾ മനുഷ്യന് മുന്നിൽ അനാവരണം ചെയ്യുക. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ആദ്യം ലാൻഡറിലേക്കും അവിടെ നിന്ന് മുകളിൽ പരിക്രമണം ചെയ്യുന്ന പ്രൊപ്പൽഷൻ മൊഡ്യുളിലേക്കും എത്തും . പ്രൊപ്പൽഷൻ മൊഡ്യുലും ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇപ്പോഴും പ്രവർത്തിക്കുന്ന ഓർബിറ്ററും ചേർന്ന് വിവരങ്ങൾ ഭൂമിയിലെത്തിക്കും. ബെംഗളൂരുവിലുള്ള ഐഎസ്ആർഒയുടെ ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലാണ്‌ എല്ലാ വിവരങ്ങളും ക്രോഡീകരിക്കപ്പെടുക.

ചന്ദ്രയാൻ ദൗത്യത്തിന്റെ കാലാവധി ഭൂമിയിലെ 14 ദിവസമാണ്. ഭൂമിയിലെ14 ദിവസം കൂടുമ്പോൾ ചന്ദ്രനിൽ രാത്രിയും പകലും മാറി മാറി വരും. ഈ പ്രദേശത്തു സൂര്യ പ്രകാശം പതിക്കുന്ന ഒരു ചാന്ദ്ര ദിനമാണ് ( 14 ഭൗമ ദിനം ) ഐഎസ്ആർഒ പര്യവേഷണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 14 ഭൗമ ദിനങ്ങൾ കൊണ്ട് പരമാവധി വിവരങ്ങൾ റോവർ ഭൂമിക്ക് കൈമാറുമെന്നാണ് പ്രതീക്ഷ.

ചന്ദ്രന്റെ രാസഘടന, ജലത്തിന്റെ സാന്നിധ്യം തുടങ്ങിയവയെ കുറിച്ചുള്ള അറിവിന്റെ കൂമ്പാരം റോവർ ലോകത്തിന് നൽകും . താരതമ്യേന ദുർഘടമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങി ആദ്യമായാണ് ഒരു രാജ്യം വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യ നടത്തുന്ന ഈ സാഹസിക ദൗത്യത്തെ ഏറെ കൗതുകത്തോടെയും പ്രതീക്ഷയോടും കൂടി ഉറ്റു നോക്കുകയാണ് ലോക രാജ്യങ്ങൾ.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ