എസ്എസ്എല്‍വി മോഡല്‍ ISRO
INDIA

ആദ്യ പറക്കലിനൊരുങ്ങി എസ്എസ്എല്‍വി

SSLV ഡി വണ്ണിന്റെ വിക്ഷേപണ തീയതി പുറത്ത് വിട്ട് ഐസ്ആര്‍ഒ; ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലൂടെ നേട്ടമുണ്ടാക്കുക ലക്ഷ്യം

വെബ് ഡെസ്ക്

ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയായ SSLV ഡി വണ്ണിന്റെ ആദ്യ പറക്കല്‍ ഓഗസ്റ്റ് ഏഴിന്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളില്‍ വിക്ഷേപിക്കുന്ന വാഹനമാണ് എസ്എസ്എല്‍വി അഥവാ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ . ഞായറാഴ്ച രാവിലെ 9:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ജനങ്ങള്‍ക്ക് നേരിട്ട് വിക്ഷേപണം കാണാനുള്ള അവസരവുമുണ്ട്.

2019ല്‍ നടക്കാനിരുന്ന വിക്ഷേപണം കോവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു.പിന്നീട് 2022 ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്ന് ഐസ്ആര്‍ഒ അറിയിച്ചിരുന്നെങ്കിലും‍ ചില സാങ്കേതിക കാരണങ്ങളാല്‍ വീണ്ടും വൈകുകയായിരുന്നു. ഐഎസ്ആർഒ ചെയർമാന്‍ ഡോ.എസ് സോമനാഥിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് എസ്എസ്എല്‍വി വികസിപ്പിച്ചത്.2018ല്‍ ആരംഭിച്ച നിര്‍മാണം 2019 ഓടെയാണ് പൂര്‍ത്തിയായത്.

ഡോ.എസ് സോമനാഥ്

ഇതുവരെ ചെറിയ ഉപഗ്രഹങ്ങളെ വലിയ ഉപഗ്രഹങ്ങള്‍ക്കൊപ്പം വിക്ഷേപിക്കുകയായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വികസ്വര രാജ്യങ്ങളും സ്വകാര്യ കമ്പനികളും സര്‍വ്വകലാശാലകളുമൊക്കെ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന സാഹചര്യത്തില്‍ എസ്എസ്എല്‍വിക്ക് പ്രസക്തിയേറെയാണ്.അന്‍പതോളം വിക്ഷേപണങ്ങള്‍ വിജയകരമായി നടത്തിയ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളായിരുന്നു (പിഎസ്എല്‍വി) ഇതുവരെ ഉപയോഗിച്ച് വന്നത്.അഞ്ഞൂറ് കിലോ വരെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്എസ്എല്‍വിക്ക് സാധിക്കും.എന്നാല്‍ പിഎസ്എല്‍വിയുടെ ശേഷി ആയിരം കിലോയാണ്.

പിഎസ്എല്‍വി

നിലവില്‍ ഐസ്ആര്‍ഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമാണ് 110 ടണ്‍ ഭാരം വരുന്ന എസ്എസ്എല്‍വി.സാധാരണ വിക്ഷേപണ വാഹനങ്ങള്‍ സംയോജിപ്പിക്കാന്‍ 70 ദിവസങ്ങളെടുക്കുമ്പോള്‍ എസ്എസ്എല്‍വിക്ക് 72 മണിക്കൂറുകള്‍ മാത്രമാണ് വേണ്ടിവരുന്നത്.അറുപത് പേർക്ക് പകരം ആറ് പേരുടെ അധ്വാനം മാത്രമാണ് മുഴുവന്‍ ജോലിക്കുമായി വേണ്ടിവരുക.ആകെ ചിലവ് 30 കോടി മാത്രവും .ഇക്കാരണങ്ങളാല്‍ SSLVക്ക് ആവശ്യക്കാരേറെയുണ്ടെന്ന് ഐസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ പറയുന്നു.രാജ്യത്തിനകത്തെ ആവശ്യക്കാര്‍ക്ക് മാത്രം 15 മുതല്‍ 20 വരെ എസ്എസ്എല്‍വികള്‍ പ്രതിവര്‍ഷം വേണ്ടി വരുമെന്നാണ് പ്രതീക്ഷയെന്നും കെ ശിവന്‍ കൂട്ടിചേര്‍ത്തു.

2019ല്‍ തന്നെ യുഎസിലെ ഒരു സ്വകാര്യ കമ്പനിയായ സ്‌പേസ് ഫ്‌ളൈറ്റ് എസ്എസ്എല്‍വിയുടെ രണ്ടാം വിക്ഷേപണം ബുക്ക് ചെയ്തിരുന്നു.ഒരേസമയം ഒന്നില്‍ക്കൂടുതല്‍ ഉപഗ്രഹങ്ങള്‍ വെവ്വേറെ ഭ്രമണപഥങ്ങളില്‍ വിക്ഷേപിക്കാന്‍ എസ്എസ്എല്‍വിക്ക് കഴിയുമെന്ന് സ്‌പേസ് ഫ്‌ളൈറ്റ് സിഇഒ കേര്‍ട്ട് ബ്ലേക്ക് പറഞ്ഞു.

എസ്എസ്എല്‍വിയുടെ വിജയകരമായ വിക്ഷേപണത്തിലൂടെ രാജ്യത്തെ ബഹിരാകാശ മേഖലയും സ്വകാര്യ വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ബഹിരാകാശ മന്ത്രാലയത്തിന്റെ ലക്ഷ്യം.പുതുതായി രൂപീകരിച്ച ശാഖയായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഐസ്ആര്‍ഒയുടെ ഗവേഷണങ്ങളേയും കണ്ടുപിടിത്തങ്ങളേയും വ്യാവസായികാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക എന്നതാണ്.നിലവില്‍ ഐസ്ആര്‍ഒയുടെ പദ്ധതികള്‍ക്ക് അഞ്ഞൂറിലധികം വ്യവസായശാലകള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്