INDIA

ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കമെന്ന് സുപ്രീം കോടതി

വെബ് ഡെസ്ക്

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതികളായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. 1994ലെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടപടി.

മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യമാണ് റദ്ദാക്കിയത്. നാല് ആഴ്ചയ്ക്കകം ഹര്‍ജി വീണ്ടും പരിഗണിച്ച് പുതിയ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. അഞ്ച് ആഴ്ച വരെ നാല് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കിയ സുപ്രീംകോടതി, ഈ വിഷയത്തിലെ എല്ലാ വശങ്ങളും വീണ്ടും പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇരു കക്ഷികളുടെയും വാദങ്ങള്‍ ഉള്‍പ്പെടെ സുപ്രീംകോടതി പരിഗണിച്ചില്ല.

മുന്‍ കേരള ഡിജിപി സിബി മാത്യൂസ്, മുന്‍ ഗുജറാത്ത് എഡിജിപി ആര്‍ ബി ശ്രീകുമാര്‍, ഐബി ഉദ്യോഗസ്ഥനായിരുന്ന പി എസ് ജയപ്രകാശ്, മുന്‍ കേരള പോലീസ് ഉദ്യോഗസ്ഥരായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗ എന്നിവരാണ് കേസിലെ പ്രതികള്‍.

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്ക് 2021ലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളും മുന്‍ പോലീസ് ഓഫീസര്‍മാരുമായ എസ് വിജയന്‍, തമ്പി എസ് ദുർഗാദത്ത്, ഏഴാം പ്രതിയും ഗുജറാത്ത് മുന്‍ ഡിജിപിയുമായ ആര്‍ ബി ശ്രീകുമാര്‍, 11-ാം പ്രതി റിട്ട. ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പി എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് ജസ്റ്റിസ് അശോക് മേനോൻ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പിന്നീട് സിബി മാത്യൂസിന്റെ ഹര്‍ജിയിലും ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചു.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്കെതിരെ ചാരവൃത്തിയാരോപിച്ച് കള്ളക്കേസെടുത്ത സംഭവത്തിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടെന്നും ഇപ്പോൾ പ്രതികളായ ഉദ്യോഗസ്ഥരെ അവർ സ്വാധീനിച്ചിട്ടുണ്ടെന്നുമുള്ള സിബിഐ വാദത്തിന് തെളിവിന്റെ പിൻബലമില്ലെന്ന് വിലയിരുത്തിയായിരുന്നു കോടതി ഉത്തരവ്.

ഔദ്യോഗിക കൃത്യ നിർവഹണം നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. വിദേശ സഹായത്തോടെ കേസ് ചമച്ച് ക്രയോജനിക് സാങ്കേതികവിദ്യ വികസനവുമായി ബന്ധപ്പെട്ട ഗവേഷണത്തെ തകിടം മറിച്ചെന്നായിരുന്നു സിബിഐ വാദം.

എന്നാല്‍ ഐഎസ്ആർഒ ചാരക്കേസിലെ പ്രതികളുടേതിന് സമാനമായ സാഹചര്യം ഗൂഢാലോചന കേസിലെ പ്രതികളും നേരിടണമെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്താന്‍ ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയക്കണമെന്നാ മുഖ്യവ്യവസ്ഥയോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും