ബിജെപി ടിക്കറ്റ് നിഷേധിച്ച മണ്ഡലമായ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് ജഗദീഷ് ഷെട്ടാർ. സ്വതന്ത്രനായി മത്സരിക്കണമോ ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകണോ എന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിട്ട അദ്ദേഹം നിയമസഭാ സ്പീക്കറെ കണ്ട് എംഎൽഎ സ്ഥാനം ഒഴിയുന്നതായി ചൂണ്ടിക്കാട്ടി രാജിക്കത്ത് കൈമാറിയിരുന്നു.
നേരത്തെ മുതിർന്ന നേതാവ് സിദ്ധരാമയ്യ അദ്ദേഹത്തെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു
ഷെട്ടാറിന്റെ അപ്രതീക്ഷിത ഇറങ്ങിപ്പോക്ക് ദൗർഭാഗ്യകരമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. ഷെട്ടാർ വിഷയം ചെറിയ തോതിൽ എന്തായാലും പാർട്ടിയെ ബാധിക്കും. എന്നിരുന്നാലും അത് മറികടക്കാനുള്ള കെല്പും കരുത്തും ബിജെപിക്കുണ്ടെന്നും മുഖ്യമന്ത്രി ബംഗളുരുവിൽ പറഞ്ഞു . ജഗദീഷ് ഷെട്ടാർ ബിജെപിയോട് ചെയ്തത് ദ്രോഹമാണെന്നായിരുന്നു ബി എസ് യെദ്യൂരപ്പയുടെ പ്രതികരണം. പാർട്ടി എല്ലാത്തരത്തിലും പരിഗണന നൽകിയ നേതാവായിരുന്നു അദ്ദേഹം. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിന് പകരമായി രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രി പദവിയും വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ലക്ഷ്മൺ സാവദിയും സമാന രീതിയിൽ പാർട്ടി പരിഗണന കിട്ടിയ നേതാവാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും അദ്ദേഹത്തെ പാർട്ടി ഉപരിസഭാംഗമാക്കിയിരുന്നു. കൂടാതെ ഉപമുഖ്യമന്ത്രിയാക്കിയ കാര്യവും യെദ്യൂരപ്പ ഓർമിപ്പിച്ചു.
വർഷങ്ങളായി ജഗദീഷ് ഷെട്ടാറിന്റെ വ്യക്തി പ്രഭാവത്തിൽ ബിജെപി ജയിച്ചു കയറുന്ന മണ്ഡലമാണ് ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ. ഇതാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇറങ്ങാൻ ഷെട്ടാറിനു ധൈര്യം പകരുന്ന ഘടകം. 2018ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചപ്പോൾ 75,794 വോട്ടുകൾ നേടി, ഇരുപത്തി ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷെട്ടാറിന്റെ ജയം. കോൺഗ്രസ് സ്ഥാനാർഥിക്ക് അന്ന് മണ്ഡലത്തിൽ ലഭിച്ചത് 54,488 വോട്ടുകളാണ്. നിലവിൽ ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഒഴിച്ചിട്ടിരിക്കുന്ന 15 സീറ്റുകളിലൊന്ന് ഈ മണ്ഡലമാണ്. കോൺഗ്രസ് നേതാക്കൾ ഷെട്ടാറുമായി ആശയ വിനിമയം നടത്തുന്നതായാണ് വിവരം. നേരത്തെ മുതിർന്ന നേതാവ് സിദ്ധരാമയ്യ അദ്ദേഹത്തെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു.