ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കുള്ള ഷെങ്കന്‍ വിസ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് എംബസി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള ഷെങ്കന്‍ വിസ നിര്‍ത്തലാക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയുടെ പ്രതികരണം. നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും വിസ നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചിട്ടില്ലെന്നും സേവനം തുടര്‍ന്നു കൊണ്ടുപോകാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണെന്നും എംബസി വ്യക്തമാക്കി.
യൂറോപ്പിലെ ഷെങ്കന്‍ അംഗത്വമുള്ള 26 രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങള്‍ക്കോ വേണ്ടി സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കുന്നതാണ് ഷെങ്കന്‍ വിസ. '' ഇന്ത്യയിലെ വിനോദ സഞ്ചാര ഗ്രൂപ്പുകള്‍ക്കുള്ള ഷെങ്കന്‍ വിസ നടപടികള്‍ തല്കാലം നിര്‍ത്തി വച്ചിട്ടില്ല. 2023 അവസാനം വരെ ദിവസേന ഏകദേശം 800 അപ്പോയിമെന്റുകളാണ് ഉണ്ട്. അതില്‍ 22 ഗ്രൂപ്പുകളാണുള്ളത്'' എംബസി വക്താവ് അറിയിച്ചു. 2019 ല്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിസ അപേക്ഷകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
യാത്രാ തീയ്യതിക്ക് ആറ് മാസം മുന്‍പ് മുതല്‍ ഇപ്പോള്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം
അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതും ജീവനക്കാരുടെ കുറവും മൂല ഇന്ത്യന്‍ യാത്രികര്‍ക്കുള്ള ഷെങ്കന്‍ വിസനടപടി ക്രമങ്ങള്‍ ഒക്ടോബര്‍ വരെ നിര്‍ത്തിവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും നിഗമനങ്ങള്‍ ഉണ്ടായിരുന്നു.
''2023 ജനുവരി മുതല്‍ ജൂണ്‍ വരെ 129,446 അപേക്ഷകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് കോവിഡ് മഹാമാരിക്ക് മുന്‍പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്'' എംബസി വ്യക്തമാക്കി. ഇന്ത്യന്‍ അപേക്ഷകര്‍ക്കുള്ള നടപടിക്രമങ്ങള്‍ കാരക്ഷമമാക്കുന്നതിനായി, വിസ അപേക്ഷാ പ്രക്രിയയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. യാത്രാ തീയ്യതിക്ക് ആറ് മാസം മുന്‍പ് മുതല്‍ ഇപ്പോള്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം, ആദ്യം ഒരു മാസം മുന്‍പായിരുന്നു അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ലഖ്‌നൗവില്‍ ആരംഭിച്ച പുതിയ എംബസി ഉള്‍പ്പെടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ 13 അപേക്ഷാ കേന്ദ്രങ്ങളില്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 13 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എംബസി ഉറപ്പ് നല്‍കി.