മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെ മുസ്ലിം ലീഗ് പിരിച്ചെടുത്തത് 27 കോടിയോളം രൂപ. ഡൽഹിയിൽ നിർമിക്കുന്ന ഓഫിസിനുവേണ്ടി 25 കോടി രൂപ സമാഹരിക്കാനാനാണ് നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 26.77 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചു.
പ്രത്യേകം സജ്ജീകരിച്ച ആപ്ലിക്കേഷനിലൂടെയായിരുന്നു പണപ്പിരിവ്. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരുതുക പിരിച്ചെടുക്കാനായതെന്നാണ് നേതൃത്വം പറയുന്നത്. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാമ്പയിൻ 31ന് അർധരാത്രിയാണ് സമാപിച്ചത്. നേരത്തെ പാർട്ടി ഫണ്ട് (ഹദിയ) ഇതേ തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പിരിച്ചിരുന്നു. അന്ന് 12 കോടി രൂപയാണ് സമാഹരിക്കാനായത്.
ആപ്ലിക്കേഷനിൽ കയറി ആർക്കും ഓഫിസ് നിർമാണപ്പിരിവിന്റെ ഭാഗമാകാം എന്നതായിരുന്നു സവിശേഷത. ആപ്ലിക്കേഷനിൽ ആരെല്ലാം തുക അടച്ചെന്നതുൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കാം. ഏഴ് കോടിയിലധികം രൂപയുമായി മലപ്പുറം ജില്ലയാണ് ധനസമാഹരണത്തിൽ ഏറ്റവും തുക നൽകിയത്. കണ്ണൂരും കോഴിക്കോടുമെല്ലാം നേതൃത്വം നിശ്ചയിച്ച് നൽകിയ തുകയ്ക്ക് മുകളിൽ സംഭാവനയയായി നൽകി.
നിശ്ചിത സമയത്തിനുള്ളിൽ നിശ്ചയിക്കപ്പെട്ട സംഖ്യ പൂർത്തീകരിക്കാത്ത കമ്മിറ്റികൾക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് സംസ്ഥാന കമ്മിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു മെമ്പർഷിപ്പിന് 100 രൂപയെന്ന തരത്തിൽ സംഭാവന നൽകാനാണ് കമ്മറ്റികൾക്ക് നിർദേശം നൽകിയിരുന്നത്.
ലീഗിന്റെ പ്രഥമ അധ്യക്ഷൻ മുഹമ്മദ് ഇസ്മയിൽ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ പേരിലാണ് ഡൽഹിയിൽ ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്. മൂന്ന് നിലകളിലായൊരുങ്ങുന്ന കെട്ടിടത്തിൽ സ്റ്റുഡന്റ് സെന്റർ, റിസർച്ച് സെന്റർ, ലൈബ്രറി, മീറ്റിങ് ഹാൾ, പോഷകസംഘടനകളുടെ പ്രവർത്തനത്തിനുവേണ്ടിയുള്ള സൗകര്യങ്ങൾ എന്നിവയെല്ലാമുണ്ടാകും. ഇതിനുപുറമെ ന്യൂനപക്ഷവിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണത്തിനും പഠനത്തിനുമുൾപ്പെടെ എത്തുന്ന വിദ്യാർത്ഥികൾക്ക് താമസസൗകര്യമുൾപ്പെടെ കെട്ടിടത്തിലുണ്ടാകും.