INDIA

ഇവിഎമ്മിനെതിരെ ജഗൻ രംഗത്ത്; മുൻനിലപാട് മറന്ന് പരിഹാസവുമായി ടിഡിപി

വെബ് ഡെസ്ക്

എലോൺ മസ്ക് ആരംഭിച്ച ഇവിഎം ചർച്ചയുടെ ഭാഗമായി ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയും. ഇവിഎമ്മുകൾ ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് മാറണമെന്ന പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം തന്നെയാണ് ഇപ്പോൾ വൈഎസ്ആർസിപി നേതാവ് ജഗൻ മോഹൻ റെഡ്ഢിയും പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഞെട്ടലിൽ നിന്ന് ജഗൻ പുറത്തുവരാത്തതാണ് ഈ അഭിപ്രായപ്രകടനത്തിനു കാരണമെന്ന് പരിഹസിച്ച് ടിഡിപി നേതാക്കളും രംഗത്തെത്തി.

ജനാധിപത്യം ശക്തമായി നിലനിൽക്കുന്ന രാജ്യങ്ങളിലെല്ലാം ഇപ്പോഴും ബാലറ്റ് പേപ്പറാണ് നിലനിൽക്കുന്നതെന്നും ജഗൻ എക്സ് പോസ്റ്റിൽ പറയുന്നു. ഒന്നുകിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ പൂർണമായും ഒഴിവാക്കുക, അല്ലെങ്കിൽ വിവിപാറ്റുകൾ പൂർണമായും എണ്ണുക എന്ന ആവശ്യമാണ് ജഗൻ മുന്നോട്ടു വയ്ക്കുന്നത്.

പരിഹാസവുമായെത്തിയ ടിഡിപി 2019 നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇവിഎമ്മുകളെ എതിർത്ത് രംഗത്തെത്തിയിരുന്നു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന സമയത്ത് കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. ആ സമയത്ത് തന്നെയാണ് ഇവിഎമ്മുകളെ എതിർത്ത് രംഗത്ത് വന്നത്. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ വിദഗ്ധർ തെളിയിച്ചിട്ടുണ്ടെന്നും അന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

ജനാധിപത്യത്തിൽ സംശയത്തിന് ഇടം നൽകരുതെന്നും സംശയമുണ്ടാകുന്ന സാഹചര്യം അപകടമാണെന്നും പറഞ്ഞ ചന്ദ്രബാബു നായിഡു, വിവിപാറ്റ് തങ്ങളുടെ പാർട്ടി നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണെന്നും പറഞ്ഞു. 2019-ൽ ടിഡിപി ആന്ധ്രയിൽ കനത്ത തിരിച്ചടി നേരിട്ടപ്പോൾ 40 ശതമാനം ഇവിഎമ്മുകളും പ്രവർത്തിക്കാതിരിക്കുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. ഒരു പടികൂടി കടന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ അസംബന്ധമാക്കുകയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ടിഡിപി ജനറൽ സെക്രട്ടറിയും നായിഡു മന്ത്രിസഭയിലെ അംഗവുമായ നാര ലോകേഷ് എക്സിലിട്ട പോസ്റ്റിൽ ജഗൻ 'ജനാധിപത്യത്തോട് അലർജിയുള്ള' വ്യക്തിയാണെന്ന് പരിഹസിക്കുന്നുണ്ട്. "നിങ്ങൾ ജയിക്കുമ്പോൾ ഇവിഎമ്മുകൾ ഭംഗിയായി പ്രവർത്തിക്കുന്നു. 2024ൽ തോറ്റപ്പോൾ ഇവിഎമ്മുകളെ കുറ്റം പറയുന്നു. എന്തൊരു വിരോധാഭാസമാണിത്? നിങ്ങളുടെ ഭരണം പരാജയമായിരുന്നു എന്നും ജനങ്ങൾ നിങ്ങളെ നിരാകരിച്ചു എന്നും അംഗീകരിക്കണം" നാര ലോകേഷ് എക്‌സിൽ എഴുതി.

മറ്റൊരു ടിഡിപി എംഎൽഎ സോമിറെഡ്ഢി ചന്ദ്രമോഹൻ റെഡ്ഢി ജഗനെ 'ആന്ധ്രാപ്രദേശിന്റെ എലോൺ മസ്ക്' എന്നാണ് പരിഹാസത്തോടെ വിശേഷിപ്പിച്ചത്. ടിഡിപിയുടെ 2019ലെ നിലപാഡിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ അത് ചില സംശയങ്ങളുടെ പേരിലെടുത്ത നിലപാടാണെന്നും സംശയങ്ങൾ മാറിയപ്പോൾ നിലപാട് മാറ്റിയെന്നും ടിഡിപി നേതാക്കൾ മറുപടി പറയുന്നു.

പ്യുട്ടോറിക്കോ പ്രൈമറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സ് മേധാവി എലോൺ മസ്ക് നടത്തിയ അഭിപ്രായപ്രകടനമാണ് ഇന്ത്യയിൽ വീണ്ടും ഇവിഎമ്മുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകാൻ കാരണം. ഇവിഎമ്മുകൾ മനുഷ്യർക്ക് നേരിട്ടോ എഐ ഉപയോഗിച്ചോ ഹാക്ക് ചെയ്യാനാകും, അതുകൊണ്ട് ഇവിഎമ്മുകൾ ഒഴിവാക്കണമെന്നായിരുന്നു എലോൺ മാസ്കിന്റെ അഭിപ്രായം. അതിനെതിരെ മുൻ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് നിർമിക്കുന്നത്, വേണമെങ്കിൽ അതിനുള്ള പരിശീലനം നൽകാമെന്നും രാജീവ് ചന്ദ്രശേഖരൻ എക്‌സിൽ എഴുതിയിരുന്നു. ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടു; യെമന്‍ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി യുഎസ്

'ഏഷ്യയും ആഫ്രിക്കയും കൊടുംക്രിമിനലുകളുടെ വിളനിലങ്ങള്‍'; വിവാദ പ്രസ്താവനയുമായി ഡോണള്‍ഡ് ട്രംപ്

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട; ദന്തേവാഡയില്‍ 30 പേരെ വെടിവച്ചുകൊന്നു

ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക്‌; ജാട്ട്‌ വോട്ടുകളില്‍ 'ഭരണം' ഉറപ്പിക്കാൻ കോണ്‍ഗ്രസ്, ചുവടുമാറ്റങ്ങളിലും ഭരണവിരുദ്ധവികാരത്തിലും വീഴുമോ ബിജെപി?

'വിധിയില്‍ തെറ്റില്ല': പട്ടികജാതി സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്ന വിധിക്കെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി